| Thursday, 8th March 2018, 7:07 pm

'എന്തുകൊണ്ട് ഞാന്‍ സ്വന്തം ഭാര്യയെക്കാള്‍ മഹിയെ സ്‌നേഹിക്കുന്നു'; വെളിപ്പെടുത്തലുമായി പാക് ആരാധകന്‍ മുഹമ്മദ് ബഷീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കറാച്ചി: കായിക താരങ്ങളെയും അവരുടെ കടുത്ത ആരാധകരുടെയും വാര്‍ത്തകള്‍ കായിക ലോകത്തിനു എന്നും പ്രിയമാണ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറും സുധീപ് കുമാര്‍ ചൗധരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ എന്നും ശ്രദ്ധയോടെയാണ് സ്വീകരിച്ചിരുന്നത്.

സച്ചിനും സുധീപ് കുമാറും തമ്മിലുള്ള ബന്ധത്തിനു പിന്നാലെ ആരാധകര്‍ അത്തരത്തിലൊരു ആരാധകനെ കാണുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയ്ക്കാണ്. സുധീപിനെ പോലെ ദേഹം മുഴുവന്‍ നീല പെയിന്റടിച്ച് ദേശീയ പതാകയെ നെഞ്ചോട് ചേര്‍ത്ത് ഗ്യാലറിയില്‍ ആരവം മുഴക്കുന്ന ധോണിയുടെ ആരാധകനും പിന്നാലെ ധോണിയ്ക്കായി അയല്‍ രാജ്യത്ത് നിന്നെത്തുന്ന മുഹമ്മദ് ബഷീറും വാര്‍ത്തകളില്‍ താരമാവാന്‍ തുടങ്ങിയിരുന്നു.

എനിക്ക് എന്റെ ഭാര്യയെക്കാള്‍ ഇഷ്ടം ധോണിയോടാണെന്ന് തുറന്ന് പറഞ്ഞ മുഹമ്മദ് ബഷീര്‍ ലോകമെമ്പാടുമുള്ള ധോണി ആരാധകര്‍ക്ക് ഏറെ പ്രിയനാണ്. താന്‍ എന്തുകൊണ്ടാണ് ധോണിയെ ഇത്രയേറെ സ്‌നേഹിക്കുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുഹമ്മദ് ബഷീര്‍. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനല്‍ കാണാനെത്തിയപ്പോഴുണ്ടായ അനുഭവമാണ് തന്നെ ധോണിയുടെ ഇത്ര വലിയ ആരാധകനാക്കിയതെന്നാണ് ബഷീര്‍ പറയുന്നത്.

“ഞാന്‍ മത്സരം കാണാന്‍ മൊഹാലിയിലെത്തിയപ്പോഴാണ് മത്സരത്തിന്റെ ടിക്കറ്റുകളൊന്നും ബാക്കിയില്ലെന്നറിയുന്നത്. ഞാനൊരു പ്ലക്കാര്‍ഡ് എടുത്ത് എനിക്ക് മത്സരം കാണണമെന്നെഴുതി കയ്യില്‍ പിടിച്ചു. പിറ്റേന്ന് ഒരാള്‍ എന്നെ കാണാനെത്തി മത്സരത്തിന്റെ ടിക്കറ്റുമായാണ് അയാള്‍ വന്നത്. ധോണി സാഹിബ് തന്നതാണ് ടിക്കറ്റെന്നാണ് അയാള്‍ പറഞ്ഞത്. എനിക്കന്ന് ധോണിയെ അത്ര നന്നായ് അറിയില്ലായിരുന്നു. ടിക്കറ്റ് ലഭിച്ചപ്പോള്‍ എനിക്ക് അതിയായ സന്തേഷം തോന്നി. ഞാന്‍ ധോണിയെ എന്റെ ഭാര്യയേക്കാള്‍ സ്‌നേഹിക്കാന്‍ തുടങ്ങി. ബഷീര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more