റഫീഖ് മൊയ്തീന്‍ / പൊളിറ്റിക്കല്‍ ഡസ്‌ക്
ജനാധിപത്യ മുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ദശകമാണിതെന്ന് ടുനീഷ്യയും ഈജിപ്തും ലിബിയയും യെമനും കിര്‍ഗിസ്ഥാനും സിറിയയുമെല്ലാം മുന്‍നിര്‍ത്തി നമ്മള്‍ വിലയിരുത്തിയതാണ്. എന്നാല്‍ ലോകപോലീസായ അമേരിക്കന്‍ ഭരണകൂടത്തെ കഴിഞ്ഞ അരനൂറ്റാണ്ടായി ജനകീയ പ്രക്ഷോഭമെന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ ആയുധം ശല്ല്യപ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാല്‍, സാമ്പത്തികരംഗത്തെ അസന്തുലിതാവസ്ഥയ്‌ക്കെതിരെ ഒരു സംഘം സാധാരണക്കാരായ യുവാക്കള്‍ മുന്നിട്ടിറങ്ങി ആരംഭിച്ച “വാള്‍സ്ട്രീറ്റ് കീഴടക്കുക” (Occupy Wall tSreet!) എന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അമേരിക്കന്‍ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന സ്ഥലമാണ് വാള്‍സ്ട്രീറ്റ്. ആഗോള സാമ്രജ്യത്വ മുതലാളിത്തത്തിന് ഒരു തലസ്ഥാനം സങ്കല്‍പിക്കാമെങ്കില്‍ അത് ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റാണ്. അവിടെയാണ് കുത്തകകള്‍ സാമ്പത്തികരംഗം കീഴ്‌പ്പെടുത്തി സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയ്‌ക്കെതിരെ യുവാക്കള്‍ സമരകാഹളവുമായി ഒത്തുചേര്‍ന്നത്. വാള്‍സ്ട്രീറ്റ് തെരുവില്‍ തമ്പടിച്ച ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സമരം വിജയിച്ചേ പിന്‍മാറ്റമുള്ളൂവെന്ന് പ്രഖ്യാപിച്ചു. ഈജിപ്തില്‍
എന്തു കൊണ്ട് വാള്‍സ്ട്രീറ്റ് കീഴടക്കണം? കാരണം, അത് നമ്മുടേതാണ്. നമുക്കതിന് സാധിക്കും!
ഈ വര്‍ഷം നടന്നതു പോലെ പ്രതിഷേധം പ്രക്ഷോഭമാക്കി അമേരിക്കയിലെല്ലാം പടര്‍ത്തുകയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഒരു മാസം മുമ്പ് ആരംഭിച്ച പ്രതിഷേധം ബഹുജന പ്രക്ഷോഭമായി പടര്‍ന്നത് വളരെ പെട്ടന്നാണ്. അമേരിക്കയിലെ എഴുപതിലേറെ പ്രമുഖ പട്ടണങ്ങളിലായി അറുന്നൂറിലേറെ സംഘങ്ങള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. ഫ്‌ളോറിഡ, വാഷിങ്ടണ്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കെല്ലാം പ്രക്ഷോഭം പടര്‍ന്നു. വാള്‍സ്ട്രീറ്റിലെ സമരത്തിന്റെ പ്രതിധ്വനി മറ്റു രാജ്യങ്ങളിലും ചലനമുണ്ടാക്കുന്നതും ലോകരാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരിക്കാന്‍ തുടങ്ങിയതുമാണ് പുതിയ വാര്‍ത്തകള്‍.
ലോകത്താകമാനം 1173 നഗരങ്ങളില്‍ വാള്‍സ്ട്രീറ്റ് സമരത്തിന് പിന്തുണയുമായി ജനങ്ങള്‍ തെരുവിലിറങ്ങിയതായി ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ വാള്‍സ്ട്രീറ്റ് മാതൃകയില്‍ ഐറിഷ് സെന്‍ട്രല്‍ ബാങ്ക് സ്ഥിതി ചെയ്യുന്ന ഡബ്ലിനിലെ ഡെയിംസ്ട്രീറ്റില്‍ സമരം ആരംഭിക്കുകയാണ്. തായ്‌വാന്റെ സാമ്പത്തിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തായ്‌പേയ്101 കെട്ടിടത്തിന്റെ മുന്നില്‍ ശനിയാഴ്ച മുതല്‍ പ്രക്ഷോഭം ആരംഭിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഇറാനും വെനിസ്വേലയുമെല്ലാം പ്രക്ഷോഭകാരികളെ അനുകൂലിച്ച് രംഗത്തു വന്നുകഴിഞ്ഞു. വാള്‍സ്ട്രീറ്റ് സമരത്തെ അമേരിക്കന്‍ വസന്തമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്ക തയ്യാറാവുന്നില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്കും അത് തലവേദനയാവുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. (അമേരിക്കയ്ക്ക് ഏറ്റവും കൂടുതല്‍ കടം നല്‍കിയ രാജ്യമാണ് ചൈന എന്നതാണ് അവരുടെ പേടിക്ക് കാരണം.) ലോകപ്രശസ്ത ഭാഷാ ശാസ്ത്രഞ്ജനായ നോംചോസ്‌കി, സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവായ പോള്‍ ക്രൂഗ്മാന്‍, വിഖ്യാത ചലച്ചിത്രകാരന്‍ മൈക്കിള്‍ മൂര്‍ തുടങ്ങിയവരുടെ പിന്തുണ സമരത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ വായ്പ പെരുകി പഠനം നിലച്ച വിദ്യാര്‍ഥികളും തൊഴിലില്ലാത്ത ചെറുപ്പക്കാരും തൊഴില്‍ നഷ്ടപ്പെട്ട ഫാക്ടറി തൊഴിലാളികളും സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു ശതമാനം അതിസമ്പന്നര്‍ക്കായി 99 ശതമാനം വരുന്ന സാധാരണ ജനതയുടെ നികുതിപ്പണം സര്‍ക്കാറും കുത്തകകളും കൊള്ള ചെയ്യുന്നുവെന്നാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയില്ലാണ്. സാമ്പത്തിക പരിഷ്‌കരണമെന്ന മുദ്രാവാക്യത്തിനൊപ്പം ആഗോള താപനം, എണ്ണവില, അഫ്ഗാന്‍ യുദ്ധം, വധശിക്ഷ ഒഴിവാക്കല്‍ തുടങ്ങിയ വിഷയങ്ങളും ഇപ്പോള്‍ പ്രക്ഷോഭകാരികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ പലരും സമരം നടത്തുന്ന തെരുവുകളില്‍ തന്നെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഇവര്‍ക്കായി ഭക്ഷണ പദാര്‍ത്ഥങ്ങളും പുതപ്പുകളും വിതരണം ചെയ്യപ്പെടുന്നു.
ബരാക് ഒബാമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അമേരിക്കയിലെ മധ്യവര്‍ഗ്ഗ സമൂഹത്തിന് വലിയ പ്രതീക്ഷകളായിരുന്നു. പക്ഷേ, ജോര്‍ജ്ജ്.ഡബ്ല്യു.ബുഷില്‍ നിന്ന് വ്യത്യസ്തനാകാന്‍ ഒബാമക്കായില്ല. സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ യു.എസ്.പ്രസിഡന്റ് ബരാക് ഒബാമ ഭരണകൂടത്തിന്റെ പരാജയമാണ് ഇപ്പോഴുണ്ടായ സമരത്തിന് കാരണം എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
1930കളിലും 1937ലുമുണ്ടായ പ്രതിസന്ധിയെ അതിജിവിച്ച ലോകം അതിനേക്കാള്‍ തീവ്രമായ പ്രതിസന്ധിയാണ് 2008ല്‍ അഭിമുഖീകരിച്ചത്. മാര്‍ക്കറ്റിലേക്ക് വന്‍തോതില്‍ പണമിറക്കിക്കൊണ്ട് മാന്ദ്യത്തില്‍ നിന്ന് കരകയറിയെന്ന് ഏതാണ്ട് രണ്ട് വര്‍ഷത്തോളം അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ ലോകത്തെ വിശ്വസിപ്പിക്കുകയായിരുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തെക്കാളും ശക്തമായ രീതിയില്‍ മാന്ദ്യം തിരിച്ചുവന്നു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞതിനേക്കാളും ഭീകരമാണ് യൂറോസോണിലെ പരമാധികാര രാഷ്ട്രങ്ങള്‍ നേരിടുന്ന കട പ്രതിസന്ധിയെന്ന സത്യം ലോകമറിഞ്ഞു. സ്‌പെയിനും പോര്‍ച്ചുഗലും ഇറ്റലിയും ഗ്രീസുമെല്ലാം ചക്രശ്വാസം വലിക്കുന്നത് നാം കണ്ടു.
2012ലെ തിരഞ്ഞെടുപ്പ് നേരിടാന്‍ ഉസാമ ബിന്‍ലാദനെ കൊന്ന് ഒരു വിധത്തില്‍ ജനപ്രിയനായി മാറാന്‍ കഴിഞ്ഞ ഒബാമക്ക് സാമ്പത്തിക മാന്ദ്യം വെല്ലുവിളിയായി. സാമ്പത്തിക നില ഭദ്രമാക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ കോണ്‍ഗ്രസ്സും ഒബാമ ഭരണകൂടവും സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ കട ഭാരത്തെയും അതിന്റെ തിരിച്ചടവിനെയും സ്ഥിരമാക്കി നിര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും “ഭീകരത”ക്കെതിരെയുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ ചിലവാക്കിയത് 3.2 ലക്ഷം കോടി ഡോളറാണ്. യുദ്ധച്ചെലവുകള്‍ അമേരിക്കന്‍ സാമ്പത്തികനിലയെ ബാധിക്കുന്നതില്‍ സ്വന്തം രാജ്യത്തി്ല്‍ നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചത്.
അമേരിക്കയില്‍ ഇപ്പോള്‍ 46.2 ദശലക്ഷം ദരിദ്രന്‍മാരാണുള്ളതെന്നാണ് പുതിയ സെന്‍സസ് റിപ്പോര്‍ട്ട്. അതായത് ആറിലൊരാള്‍ ദരിദ്രന്‍. സാമ്പത്തിക മാന്ദ്യഭീഷണി ശക്തമാകുന്തോറും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഏതാണ്ട് 140 ലക്ഷം ജനങ്ങള്‍ അമേരിക്കയില്‍ തൊഴിലില്ലാത്തവരാണ്. 2010 മുതല്‍ ഇതുവരെ 3,55,000 തൊഴിലവസരങ്ങളാണ് അമേരിക്കയില്‍ ഇല്ലാതായത്. തുടരുന്ന സാമ്പത്തിക അസ്ഥിരതയില്‍ ഓരോ മാസവും ശരാശരി എട്ട് ബാങ്കുകളാണ് അമേരിക്കയില്‍ അടച്ച് പൂട്ടുന്നത്. 2010ല്‍ 157 ബാങ്കുകളാണ് ഇക്കാരണത്താല്‍ അടച്ചുപൂട്ടിയത്. വിയറ്റ്‌നാം യുദ്ധത്തിന് ശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും ശക്തമായ സമരമായി പരിണമിച്ചിരിക്കുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ തുടക്കം സാമ്പത്തിക ആസ്ഥാനങ്ങള്‍ക്കും ബാങ്കുകള്‍ക്കും മുമ്പില്‍ നിന്നായിരുന്നു എന്ന വസ്തുത ഇത്തരുണത്തിലാണ് പ്രസക്തമാകുന്നത്.
പ്രക്ഷോഭത്തിന്റെ തുടക്കമെന്ന നിലക്ക് ജൂലൈ 13ന് പ്രക്ഷോഭകാരികള്‍ ആരംഭിച്ച occupywallst.org എന്ന വെബ്‌സൈറ്റിലെ ആദ്യ പോസ്റ്റില്‍ പ്രക്ഷോഭകാരികള്‍ തങ്ങളുടെ നിലപാടുകളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്നു.
വെബ്‌സൈറ്റിലെ “Who We Are” എന്ന ആദ്യ പോസ്റ്റിന്റെ വിവര്‍ത്തനമാണ് ചുവടെ:
2011 ജൂലൈ 13 ന് സാംസ്‌കാരിക ഗുണ്ടകള്‍ക്കെതിരെ അവരുടെ ആസ്ഥാനങ്ങളില്‍ ഒരു പോരാട്ടത്തിന് ഞങ്ങള്‍ പരസ്യമായി തീരുമാനിച്ചു: “വാള്‍സ്ട്രീറ്റ് കീഴടക്കുക!” (Occupy Wall tSreet!). ഈജിപ്തിലും സ്‌പെയിനിലും വച്ചാക്കയിലും ലോകത്താകമാനവും സന്ധിചെയ്യാത്ത പോരാട്ട വീര്യവുമായി ജനങ്ങള്‍ ഒരുമിച്ചു കൂടിയതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ സെപ്തംബര്‍ 17 ആകുമ്പോഴേക്കും 20,000 ആളുകളെ ഒരുമിച്ചുകൂട്ടുക എന്നതാണ് ലക്ഷ്യം.
സാങ്കേതികവിദ്യ മൂലം ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി ജനങ്ങളെ ബന്ധപ്പെടുത്തുന്നതും നിര്‍ദേശം നല്‍കുന്നതും മുന്‍പത്തേതിനേക്കാള്‍ വളരെ സുഗമമായിരിക്കുന്നു. അത്‌കൊണ്ടാണ് OccupyWallSt.org ഞങ്ങള്‍ സൃഷ്ഠിച്ചിരിക്കുന്നത്. വാള്‍സ്ട്രീറ്റ് കീഴടക്കുന്നത് വിജയത്തിലെത്തിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ വേണ്ടിയാണ് ഈ സംവിധാനങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നത്. നീന്താന്‍ നമുക്കൊരാളെ പഠിപ്പിക്കാനാവില്ലെങ്കിലും ഒരു നല്ല നീന്തല്‍ കുളം നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കും.
ഈ സംവിധാനങ്ങള്‍ സൗജന്യമായി ലഭ്യമാക്കിക്കൊണ്ടത് മാത്രമായില്ല; അത് ജനങ്ങളിലേക്ക് എത്തിക്കുകയും വേണം. നമ്മുടെ പ്രയത്‌നം സ്വതന്ത്രമായി പുറത്തു വിടാന്‍ നമുക്ക് സമയം ആവശ്യമുണ്ട്. എന്നാല്‍ നമ്മുടെ നേതൃത്വത്തെ ആശ്രയിക്കാതെ തന്നെ മറ്റുള്ളവര്‍ക്കും അത് ഉപയോഗിക്കാന്‍ സാധിക്കും.
ഏതു പരമാധികാര രാജ്യത്തിലെയും ജനങ്ങള്‍ക്ക് അധികാരവും അവകാശവും തന്റെ രാജ്യത്തെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ ഉത്തരവാദിത്തവും ഉണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരും ഇത് തിരിച്ചറിയുന്നില്ല. തിരിച്ചറിവ് നല്‍കാന്‍ വേണ്ടിയാണ് ഈ പ്രസ്ഥാനം.
എന്തു കൊണ്ട് വാള്‍സ്ട്രീറ്റ് കീഴടക്കണം? കാരണം, അത് നമ്മുടേതാണ്. നമുക്കതിന് സാധിക്കും!