ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്ക് ആയിട്ട് 70 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യയിലെ ഒരു വിഭാഗം മനുഷ്യര്‍ ഇന്നും കൊടിയ അനീതിക്കും, അസമത്വത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്.
1950-ല്‍ ഭരണഘടന നിലവില്‍ വന്ന രാജ്യത്ത് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്ക് പൗരത്വം പോലും ലഭിക്കാന്‍ 2014 വരെ കാത്തിരിക്കേണ്ടിവന്നു. ഏറ്റവും അടിസ്ഥാനപരമായ ലിംഗത്വം പോലും അംഗീകരിക്കപ്പെടാന്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നു എന്നത് ലജ്ജാവഹമാണ്.
2014-ലാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി NALSA വിധി പുറപ്പെടുവിക്കുന്നത്. ഇന്ത്യയില്‍ മറ്റേതു വ്യക്തികളെയും പോലെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരും ഇന്ത്യയിലെ പൗരന്മാരാണെന്നും, സ്ത്രീക്കും പുരുഷനും ലഭിക്കുന്ന തുല്യ അവകാശങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും ലഭിക്കണമെന്നും ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും ഉദ്ദരിച്ചുകൊണ്ട് പരമോന്നത നീതിപീഠം വിധിപുറപ്പെടുവിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളാണ് എന്നും അവ സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യന്‍ ഭരണവര്‍ഗത്തോടും സമൂഹത്തോടും കോടതി വിളിച്ചുപറഞ്ഞു.
NALSA വിധിയുടെ ചുരുക്കം
1) ഇന്ത്യയിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം 18-ാം നൂറ്റാണ്ടു മുതല്‍ അങ്ങേയറ്റം അടിച്ചമര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയുമാണ്. ഇവരെ ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം മുതലായ മേഖലകളില്‍ അയിത്തം കല്പിച്ചു മാറ്റിനിര്‍ത്തിയെന്നും അതുവഴി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വളരെയധികം പുന്തള്ളപ്പെട്ടു എന്നും കോടതി നിരീക്ഷിച്ചു.
2) ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനുവേണ്ടി ജീവിക്കാനുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എന്നിങ്ങനെ മൗലികമായ ഒരു പൗരന്റെ എല്ലാത്തരം അവകാശങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലേക്കും എത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് കോടതി ഉത്തരവിട്ടു.
3) ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് അയാളുടെ ജെന്‍ഡര്‍ എന്നും ആ ജെന്‍ഡര്‍ അംഗീകരിക്കപ്പെടാന്‍ ലിംഗമാറ്റ ശാസ്ത്രക്രിയക്കോ ഹോര്‍മോണ്‍ തെറാപ്പിക്കോ മറ്റു ശാരീരിക മാറ്റങ്ങള്‍ക്കോ നിര്‍ബന്ധിക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ബയോളോജിക്കല്‍ സെക്‌സിനേക്കാള്‍ ഒരാളുടെ സൈക്കോളജിക്കല്‍ ജെന്‍ഡറിനാണ് മുന്‍ഗണന കൊടുക്കേണ്ടത് എന്ന് കോടതി അടിവരയിട്ടു. ക്രോമസോമുകളോ ലൈംഗിക അവയവമോ ഒന്നും ബാധകമാകാതെ ജെന്‍ഡര്‍ സ്വയം നിര്‍ണയിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം എന്ന് കോടതി വിധിച്ചു.
4) ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 14, 15 കൃത്യമായി തന്നെ ‘വ്യക്തി’ എന്ന് പറയുന്നതിനാലും സ്ത്രീ, പുരുഷന്‍ എന്ന് പറയാത്തതിനാലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും നിയമത്തിനു മുന്നില്‍ തുല്യരായി പരിഗണിക്കപ്പെടും എന്ന് കോടതി വിധിച്ചു.
ജെന്‍ഡര്‍ ഐഡന്റിറ്റിയുടെ പേരിലുള്ള വിവേചനകള്‍ ആര്‍ട്ടിക്കിള്‍ 14-ന്റെ നിഷേധമാണെന്നും കോടതി ചൂണ്ടികാട്ടി.
5) ആര്‍ട്ടിക്കിള്‍ 15(4) പ്രകാരം നൂറ്റാണ്ടുകളായി സാമൂഹികമായും സാമ്പത്തികമായും നിലനില്‍ക്കുന്ന പിന്നോക്ക അവസ്ഥകള്‍ പരിഹരിക്കുന്നതില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി ഭരണകൂടം നടപടി കൈക്കൊള്ളണം എന്ന് വിധിച്ചു. സംവരണം ഉള്‍പ്പടെ നടപ്പാക്കുവാനും കോടതി ആവശ്യപ്പെട്ടു.
6) ഒരു വ്യക്തി അയാളുടെ ജെന്‍ഡര്‍ ഐഡന്റിറ്റി വാക്കിലൂടെയോ വസ്ത്രധാരണത്തിലൂടെയോ സ്വഭാവത്തിലൂടെയോ പ്രകടിപ്പിക്കുകയാണെങ്കില്‍ അത് ആര്‍ട്ടിക്കിള്‍ 19 പ്രകാരം ആ വ്യക്തിയുടെ അവകാശം ആണ്.
ആര്‍ട്ടിക്കിള്‍ 19(1) (a) പ്രകാരം ഒരു വ്യക്തിയുടെ ജെന്‍ഡര്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന നിരീക്ഷണവും കോടതി നടത്തി.
മറ്റുള്ളവര്‍ക്ക് അത് ദഹിക്കാതെ വരികയാണെങ്കില്‍ അത് ജെന്‍ഡര്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഭരണഘടന അവകാശം ആണെന്ന് അത്തരക്കാരെ ബോധവല്‍കരിക്കാനും ഉത്തരവിട്ടു.
7) ഇന്ത്യയിലെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് പ്രത്യേക നിയമം കൊണ്ടുവരാനും ഉത്തരവായി.
Transgender Persosn (Protection of Rights) Bill
രാജ്യത്ത് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നിയമം കൊണ്ടുവരുന്നതില്‍ ആദ്യമായി ശ്രമം നടത്തിയത് ഡി.എം.കെ രാജ്യസഭാ എം.പി ശ്രീ തിരുച്ചി ശിവ ആണ്. 2014 ഡിസംബറില്‍ ഒരു സ്വകാര്യ ബില്ലായി രാജ്യസഭയില്‍ അദ്ദേഹത്തിന്റെ ബില്ല് അവതരിപ്പിക്കപ്പെട്ടു. ഈ ബില്ല് രാജ്യസഭ ഒന്നടങ്കം അംഗീകരിക്കുകയും ചെയ്തു.
NALSA വിധിയെ മുന്‍നിര്‍ത്തി വന്ന ബില്ലില്‍ പുരോഗമനപരമായ ഒരുപാട് ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ദേശീയതലത്തിലും സംസ്ഥാന തലത്തിലും ട്രാന്‍സ്ജെന്‍ഡര്‍ കമ്മീഷനുകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഷയങ്ങള്‍ വേഗത്തിലും കൃത്യതയിലും കൈകാര്യം ചെയ്യുവാന്‍ പ്രത്യേക കോടതികള്‍, കൃത്യമായ ശിക്ഷാനടപടികള്‍, വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ സംവരണം എന്നിങ്ങനെ സമഗ്രമായ ബില്ല് രാജ്യസഭയില്‍ അംഗീകരിക്കപ്പെട്ടു.
പക്ഷെ ലോകസഭയില്‍ അത് ചര്‍ച്ച ചെയ്യപ്പെട്ടില്ല. പകരം 2016 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പുതിയ ബില്‍ കൊണ്ടുവന്നു.
ധാരാളം അപാകതകളും, പോരായ്മകളും നിറഞ്ഞ ഒരു ബില്ലായിരുന്നു അത്. ബില്ലിനെതിരെ രാജ്യത്തൊട്ടാകെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
ട്രാന്‍സ്ജെന്‍ഡര്‍ എന്നാല്‍ ‘neither wholly female nor wholly male’ എന്ന ഏറ്റവും വൃത്തികെട്ട നിര്‍വചനത്തില്‍ തുടങ്ങി അവകാശ ലംഘനങ്ങളുടെ നീണ്ട പട്ടിക തന്നെ ബില്ലിനെതിരെ ചൂണ്ടികാണിക്കപ്പെട്ടു. തുടര്‍ന്ന് ബില്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു. എങ്കിലും 2017 ജൂലൈയില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി.
27 മാറ്റങ്ങളോടെ 2018 ഡിസംബറില്‍ വീണ്ടും ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടു. ബില്‍ രാജ്യസഭയിലേക്ക് എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയി.
വീണ്ടും 2019 ഓഗസ്റ്റ് അഞ്ചിന് ബില്‍ ലോക്‌സഭയില്‍ പുനരവതരിപ്പിക്കുകയും പാസ്സ് ആക്കുകയും ചെയ്തു. 2019 നവംബര്‍ 26 ന് ശബ്ദവോട്ടൊടെ രാജ്യസഭയും ബില്‍ പാസ്സാക്കി, രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടു.
എന്തുകൊണ്ട് ഈ ബില്ല് വേണ്ട?
1) ജെന്‍ഡര്‍ എന്നത് ഒരു വ്യക്തിയുടെ സ്വയം നിര്‍ണയ അവകാശമാണെന്നും അത് അംഗീകരിക്കാന്‍ ഏതെങ്കിലും കമ്മിറ്റിയുടെ പരിശോധനയോ ശാരീരിക മാറ്റങ്ങളുടെ ആവശ്യമോ ഇല്ലെന്നുമുള്ള NALSA വിധി നിലനില്‍ക്കുമ്പോഴും, ജെന്‍ഡര്‍ പരിശോധനക്ക് വിധേയമായി ജില്ലാ മജിസ്ട്രേറ്റിന്റെ സാക്ഷ്യപത്രം വാങ്ങിയാല്‍ മാത്രമേ ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്റിറ്റിയില്‍ ജീവിക്കാന്‍ സാധിക്കൂ എന്നാണ് ഈ ബില്‍ പറഞ്ഞുവച്ചിട്ടുള്ളത്.
സ്ത്രീയോ പുരുഷനോ ആയി അറിയപ്പെടണം എങ്കില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഇത് NALSA വിധിയില്‍ പറയുന്ന ജെന്‍ഡര്‍ സ്വയം നിര്‍ണയ അവകാശമാണ് എന്നതിന്റെ കൃത്യമായ നിഷേധമാണ്.
2) ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്കെതിരെ വിവേചനം കാണിക്കരുത് എന്ന് പറയുമ്പോഴും എന്താണ് വിവേചനം എന്നും ട്രാന്‍സ്ജെന്‍ഡര്‍ ജീവിതസാഹചര്യങ്ങളില്‍ എന്തൊക്കെ ആണ് വിവേചനം എന്ന പരിധിയില്‍ വരുന്നത് എന്നും കൃത്യമായി നിര്‍വചികുന്നതില്‍ ബില്‍ പരാജയപ്പെട്ടു. ഒപ്പം വിവേചനകള്‍ക്കു നല്‍കേണ്ട ശിക്ഷാ നടപടികളും എവിടെയും പ്രതിപാദിക്കപ്പെടാതെ പോയിട്ടുണ്ട്.
3) ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരെ നടക്കുന്ന ഏതുതരം ശാരീരികമോ, ലൈംഗികമോ ആയ അതിക്രമങ്ങള്‍ക്കും കേവലം ആറു മാസം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള തടവും പിഴയുമാണ് ശിക്ഷ.
ദിവസവും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ അക്രമിക്കപ്പെടുന്ന രാജ്യത്ത് ഇത്രയും ദുര്‍ബലമായ ഒരു ശിക്ഷ കൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാവുക?. സ്ത്രീ, ദളിത് സംരക്ഷണ നിയമങ്ങള്‍ പോലെ ശക്തമായ ശിക്ഷാ നിയമങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
4) യാതൊരു പ്രിവിലെജുകളും ഇല്ലാതെ, വിദ്യാഭാസപരമായും തൊഴില്‍പരമായും സാമൂഹ്യപരമായും താഴെത്തട്ടില്‍ കഴിയുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം. ഈ വിഭാഗത്തിന്റെ തുല്യപ്രാതിനിധ്യം ഉറപ്പാക്കാന്‍ സംവരണം ഉള്‍പ്പടെ NALSA വിധിയില്‍ പറഞ്ഞിരുന്നു എങ്കിലും ബില്ലില്‍ അത് നിഷേധിക്കപ്പെട്ടു.
5) സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിതന്നെ ലിംഗമാറ്റ ശസ്ത്രക്രിയയും ഹോര്‍മോണ്‍ ചികിത്സയും നല്‍കും എന്ന് ബില്ലില്‍ പറയുന്നുണ്ട്. എങ്കിലും അത് സൗജന്യമായാണോ അതോ ഇളവുകളോട് കൂടിയതാണോ എന്ന് വ്യക്തമാകുന്നില്ല.
6) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ശക്തമായ നിയമങ്ങള്‍ ഉള്ള രാജ്യത്ത് തെരുവില്‍ കഴിയുന്ന ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ക്കെതിരെ ഉള്ള പീഡനങ്ങള്‍ക്കെതിരെ യാതൊരു നിയമവും ബില്ലില്‍ പറയുന്നില്ല.
7) ഇന്റര്‍സെക്‌സ് അവസ്ഥയെ പറ്റിയുള്ള കൃത്യമായ നിര്‍വചനമോ, ഇന്റെര്‍സെക്‌സ് മനുഷ്യരുടെ അവകാശങ്ങളോ ബില്‍ പ്രതിപാദിക്കുന്നില്ല.
8) ഇന്റര്‍സെക്‌സ് ഭ്രൂണഹത്യയ്‌ക്കെതിരെയോ, ഇന്റര്‍സെക്‌സ് വ്യക്തിയുടെ സമ്മതമില്ലാതെ ആ വ്യക്തിയുടെ ശരീരത്തില്‍ നടത്തുന്ന ശസ്ത്രകിയകള്‍ തടയുന്നതിനു വേണ്ടിയോ നിയമം ഇല്ല.
9) ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കുടുംബം, വിവാഹം, സ്വത്തവകാശം, ദത്തവകാശം എന്നിവയൊന്നും തന്നെ ബില്ലില്‍ പരാമര്‍ശിക്കുന്നില്ല.
ഒറ്റനോട്ടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പ്രാഥമിക അവകാശങ്ങള്‍ പോലും സംരക്ഷിക്കാന്‍ ഉതകുന്ന ഒരു ബില്‍ അല്ല ഇന്ത്യയില്‍ നിലവില്‍ വരാന്‍ പോകുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി എന്തൊക്കെയോ ചെയ്തു എന്ന വെറും കാട്ടിക്കൂട്ടലുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഈ ഒരു ബില്‍ കൊണ്ടുവരുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഒട്ടും നീതിപൂര്‍വ്വമല്ലാത്ത ഭരണഘടനാ വിരുദ്ധമായ ഈ ഒരു ബില്ലിനെതിരെ ഇനിയും പ്രതിഷേധം ഉയരേണ്ടതുണ്ട്. കോടതിയില്‍ ഈ ബില്ല് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍, ഇന്റര്‍സെക്‌സ് മനുഷ്യര്‍ക്കും അതിന്റെ എല്ലാ സത്തയോടും ലഭ്യമാക്കാന്‍ ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ Transgender Intersex Persosn (Protection of Rights) Bill കൊണ്ടുവരേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണ്.
കാട്ടിക്കൂട്ടലുകള്‍ അല്ല വേണ്ടത്. ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളും മനുഷ്യാവകാശങ്ങളാണ്.
ഇത്രയും വൈകി ലഭിച്ച നീതി ഈ ഒരു ബില്ലിലൂടെ ഇല്ലാതാക്കാന്‍ ജനാധിപത്യ വിശ്വാസികളായ, ഭരണഘടനാവിശ്വാസികളായ ഒരു ഇന്ത്യന്‍ പൗരനും കൂട്ടുനില്‍ക്കരുത്. ഒറ്റകെട്ടായി പ്രതിഷേധിക്കാം, തുല്യനീതിക്കായി.