ഗോഡ്ഫാദറിനെതിരെ എന്തുകൊണ്ട് ട്രോള്‍?
Film News
ഗോഡ്ഫാദറിനെതിരെ എന്തുകൊണ്ട് ട്രോള്‍?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th September 2022, 10:44 pm

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദര്‍ ഇപ്പോള്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെയാണ് ഗോഡ്ഫാദര്‍ വീണ്ടും ചര്‍ച്ചയിലേക്ക് ഉയര്‍ന്നത്.

ചിരഞ്ജീവിയാണ് ഗോഡ് ഫാദറിലെ നായകന്‍. മലയാളത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായിരുന്നെങ്കില്‍ തെലുങ്കില്‍ എത്തിയപ്പോള്‍ നായകന്റെ പേര് ബ്രഹ്മ എന്നായി. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനിയായി തെലുങ്കില്‍ നയന്‍താര വരുന്നു. പൃഥ്വിരാജിന്റെ സയിദ് മസൂദായി ബോളിവുഡ് താരം സല്‍മാന്‍ ഖാനെത്തുന്നു. ജോണ്‍ വിജയ് അവതരിപ്പിച്ച മയില്‍വാഹനം ഐ.പി.എസായി സമുദ്രക്കനിയാണ് വരുന്നത്.

സായ് കുമാറിന്റെ മഹേഷ് വര്‍മയെ അവതരിപ്പിക്കുന്നത് മുരളി ശര്‍മയാണെന്നാണ് ട്രെയ്‌ലര്‍ കണ്ടിട്ട് തോന്നുന്നത്. വിവേക് ഒബ്രോയ്‌യുടെ ബോബിയായി സത്യദേവ് എത്തുന്നു. ടൊവിനോയുടെ കഥാപാത്രമാണ് ട്രെയ്‌ലറിലും ടീസറിലും ക്ലിയര്‍ ആവാത്ത ഒന്ന്. ഇത് ഇവര്‍ ഒരു സസ്‌പെന്‍സാക്കി വെക്കുകയാണെന്നാണ് സംശയം.

ട്രെയ്‌ലറിലെ ചില രംഗങ്ങള്‍ നോക്കി മലയാളത്തില്‍ നിന്നും അതിന് വരുന്ന വ്യത്യാസങ്ങള്‍ ഒന്ന് പരിശോധിക്കാം. സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളാവുന്നത് രംഗം നായകന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്നതാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ നിന്നുകൊണ്ട് തന്നെയാണ് പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടുന്നത്. ആ സമയത്ത് ആ രംഗവും അതിനൊപ്പമുള്ള എന്റെ പിള്ളാരെ തൊടുന്നോടാ എന്ന ഡയലോഗും വലിയ ചര്‍ച്ചയായിരുന്നു. ഈ പ്രായത്തിലും മോഹന്‍ലാലിന്റെ ബോഡി ഫ്‌ളക്‌സിബിലിറ്റിയും അക്കൂട്ടത്തില്‍ ചര്‍ച്ചയായി.

തെലുങ്കിലെത്തിയപ്പോള്‍ പൊലീസുകാരന്‍ ബെഞ്ചില്‍ ഇരിക്കുകയാണ്. ബെഞ്ചില്‍ ഇരിക്കുന്ന പൊലീസുകാരനെയാണ് നായകനായ ബ്രഹ്മ ചവിട്ടുന്നത്. തെലുങ്ക് ഫൈറ്റിന്റെയും മലയാളം ഫൈറ്റിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ ഒന്നിച്ചുവെച്ചാണ് ട്രോളുകള്‍ വരുന്നത്. തെലുങ്കില്‍ ചവിട്ടുന്ന രംഗം ഇങ്ങനെ എടുത്തത് ഒരു പ്രശ്‌നമായോ ട്രോള്‍ ചെയ്യപ്പെടേണ്ടതാണെന്നോ തോന്നുന്നില്ല. കാരണം ഒരാളിന്റെ ബോഡി ഫ്‌ളക്‌സിബിലിറ്റി തന്നെയായിരിക്കില്ല മറ്റേയാള്‍ക്ക് വരുന്നത്.

മറ്റൊന്ന് കടവുളേ പോലെ എന്ന ബാക്ക്ഗ്രൗണ്ട് പാട്ടോടുകൂടി വരുന്ന ഫൈറ്റാണ്. ലൂസിഫറില്‍ പ്രേക്ഷകര്‍ക്ക് രോമാഞ്ചം തന്നൊരു രംഗമായിരുന്നു ഇത്. ആ സീനിലെ ഷാജോണിന്റെ എക്‌സ്‌പ്രെഷനാണ് ഏറ്റവും വലിയ ഹൈലൈറ്റ്. അദ്ദേഹത്തിന്റെ ഡയലോഗ് പോലെ തന്നെ സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല എന്ന് പ്രേക്ഷകര്‍ക്ക് കൂടി മനസിലാവുന്ന രംഗമായിരുന്നു അത്. തെലുങ്കിന്റെ ട്രെയ്‌ലറില്‍ ഈ രംഗങ്ങള്‍ കടന്നുവരുന്നുണ്ട്. തെലുങ്ക് ഫൈറ്റില്‍ വില്ലന്റെ പുറത്ത് കേറി ചിരഞ്ജീവി ഇരുന്ന് വില്ലന്റെ കയ്യിലിരിക്കുന്ന തോക്ക് ഉപയോഗിച്ച് വില്ലനെക്കൊണ്ട് തന്നെ വെടിവെപ്പിക്കുകയാണ്.

മലയാളത്തില്‍ ഈ രംഗത്തില്‍ മുരുഗന്‍ മാര്‍ട്ടിന്റെ മുത്തു എന്ന കഥാപാത്രം ജീപ്പിന് മുകളില്‍ കയറിയിരുന്നു ഒന്ന് ചിരിക്കുന്നതേയുള്ളൂ. തെലുങ്കില്‍ ബ്രഹ്മക്കൊപ്പമുള്ളയാള്‍ വിസിലടിക്കുന്നതൊക്കെ കാണാം.

വി.എഫ്.എക്‌സിനെതിരെയും വലിയ പരിഹാസമുണ്ട്. കണ്ടെയ്‌നര്‍ പൊട്ടിത്തെറിക്കുന്ന രംഗവും സല്‍മാന്‍ ഖാന്റെ തോക്കില്‍ നിന്നും തീ വരുന്ന രംഗത്തിനുമെതിരെ വലിയ പരിഹാസമാണ് വരുന്നത്. മുമ്പ് ടീസറില്‍ മതിലും പൊളിച്ച് ജിപ്പില്‍ വന്നിറങ്ങുന്ന സല്‍മാന്‍ ഖാനേയും ചിരഞ്ജീവിയേയും നാം കണ്ടതാണ്. ഈ സീന്‍ ഓവറാണെന്ന് മാത്രമല്ല ഇതിലെ വി.എഫ്.എക്‌സും പരാജയമായിരുന്നു.

ഏത് മലയാള സിനിമയും മറ്റ് ഭാഷകളിലേക്ക് പ്രത്യേകിച്ച് തെലുങ്കിലേക്കാണ് റീമേക്ക് ചെയ്യുന്നതെങ്കില്‍ മലയാളികള്‍ക്ക് ട്രോളാനായി വലിയ ഉത്സാഹമായിരിക്കും. ഒറിജിനല്‍ സിനിമ അതേ ഫീലില്‍ റീമേക്ക് ചെയ്‌തെടുക്കുക എന്നത് പ്രായോഗികമല്ല. കാരണം ഇവിടുത്തെ ഓഡിയന്‍സ് അല്ല മറ്റ് ഭാഷകളിലേത്. മലയാളത്തില്‍ വളരെ സട്ടിലായിട്ടാണ് സിനിമകള്‍ ചെയ്യുന്നത്. തെലുങ്കിലേക്കും തമിഴിലേക്കും പോകുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ കുറച്ച് കൂടി ലൗഡാകും. സന്തോഷവും സങ്കടവും ആഘോഷവും പ്രണയവുമൊക്കെ കുറച്ച് കൂടി ലൗഡാകും.

സ്റ്റീഫന്‍ നെടുമ്പള്ളി ഒറ്റവാക്കില്‍ എല്ലാ പറഞ്ഞ് തീര്‍ക്കുമ്പോള്‍ തെലുങ്കില്‍ ബ്രഹ്മക്ക് അത് നെടുനീളന്‍ ഡയലോഗ് തന്നെയായിരിക്കും. കാരണം അവിടുത്തെ ഓഡിയന്‍സ് അതാണ് ആവശ്യപ്പെടുന്നത്. അവരുടെ ആസ്വാദനം മറ്റൊരു രീതിയിലായിരിക്കും. ഒറിജനില്‍ ഭാഷയിലെ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല, പ്രത്യകിച്ച് മലയാളികള്‍ക്ക്.

അടുത്തിടെ മലയാളത്തില്‍ ഹിറ്റായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ റീമേക്ക് ചെയ്തപ്പോള്‍ അതിന് വലിയ മാറ്റമാണ് സംഭവിച്ചത്. ഇവിടെ അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈഗോ ക്ലാഷാവുമ്പോള്‍ അവിടെ ഒരു നായകനും വില്ലനും തന്നെയുണ്ടായി. പവന്‍ കല്യാണിന്റെ ഭീംല നായിക്കിനെ മലയാളികള്‍ ച്രോളിയപ്പോള്‍ തെലുങ്കിലത് ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളിലൊന്നായി മാറി. ഗോഡ്ഫാദര്‍ റിലീസിന് ശേഷമേ ഒരു ക്ലിയര്‍ പിക്ചര്‍ ഇനി ലഭിക്കൂ.

Content Highlight: Why trolls against Godfather write up