| Saturday, 27th May 2023, 7:25 pm

രാഷ്ട്രപതിയെ എന്തുകൊണ്ട് ഒഴിവാക്കി; പ്രധാനമന്ത്രി തെറ്റുതിരുത്തണം; കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തില്‍ നിന്നും എന്തുകൊണ്ട് ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. അഭിമാനത്തിന്റെ ഈ നിമിഷം രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അഭിമാനത്തിന്റെ ഈ നിമിഷം രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് ഒരു ചോദ്യമാണുള്ളത്. എന്തുകൊണ്ടാണ് രാഷ്ട്രപതിയെ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയത്, രാജ്യത്തോട് പറയൂ. ചരിത്രപരമായ ഈ പരിപാടിയില്‍ നിന്നും രാഷ്ട്രപതിയെ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിന് എനിക്ക് ഒരു കാരണവും കണ്ടെത്താനായില്ല,’ അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.

‘പാര്‍ലമെന്റ് വെറുമൊരു കെട്ടിടമല്ല. എല്ലാ കാലത്തും അത് ജനാധിപത്യത്തിന്റെ ഭവനമായിരിക്കും. ഈ തെറ്റുതിരുത്താന്‍ ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. ഇത് ഗുരുതരമായ പിഴവായി ചരിത്രത്തില്‍ രേഖപ്പെടുത്തും. തിരുത്തിയാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നാഴികക്കല്ലായി അത് രേഖപ്പെടുത്തും,’ കമല്‍ പറഞ്ഞു.

അതേസമയം രാഷ്ട്രീയ പാര്‍ട്ടികളോട് ബഹിഷ്‌കരണ തീരുമാനം പുനഃപരിശോധിക്കാനും പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പുതിയ വീട്ടില്‍ എല്ലാവരും ഉണ്ടാകണമെന്നും പങ്കാളിത്ത ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതായും കമല്‍ പറഞ്ഞു. പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച എല്ലാ പാര്‍ട്ടികളും പുനഃപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ എല്ലാ എതിരഭിപ്രായവും പരിപാടിക്ക് ശേഷം സഭയില്‍ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. നമ്മെ വിഭജിപ്പിക്കുന്നതിനേക്കാള്‍ ഒന്നിപ്പിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. രാജ്യമൊന്നാകെ ഉദ്ഘാടന ചടങ്ങിനായി ഉറ്റുനോക്കുകയാണ്. എല്ലാ രാജ്യത്തിന്റെയും കണ്ണുകള്‍ നമ്മിലാണ്. ദേശീയ ഐക്യത്തിന്റെ അവസരമാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.

CONTENTHIGHLIGHT: WHY THE PRESIDENT NOT ATTEND INNAUGURATION : KAMAL HASAN

We use cookies to give you the best possible experience. Learn more