ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ട്രാന്‍സ്‌ജെന്റേര്‍സ് എന്ന ഓപ്ഷന്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് ദല്‍ഹി ഹൈക്കോടതി. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനോടും പേഴ്‌സണല്‍ മന്ത്രാലയത്തോടുമാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.
ജസ്റ്റിസുമാരായ മുക്താ ഗുപ്ത, പി എസ് തേജി എന്നിവരടങ്ങുന്ന ബെഞ്ചാണ് പ്രിലിമനറി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ മൂന്നാ ലിംഗം തെരഞ്ഞെടുക്കാനുള്ള സാധ്യത എന്തുകൊണ്ട് ഇല്ല എന്ന ചോദ്യം ഉന്നയിച്ചത്.
“2014 ഏപ്രില്‍ 15ലെ സുപ്രീം കോടതി വിധി നിലനില്‍ക്കെ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു? നിങ്ങള്‍ക്ക് ട്രാന്‍സ്‌ജെന്റേര്‍സിനെ നേരിട്ട് അയോഗ്യരാക്കുകയാണോ വേണ്ടത്.” കോടതി ചോദിച്ചു. ജൂണ്‍ 17 നകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി യു.പി.എ.സിക്കും പേഴ്‌സണല്‍ മന്ത്രാലയത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.
ജൂണ്‍ 19 ആണ് സിവില്‍ സര്‍വീസിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. 17 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
ട്രാന്‍സ്‌ജെന്റേര്‍സ് പൊതു സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന് കാണിച്ച് ലഭിച്ച പൊതു താല്‍പര്യ ഹര്‍ജ്ജി പരിഗണിക്കവേയായിരുന്നു കോടതി ഈ ചോദ്യം ഉന്നയിച്ചിരുന്നത്.