ആദ്യവട്ടം കണ്ണന്താനം, രണ്ടാംവട്ടം ആരുമില്ല; ക്രിസ്ത്യാനികളില്ലാതെ മോദിസര്‍ക്കാര്‍; മോദി ജാതിയിലോ മതത്തിലോ വിശ്വസിക്കുന്നില്ലെന്ന് കണ്ണന്താനത്തിന്റെ പ്രതികരണം
national news
ആദ്യവട്ടം കണ്ണന്താനം, രണ്ടാംവട്ടം ആരുമില്ല; ക്രിസ്ത്യാനികളില്ലാതെ മോദിസര്‍ക്കാര്‍; മോദി ജാതിയിലോ മതത്തിലോ വിശ്വസിക്കുന്നില്ലെന്ന് കണ്ണന്താനത്തിന്റെ പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2019, 5:16 pm

ന്യൂദല്‍ഹി: മേയില്‍ അധികാരത്തിലേറിയ രണ്ടാം മോദി സര്‍ക്കാരിലെ 58 മന്ത്രിമാരില്‍ ഒരാള്‍പ്പോലും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നായിരുന്നില്ല. അതിനുശേഷവും ക്രിസ്ത്യാനികള്‍ക്ക് സ്ഥാനം നല്‍കാന്‍ മോദിസര്‍ക്കാര്‍ തയ്യാറായില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

പാര്‍ലമെന്ററി ബോര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മിറ്റി എന്നിങ്ങനെ പലതരം സമിതികളുണ്ടായെങ്കിലും അതിലൊന്നിലും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ആരുമുണ്ടായില്ല.

നിലവില്‍ 58 പേരില്‍ 54 മന്ത്രിമാരാണ് ഹിന്ദുക്കളായി മോദി മന്ത്രിസഭയിലുള്ളത്. രണ്ട് പേര്‍ സിഖുകാരും മുസ്‌ലിം, ബുദ്ധ വിഭാഗത്തില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണുള്ളത്.

ആദ്യതവണ അധികാരത്തിലേറിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താന്‍ മോദിക്കായിരുന്നെങ്കിലും രണ്ടാംവട്ടം അധികാരത്തിലേറിയപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കി.

കേരളത്തില്‍ നിന്നു പകരം മുന്‍ സംസ്ഥാനാധ്യക്ഷന്‍ വി. മുരളീധരനാണ് രണ്ടാം മോദിസര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചത്.

പ്രധാനമന്ത്രിയുടെ വിശേഷാധികാരമാണ് ആരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കണമെന്നതെന്നായിരുന്നു കണ്ണന്താനം ഈ വിഷയത്തില്‍ ‘ദ പ്രിന്റി’നോടു നടത്തിയ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അദ്ദേഹത്തിന്റെ അധികാരത്തെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല. അതിലുപരി, മന്ത്രിമാരെയോ ഉന്നത പദവികളിലെ വ്യക്തികളെയോ നിയമിക്കുമ്പോള്‍ ജാതിയിലോ മതത്തിലോ വിശ്വസിക്കുന്നയാളല്ല പ്രധാനമന്ത്രി നരേന്ദ്രമോദി.

ജാതി, മതാടിസ്ഥാനത്തിലുള്ള സമൂഹത്തില്‍ നിന്നു വികസനാടിസ്ഥാനത്തിലുള്ള സമൂഹത്തിലേക്കാണ് ഇന്ത്യ പോകുന്നത്.’- അദ്ദേഹം പറഞ്ഞു.

അതേസമയം 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പതിവുപോലെ അക്കൗണ്ട് തുറക്കാനാവാതെ വന്നപ്പോഴാണ് സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗക്കാരിലേക്കുള്ള മാര്‍ഗമെന്നോണം മോദി കണ്ണന്താനത്തെ മന്ത്രിയാക്കിയതെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ബി.ജെ.പി നേതാവ് പ്രിന്റിനോട് പ്രതികരിച്ചത്.

എന്നാല്‍ ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാനാവാതെ വന്നപ്പോഴാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും നേതാവ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി ഒരു ഹിന്ദു പാര്‍ട്ടിയാണെന്നും ഭൂരിപക്ഷ രാഷ്ട്രീയത്തിലാണു വിശ്വസിക്കുന്നതെന്നുമായിരുന്നു വിഷയത്തില്‍ മോദിയുടെ ആത്മകഥ എഴുതിയ നിലാഞ്ജന്‍ മുഖോപാധ്യായയുടെ പ്രതികരണം.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ന്യൂനപക്ഷ വോട്ടുവിഹിതത്തെ ആശ്രയിച്ചിരിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലാവട്ടെ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളത് ഒരാളാണ്, ഷാനവാസ് ഹുസൈന്‍. ആദിവാസി വിഭാഗത്തില്‍ നിന്ന് ജുവല്‍ ഓറവും സ്ത്രീയായി വിജയ രഹത്കറുമാണുള്ളത്. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് പതിവുപോലെ മോദി അവസരം നല്‍കിയിട്ടുമില്ല.

ഗോവയിലാകട്ടെ, 12 മന്ത്രിമാരില്‍ ബി.ജെ.പിക്കുള്ളത് അഞ്ച് ക്രിസ്ത്യാനികളാണ്. മിസോറമിലും നാഗാലാന്‍ഡിലും സംസ്ഥാനാധ്യക്ഷന്മാര്‍ ക്രിസ്ത്യാനികളാണ്.