'അച്ഛനോട് കുറ്റമേല്‍ക്കാന്‍ പറഞ്ഞ പൊലീസുകാരനാണ് സര്‍ക്കാരിന്റെ സ്ഥാനക്കയറ്റം'; വാളയാര്‍ മാതാപിതാക്കള്‍ വീണ്ടും തെരുവിലിറങ്ങുന്നത് എന്തിന് ?
അന്ന കീർത്തി ജോർജ്

2017ല്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് മാതാപിതാക്കള്‍ വീണ്ടും തെരുവിലിറങ്ങിയിരിക്കുകയാണ്. കേസിലെ എല്ല്ാ പ്രതികളെയും വെറുതെവിട്ടുള്ള വിധി വന്ന് ഒരു വര്‍ഷം തികയുന്ന ഒക്ടോബര്‍ 25നാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമരം മാതാപിതാക്കള്‍ വീടിന് മുന്നില്‍ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് മുഖ്യമന്ത്രി നല്‍കിയ നീതി നടപ്പിലാക്കുമെന്ന ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വിധി ദിനം മുതല്‍ ചതി ദിനം വരെ എന്ന പേരിലാണ് സമരം. സമരത്തിന് പിന്തുണയുമായി സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കേസ് അന്വേഷണം കോടതി മേല്‍നോട്ടത്തിലാക്കുക, സര്‍ക്കാര്‍ നീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ക്കൊപ്പം കേസില്‍ അട്ടിമറി നടത്തിയ, ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്.ഐ പി.സി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം. ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

പൊലീസ് നടത്തിയ ഈ അട്ടിമറി ശ്രമങ്ങളെക്കൂടാതെ, പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌ക്കരിച്ചത് പോലും തങ്ങളുടെ അറിവോ അനുവാദമോ ആവശ്യമോ പരിഗണിക്കാതെയായിരുന്നെന്നും കുടുംബം പറയുന്നു.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോടതിയുടെ മുന്നിലുള്ള പ്രശ്‌നത്തില്‍ എന്തിനാണ് സമരമെന്ന് എനിക്കും സര്‍ക്കാരിനും മനസ്സിലാകുന്നില്ല. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍ മാതാപിതാക്കള്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ  

Content Highlight: Walayar Rape Case, Parents restarts protest

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.