| Monday, 25th June 2018, 11:26 pm

അഭിപ്രായം തുറന്നുപറഞ്ഞതിന് സിനിമാത്തമ്പുരാക്കന്‍മാര്‍ പുറത്തുനിര്‍ത്തിയ തിലകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന” കുറ്റത്തിന് “മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് “അമ്മ” മാപ്പുപറയുമായിരിക്കും, അല്ലേ?” താരസംഘടനയായ “അമ്മ”, നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ തിരിച്ചെടുക്കാന്‍ പോകുന്നെന്ന തീരുമാനം അറിയിച്ചതിനു പിന്നാലെ സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചതാണിത്. “അച്ചടക്കമില്ലായ്മ”യുടെ പേരില്‍ അമ്മയുടെ വിലക്ക് നേരിട്ട തിലകനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആഷിഖ് അബുവിനു പിന്തുണയുമായി നിരവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്.

മലയാളത്തിന്റെ നടനവിസ്മയമായ തിലകന് മാസങ്ങളോളമാണ് അമ്മയില്‍ നിന്നുമുള്ള സസ്പെന്‍ഷനെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്. 2010ല്‍ വന്ന സസ്പെന്‍ഷന്‍ 2012 സെപ്റ്റംബറില്‍ തിലകന്‍ മരിക്കുന്നതുവരെയും ഈ വിലക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

2011ലെ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി മുതല്‍ അദ്ദേഹം അഭിനയിച്ച സിനിമകള്‍ എല്ലാം സസ്പെന്‍ഷന്‍ നിലനില്‍ക്കെ തന്നെയായിരുന്നു. രഞ്ജിത്തിനും അന്‍വര്‍ റഷീദിനുമെല്ലാം തിലകനെ തങ്ങളുടെ സിനിമയില്‍ നിന്നും ഒഴിവാക്കാനാവശ്യപ്പെട്ടുകൊണ്ട് അമ്മയില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.

താരസംഘടനയായ അമ്മയ്ക്കും സൂപ്പര്‍താര പദവികള്‍ക്കുമെതിരെ തുറന്നടിച്ചതിനായിരുന്നു തിലകനെ “അച്ചടക്കമില്ലായ്മ”യുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. “ക്രിസ്ത്യന്‍ ബ്രദേഴ്സ്” എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം ഫെഫ്ക ഇടപ്പെട്ടതിനെ തുടര്‍ന്നു തിലകനെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു തിലകന്‍ അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ രംഗത്തുവന്നത്.

മലയാള സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും പിരിഞ്ഞ് പുതിയ സംഘടന ആരംഭിച്ചതിന്റെ പേരില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്ന സംവിധായകന്‍ വിനയന്റെ സിനിമയില്‍ തിലകന്‍ അഭിനയിച്ചതായിരുന്നു ഫെഫ്ക ഭാരവാഹികളെ ചൊടിപ്പിച്ചത്. ഫെഫ്കയുടെ സമ്മതമില്ലാതെ സിനിമയുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത പരിതസ്ഥിതിയിലാണ് അഡ്വാന്‍സ് നല്‍കിയിട്ടും തിലകനെ ഒഴിവാക്കേണ്ടി വരുന്നതെന്ന് ക്രസ്ത്യന്‍ ബ്രദേഴ്സ് നിര്‍മ്മാതാവ് സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മലയാള സിനിമാരംഗവും അമ്മയും ഫെഫ്കയുമെല്ലാം ഏതാനും ചില സൂപ്പര്‍താരങ്ങളുടെ വരുതിയിലാണെന്നും മറ്റുള്ളവരെല്ലാം വെറും അടിമകള്‍ മാത്രമാണെന്നുമായിരുന്നു തിലകന്‍ അന്നു പറഞ്ഞത്. തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ഒരു മെഗാ സ്റ്റാര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിലകനു പിന്തുണയുമായി സുകുമാര്‍ അഴീക്കോട് എത്തിയതും അദ്ദേഹം സൂപ്പര്‍ താരങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനകളും കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സുകുമാര്‍ അഴീക്കോട് അനാവശ്യമാണ് പറയുന്നതെന്നായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും കെ.ബി ഗണേഷ് കുമാറുമെല്ലാം ഇതിനോട് പ്രതികരിച്ചത്.

രംഗം കൂടുതല്‍ വഷളാകാതിരിക്കുന്നതിനുവേണ്ടി മമ്മൂട്ടിയുടെ നേതൃത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതും വഴിമുട്ടുകയായിരുന്നു. അമ്മയുടെ ഭീഷണികള്‍ക്ക് വഴങ്ങാതിരുന്ന തിലകന്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

തുടര്‍ന്നായിരുന്നു അന്നത്തെ അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി തിലകനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായി പത്രസമ്മേളനം വഴി അറിയിച്ചത്. അച്ചടക്ക സമിതിക്കു മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ തിലകനോട് ആവശ്യപ്പെട്ടിരുന്നു. സംഘടനയ്ക്കുള്ളില്‍ നിന്നും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞ് സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്നായിരുന്നു തിലകനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള കാരണമായി അന്ന് അമ്മ ഉയര്‍ത്തികാട്ടിയത്.

തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയാന്‍ ഒരുക്കമല്ലെന്നുമായിരുന്നു ഇതിനോടുള്ള തിലകന്റെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരുക്കുന്ന കാര്യങ്ങള്‍ മാത്രമാണ് താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

വാക്ക് തര്‍ക്കവും അഭിപ്രായവ്യത്യാസങ്ങള്‍ക്കൊണ്ടുമെന്നായിരുന്നു തിലകന് സസ്പെന്‍ഷന്‍ നേരിടേണ്ടിവന്നതും നാളുകള്‍ സിനിമയില്‍ നിന്നും പൂര്‍ണ്ണമായും മാറിനില്‍ക്കേണ്ടി വന്നതും. അമ്മയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്ന നിരവധി അഭിനേതാക്കളും സിനിമാ പ്രവര്‍ത്തകരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനൊക്കെ ഇടയിലാണ് നടിയെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ദിലീപിനെ വിചാരണ തീരുന്നതിനു മുന്‍പെ തിരിച്ചെടുക്കുന്നതിനുള്ള തീരുമാനം അമ്മയുടെ ഭാഗത്തുനിന്നു ഉണ്ടായിരിക്കുന്നത്.

താരസംഘടനയായ “അമ്മ” ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ പോകുന്നെന്ന വാര്‍ത്ത വന്നതിനെ പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ശക്തമായ പ്രതിഷേധവുമായി വിമെന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്കില്‍ പ്രതികരണമറിയിച്ചിട്ടിണ്ട്. അമ്മയോടുള്ള ഏഴ് ചോദ്യങ്ങളുമായാണ് W.C.C ഫേസ്ബുക്ക് കുറിപ്പിട്ടത്. ആക്രമണത്തെ അതിജീവിച്ചവളെ അപമാനിക്കലാണ് ഈ നടപടിയെന്നും നീതിന്യായവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ തീരുമാനമെന്നും W.C.C പറയുന്നു.

We use cookies to give you the best possible experience. Learn more