| Thursday, 5th September 2019, 4:50 pm

'ചിദംബരത്തെയും കാര്‍ത്തിയെയും അറസ്റ്റ് ചെയ്യാന്‍ എന്തിനിത്ര തിടുക്കം?'; ഇ.ഡിക്കും സി.ബി.ഐക്കും കോടതിയുടെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ അന്വേഷണ ഏജന്‍സികള്‍ക്കു കോടതിയുടെ രൂക്ഷവിമര്‍ശനം. സി.ബി.ഐ പ്രത്യേക കോടതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇ.ഡി) സി.ബി.ഐയെയും വിമര്‍ശിച്ചത്.

ഇതേ കേസില്‍ 749 കോടി രൂപയുടെ ആരോപണം നേരിടുന്ന ദയാനിധി മാരനെയും അദ്ദേഹത്തിന്റെ സഹോദരനെയും അറസ്റ്റ് ചെയ്യാത്ത ഏജന്‍സികളാണ് 1.17 കോടി രൂപയുടെ ആരോപണം നേരിടുന്ന ചിദംബരത്തെയും കാര്‍ത്തിയെയും അറസ്റ്റ് ചെയ്യാന്‍ തിടുക്കം കാണിക്കുന്നതെന്നു കോടതി പറഞ്ഞു.

ഒരേ കേസില്‍ രണ്ടു കക്ഷികളോടു രണ്ടു തരത്തില്‍ പെരുമാറുന്നത് ഇരട്ടനീതിയും വിവേചനവും നിയമവിരുദ്ധവുമാണെന്നും കോടതി വിധിപ്രസ്താവത്തില്‍ തുറന്നടിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ അന്വേഷണം ഇത്രയും വൈകിയതിനു തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ക്കു സാധിച്ചില്ലെന്നും ജഡ്ജി ഒ.പി സെയ്‌നി നിരീക്ഷിച്ചു.

കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിനും കാര്‍ത്തിക്കും എതിരായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒന്നാം യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ എയര്‍സെല്‍ കമ്പനിക്ക് 3,600 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ ആരോപണം.

600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നല്‍കാന്‍ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതില്‍ക്കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,600 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നല്‍കിയതെന്നാണ് സി.ബി.ഐയുടെ ആരോപണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് സുപ്രീം കോടതിയില്‍ നിന്നും ഇന്ന് തിരിച്ചടി നേരിട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ പി. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയായിരുന്നു.

ഐ.എന്‍.എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിഗണിച്ചത്. ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങളുടെ പരിധിയില്‍ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ കസ്റ്റഡിയിലാണ് ചിദംബരം ഇപ്പോള്‍.

ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. ഇതോടെ ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി അപേക്ഷ നല്‍കാനാണ് സാധ്യത.

We use cookies to give you the best possible experience. Learn more