| Wednesday, 18th July 2012, 9:28 pm

എന്തുകൊണ്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

എസ്സേയ്‌സ്‌/കെ. ജയദേവന്‍


പെന്‍ഷന്‍ പ്രായം 55ല്‍ നിന്നും 56 ആക്കി യു.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തിയ സമയത്ത് എഴുതിയതാണ് ഈ ലേഖനം. പെന്‍ഷന്‍ പ്രായം 56ല്‍ നിന്നും 60 ആക്കി വര്‍ദ്ധിപ്പിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ ഈ ലേഖനം പ്രാധാന്യം അര്‍ഹിക്കുന്നു. അതിനാല്‍ ഇത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു..


പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുളള സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍, അതിനെ ന്യായീകരിച്ചുകൊണ്ട് രണ്ട് വാദങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. കേരളത്തിന് വെളിയില്‍ പല സംസ്ഥാനങ്ങളിലും പെന്‍ഷന്‍പ്രായം 58 ഉം 60 ഉം ഒക്കെയാണെന്നും എന്തുകൊണ്ട് കേരളത്തില്‍ 56 പോലും അംഗീകരിക്കപ്പെടുന്നില്ലെന്നുമായിരുന്നു അതിലാദ്യത്തേത്. പ്രതിഷേധത്തിന്റെ മുന്‍പന്തിയില് ഡി.വൈ.എഫ്.ഐ ആയതിനാല്‍ ബംഗാളിലേയും ത്രിപുരയിലേയും കാര്യം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. 55 വയസ്സ് എന്നത് നല്ല ആരോഗ്യമുളള പ്രായമാണെന്നും ജീവനക്കാരുടെ നല്ല പ്രായത്തിലെ സേവനം ഒന്നോ രണ്ടോ വര്‍ഷം കൂടി സമൂഹത്തിന് ഉപയോഗപ്പെടുത്തിക്കൂടേ എന്നുമായിരുന്നു രണ്ടാമത്തെ ചോദ്യം. ഇതിന് ബലം നല്‍കാനായി, മുഖ്യമന്ത്രി തൊട്ട് പഞ്ചായത്ത് മെമ്പര്‍ വരെയുളളവര്‍ക്ക് എന്തുകൊണ്ട് പ്രായപരിധി നിശ്ചയിക്കുന്നില്ല എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു.
[]
മേല്‍പറഞ്ഞ പ്രധാന വാദങ്ങള്‍ക്ക് പുറമേ അനുബന്ധമായി വേറെ ചില കാര്യങ്ങളും പ്രചരിപ്പിക്കപ്പെട്ടു. പെന്‍ഷന് ഏകീകരണം തൊട്ട്, ചില നേതാക്കളുടെ ഭാര്യമാര്‍ വിരമിക്കുന്നത് 58 വയസിലാണെന്ന വലിയ കണ്ടെത്തലുകളും അവയില്‍പ്പെടുന്നു. ചുരുക്കത്തില്‍, ബഹുതല സ്പര്‍ശിയായ ഒരു സാമൂഹ്യപ്രശ്‌നത്തെ അങ്ങേയറ്റം ലളിതവല്‍ക്കരിച്ച് അവതരിപ്പിക്കുക വഴി യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് കേരളം ഒരടി കൂടി പിറകോട്ട് നടന്നു എന്നതാണ്; ആര്‍പ്പുവിളികള്‍ക്കിടയില്‍ പലരും അത് ശ്രദ്ധിച്ച് കാണുകയില്ല എങ്കിലും.


“പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര് ജീവനക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയിലുളള ഒരു പ്രശ്‌നവിഷയമല്ല. ചിലര്‍ക്ക് സന്തോഷവും ചിലര്‍ക്ക് സങ്കടവും നല്‍കുന്ന ഒരു തീരുമാനം എന്ന നിലയ്ക്കല്ല അത് ചര്‍ച്ചചെയ്യപ്പെടേണ്ടത്, ഒരു സാമൂഹ്യപ്രശ്‌നം എന്ന നിലയ്ക്കാണ്.”


ഒരു സാമൂഹ്യ പ്രശ്‌നത്തെ മനസ്സിലാക്കാനുളള ഒരേയൊരു വഴി അതിനെ ചരിത്രവല്‍ക്കരിക്കുകയെന്നതാണ്. വഴിതെറ്റിപ്പോകുന്ന പല ചര്‍ച്ചകളുടേയും തുടക്കത്തില്‍ തന്നെ ഇക്കാര്യം ആവര്‍ത്തിച്ചുപറയേണ്ടത് കേരളത്തില്‍ ഇപ്പോള്‍ അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു.

എത്ര ഉള്‍ക്കാമ്പില്ലാത്തവയാണെങ്കിലും ഓരോ എതിര്‍വാദങ്ങളും അവധാനതയോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. അങ്ങിനെയുളള പരിശോധനയില്‍ ബോധ്യമാകുന്ന ചില കാര്യങ്ങള്‍ തീര്‍ച്ചയായും ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെടേണ്ടതുമുണ്ട്.

ഒരു കാര്യം ആദ്യമേ പറയട്ടെ. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയിലുളള ഒരു പ്രശ്‌നവിഷയമല്ല. ചിലര്‍ക്ക് സന്തോഷവും ചിലര്‍ക്ക് സങ്കടവും നല്‍കുന്ന ഒരു തീരുമാനം എന്ന നിലയ്ക്കല്ല അത് ചര്‍ച്ചചെയ്യപ്പെടേണ്ടത്, ഒരു സാമൂഹ്യപ്രശ്‌നം എന്ന നിലയ്ക്കാണ്.
ഓരോ നാട്ടിലും സ്വീകരിക്കുന്ന വികസന തന്ത്രം ആ നാടിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുളളതായിരിക്കും. ഒരിടത്ത് പരീക്ഷിച്ച് വിജയിച്ച ഒരു രീതി മറ്റൊരിടത്ത് അതേ പടി നടപ്പിലാക്കാനായി എന്ന് വരില്ല. അതായത്, തമിഴ്‌നാട്ടിലോ ബംഗാളിലോ പെന്‍ഷന്‍പ്രായം അന്‍പത്തെട്ടോ അറുപതോ ആണെന്നത് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ പരാമര്‍ശവിധേയമാകേണ്ട കാര്യം തന്നെയല്ല. കാരണം കേരളത്തിലെ സ്ഥിതിഗതികള് ബംഗാള് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില് നിന്ന് തുലോം വ്യത്യസ്തമാണ്.

ആകെയുളള മൂന്നേകാല്‍ കോടി ജനങ്ങളില്‍ അന്‍പത് ലക്ഷത്തിലധികം പേര് അഭ്യസ്തവിദ്യരായ തൊഴില് രഹിതരാണെന്നതാണ് ഇക്കാര്യത്തിലുളള കേരളത്തിന്റെ സവിശേഷത. ഇവര്‍ക്കെല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കണമെന്നല്ല പറഞ്ഞതിനര്‍ത്ഥം. പക്ഷേ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ (ഇന്ത്യയിലെയും) ഏറ്റവും വലിയ തൊഴില്‍ ദാതാവ് സര്‍ക്കാര്‍തന്നെയാണെന്ന കാര്യം വിസ്മരിക്കരുത്. വിരമിക്കല്‍ പ്രായം ഒരു വര്‍ഷം കൂടി നീട്ടുന്നതിലൂടെ ഫലത്തില് സംഭവിക്കുന്നത്, തൊഴില്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുമേല്‍ ഒരു വര്‍ഷത്തെയെങ്കിലും അപ്രഖ്യാപിത നിയമന നിരോധനം അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നതാണ്.

പെന്‍ഷന്‍പ്രായം ഉയര്‍ത്തരുതെന്ന് പറയുന്നത് ഒരു വര്‍ഷത്തെക്കുറിച്ചുളള കേവല തര്‍ക്കം ഉന്നയിക്കലല്ല, അത് യുവാക്കളുടെ മാത്രം പ്രശ്‌നവുമല്ല. വിദ്യാഭ്യാസ മേഖല വലിയ പുരോഗതി നേടുകയും അതിനനുസരിച്ച് തൊഴില് മേഖല വികസിക്കാ തിരുന്നതുമാണ് കേരളത്തിന്റെ ഏറ്റവും വലിയ വികസനപ്രശ്‌നം. പുതിയ തൊഴിലവ സരങ്ങളൊന്നും സൃഷ്ടിക്കപ്പെടാ തിരിക്കുകയും ഇപ്പോഴത്തെ ജോലികളില്‍തന്നെ ഫലത്തില്‍ നിയമന നിരോധനം വരുന്നതും സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും

അതിനുളള പ്രതിവിധി പി.എസ്.സി പരീക്ഷ എഴുതാനുളള പ്രായപരിധി ഒരുവര്‍ഷം കൂടി നീട്ടലല്ല, ജോലി ലഭ്യമാകും എന്ന് ഉറപ്പ് വരുത്തല്‍ തന്നെയാണ്. ആ ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെടുന്നത്. അത്തരമൊരവസ്ഥയില്‍, തൊഴില്‍ രഹിതരായ യുവാക്കള്‍ സമൂഹം ആഗ്രഹിക്കാത്ത മറ്റുമേഖലകളിലേക്ക് തിരിഞ്ഞുപോയാല്‍ അത്ഭുതപ്പെടാനില്ല. തീവ്രവാദപ്രവര്‍ത്തനങ്ങള്‍, പെണ്‍വാണിഭ മണലെടുപ്പ് സംഘങ്ങള്‍ മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം അടുത്ത കാലത്ത് അഭ്യസ്തവിദ്യരായ യുവാക്കളുടെ സാന്നിദ്ധ്യം ഏറുന്നത് ഈയൊരു പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. അതായത് പെന്‍ഷന്‍പ്രായം ഉയര്‍ത്തരുതെന്ന് പറയുന്നത് ഒരു വര്‍ഷത്തെക്കുറിച്ചുളള കേവല തര്‍ക്കം ഉന്നയിക്കലല്ല, അത് യുവാക്കളുടെ മാത്രം പ്രശ്‌നവുമല്ല എന്നര്‍ത്ഥം.

വിദ്യാഭ്യാസ മേഖല വലിയ പുരോഗതി നേടുകയും അതിനനുസരിച്ച് തൊഴില്‍ മേഖല വികസിക്കാതിരുന്നതുമാണ് കേരളത്തിന്റെ ഏറ്റവും വലിയ വികസനപ്രശ്‌നം. തൊഴില്‍ ലഭ്യമാകേണ്ട വ്യവസായം, കൃഷി എന്നീ മേഖലകളില്‍ വലിയ മുരടിപ്പ് നേരിട്ടു. ആ രംഗങ്ങളിലെല്ലാം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ ചെറിയ നേട്ടങ്ങളെപ്പോലും തകിടം മറിക്കുന്ന നയങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. പുതിയ തൊഴിലവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടാതിരിക്കുകയും ഇപ്പോഴത്തെ ജോലികളില്‍തന്നെ ഫലത്തില്‍ നിയമനനിരോധനം വരുന്നതും സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. ഒരു വര്‍ഷം കൂടി തങ്ങള്‍ക്ക് ജോലി നീട്ടിക്കിട്ടിയെന്ന ചെറിയ സന്തോഷത്തില്‍ കഴിയുന്നവരെ കൂടി ബാധിക്കും വിധമാണ് മനുഷ്യന്റെ സാമൂഹ്യജീവിതാവസ്ഥ എന്ന് നല്ലത്‌പോലെ മനസിലാക്കണം.

ലോകത്തെല്ലായിടത്തും ആഗോളവല്‍ക്കരണ നയങ്ങളുടെ കാതല്‍ “സര്‍ക്കാരിന്റെ വലിപ്പം ചുരുക്കുക” (downsizing the government) എന്നതാണ്. ഗവണ്‍മെന്റിന്റെ വലിപ്പം കുറയ്ക്കുക എന്നാല്‍ മന്ത്രിസഭയുടെ വലിപ്പം കുറയ്ക്കുക എന്നല്ല അര്‍ത്ഥം. സര്‍ക്കാര് എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ പളളിക്കൂടങ്ങളും, താലൂക്ക് ഓഫീസും, വില്ലേജ് ഓഫീസും സര്‍ക്കാര്‍ ആശുപത്രിയും കൃഷിഭവനും, റേഷന്‍കടകളും മറ്റും മറ്റും ചേര്‍ന്നതാണ്.

നിയമനനിരോധനം, തസ്തികകള്‍ വെട്ടിക്കുറയ്ക്കല്‍ എന്നിവയിലൂടെ വലതുപക്ഷം ശ്രമിക്കുന്നത് പടിപടിയായി സര്‍ക്കാര്‍ സേവനങ്ങളുടെ ലഭ്യതയില്‍ കുറവുവരുത്താനാണ്. ഇപ്പോള്‍ നമ്മുടെ തൊട്ടടുത്തുളള ഒരു സര്‍ക്കാര്‍ സ്‌കൂളിലോ ആശുപത്രിയിലോ ചെന്നാല്‍ സര്‍ക്കാരിന്റെ വലിപ്പം കുറയുന്നതെങ്ങിനെയെന്ന് എളുപ്പത്തില്‍ ബോദ്ധ്യപ്പെടാവുന്നതേയുളളൂ.

ഇങ്ങിനെ കുറവ് വരുന്ന ഇടങ്ങളിലേയ്ക്ക് സ്വകാര്യമൂലധനത്തിന് കടന്നുവരാം എന്നുളളതുകൊണ്ടാണ് ആഗോളവല്‍ക്കരണനയങ്ങളില്‍ സര്‍ക്കാരിന്റെ വലിപ്പം കുറയ്ക്കുന്നത് പ്രധാന അജണ്ടയാകുന്നത്. (സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടുമ്പോള്‍ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറും മരുന്നുമില്ലെന്ന് പറയുമ്പോള്‍ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികള്‍ പൊട്ടിമുളയ്ക്കുന്നതും ഈ പശ്ചാത്തലത്തില് വേണം മനസിലാക്കാന്)

എല്‍.ഡി.എഫ് സര്‍ക്കാര്‍ പെന്‍ഷന്‍പ്രായം ഏകീകരിച്ചതും ഇപ്പോള് അത് 56 ആക്കി ഉയര്‍ത്തിയതും താത്വികമായി സമാന സംഗതികളല്ല. പെന്‍ഷന്‍പ്രായം ഏകീകരിച്ചത് ഭരണപരമായ ഒരു ക്രമീകരണം എന്ന നിലയ്ക്കാണ്. കുറച്ച് ജീവനക്കാര്‍ക്ക്, അത് ഒന്നുമുതല് 11 മാസംവരെ അധികസമയം നല്‍കി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇക്കാരണം വെച്ച് അതും ഇതും ഒന്നാണെന്ന് വാദിക്കാന്‍ കെ.എം.മാണിക്കും കൂട്ടര്‍ക്കും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരവസരം നല്‍കിയെന്നെതും നേരാണ്. പക്ഷേ പെന്‍ഷന് പ്രായം 56 ആക്കി ഉയര്‍ത്തുന്നത് അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അജണ്ടയുടെ ആദ്യപടിയാണ്. പടിപടിയായി പ്രായപരിധി 60 വരെയാക്കാനും നിലവിലുളള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം അട്ടിമറിക്കാനുമാണ് യു.ഡി.എഫ് സര്‍ക്കാര് ശ്രമിക്കുന്നത്.

ഉദാരവല്‍കൃത തൊഴില്‍ നയങ്ങള്‍ ലോകത്തെമ്പാടും വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനെതിരായി വമ്പന്‍പ്രക്ഷോഭങ്ങളും നടന്നുവരികയാണ്. ഇതൊന്നും കാണാതെയോ അഥവാ കണ്ടില്ലെന്നു നടിച്ചോ, ലോകം തിരസ്‌ക്കരിച്ച വലതുപക്ഷ നയങ്ങള്‍ വാരിപ്പുതയ്ക്കുകയാണ് ഉമ്മന്‍ചാണ്ടിയും, കെ.എം.മാണിയും മറ്റും ചെയ്യുന്നത്. അതിലെ ഒരദ്ധ്യായം മാത്രമാണ് പെന്‍ഷന് പ്രായം ഉയര്‍ത്തല്‍.

കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെയോ അഥവാ “മലയാള മനോരമയില്‍” നിന്ന് മനസിലാക്കിയോ ചിലര്‍ പറയുന്നത് എന്തിനാണ് എല്ലാവരും സര്‍ക്കാര് ജോലിക്ക് നോക്കുന്നത് എന്നാണ്. മേമ്പൊടിയായി, രത്തന് ടാറ്റ 75ാം വയസിലും ജോലി ചെയ്യുന്നില്ലേ എന്ന ഉദാരതയും. മനസ്സിലാക്കേണ്ട ഒരു കാര്യം. സര്‍ക്കാര് സര്‍വ്വീസില്‍ ഒരാള്‍ക്ക് ജോലി കിട്ടുക എന്നാലര്‍ത്ഥം അയാളുടെ കുടുംബം രക്ഷപ്പെട്ടു എന്നുമാത്രമല്ല. ആ ജോലി സമൂഹത്തിലെ പൊതുനിക്ഷേപത്തിന്റെ ഭാഗമാണ്. പൊതു നിക്ഷേപമാണ് പൊതു സേവനത്തിന് വഴി വെയ്ക്കുന്നത്. അതിനാല്‍ ഒരു തസ്തിക ഇല്ലാതായാല്‍ അഥവാ ജോലി ലഭിക്കുന്നത് നീണ്ടുപോയാല്‍ നഷ്ടം സംഭവിക്കുന്നത് ആ ജോലി ലഭിക്കേണ്ടുന്നയാള്‍ക്ക് മാത്രമല്ല, അത് നഷ്ടപ്പെടുത്തുന്നത് കേരളീയ സമൂഹത്തിന്റെ പൊതുസേവനങ്ങളാണ്.

ലോകത്തെല്ലായിടത്തും ആഗോളവല്‍ക്കരണ നയങ്ങളുടെ കാതല്‍ “സര്‍ക്കാരിന്റെ വലിപ്പം ചുരുക്കുക” എന്നതാണ്. ഗവണ്‍മെന്റിന്റെ വലിപ്പം കുറയ്ക്കുക എന്നാല്‍ മന്ത്രിസഭയുടെ വലിപ്പം കുറയ്ക്കുക എന്നല്ല അര്‍ത്ഥം. സര്‍ക്കാര് എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ പളളിക്കൂടങ്ങളും, താലൂക്ക് ഓഫീസും, വില്ലേജ് ഓഫീസും സര്‍ക്കാര്‍ ആശുപത്രിയും കൃഷിഭവനും, റേഷന്‍കടകളും മറ്റും മറ്റും ചേര്‍ന്നതാണ്

ഈയൊരു പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി വിലയിരുത്തേണ്ടത്. ഇടതുപക്ഷം എന്നത് ആഗോളവല്‍ക്കരണങ്ങള്‍ക്കുളള ബദല്‍നയങ്ങളുടെ പേരാണ്. പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നതാണ് അതിന്റെ കാതല്‍, പൊതുനിക്ഷേപം വര്‍ദ്ധിക്കുമ്പോഴാണ് തസ്തികകള്‍ നികത്തപ്പെടുന്നത്, വൈദ്യുതീകരണം സംഭവിക്കുന്നത്, ലോഡ്‌ഷെഡിങ്ങും പവര്‍കട്ടും ഒഴിവാകുന്നത്, ചെറുതെങ്കിലും പുതിയ പൊതുമേഖലാ വ്യവസായങ്ങള് തുടങ്ങുന്നത്, സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നുണ്ടാകുന്നത്. അതായത് യു.ഡി.എഫ് ഭരണത്തില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതും ലോഡ്‌ഷെഡ്ഡിങ്ങ് ഉണ്ടാകുന്നതും ഒരേ കാരണത്താലാണ് എന്നര്‍ത്ഥം.

അവസാനമായി പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് കൊണ്ട് കേരളീയ സമൂഹത്തിനോ സിവില്‍ സര്‍വീസ് മേഖലയ്‌ക്കോ എന്തെങ്കിലും നേട്ടങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഒരുവര്‍ഷം കൂടി തങ്ങള്‍ക്ക് ശമ്പളം കിട്ടും എന്നൊരു സന്തോഷം 55ല്‍ വിരമിക്കാനിരുന്നവര്‍ക്ക് ലഭിക്കുമെന്നാല്ലാതെ മറ്റൊരു ഉണര്‍വ്വും അത് സര്‍വ്വീസ് മേഖലയ്ക്കുണ്ടാക്കുന്നില്ല. പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് നോക്കിയാല്‍, അഴിമതിക്കാരോ അലസരോ ആയ ജീവനക്കാര്‍ ഉണ്ടെങ്കില് (തീര്‍ച്ചയായും അതൊരു ന്യൂനപക്ഷമായിരിക്കും) അവരെ ഒരു വര്‍ഷം കൂടി ചുമക്കേണ്ട ഗതികേട് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചതായി കാണാനാവും., മറിച്ച് 55 വയസായവര്‍ വിരമിക്കുകയും അവര്‍ക്ക് പകരം പുതിയ, ചെറുപ്പക്കാരായ ഉദ്ധ്യോഗാര്‍ത്ഥികള്‍ നിയമിക്കപ്പെടുകയും ചെയ്താല്‍ അത് സിവില് സര്‍വ്വീസ് മേഖലയ്ക്ക് ഉണര്‍വും പൊതുസമൂഹത്തിന് കൂടുതല് സേവന സൌകര്യങ്ങളുമാണ് നല്‍കുക. 55 വയസ് വലിയൊരു പ്രായമല്ലെന്നും അവരുടെ സേവനം ഒരു വര്‍ഷം കൂടി ഉപയോഗിച്ചുകൂടേ എന്നും ചോദിക്കുന്നവര് ഈ വഴിക്കും ഒന്ന് ആലോചിക്കേണ്ടതാണ്.

ലോകാവസാനംവരെ പെന്‍ഷന്‍ പ്രായം 55ല്‍ സ്ഥിരപ്പെടുത്തണം എന്നല്ല ഇവിടെ വാദിക്കുന്നത്. തൊഴില്‍മേഖല വികസികക്കുകയും അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ കുറവ് വരികയും ചെയ്താല്‍ പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാവുന്നതേയുളളൂ. അത്തരമൊരു ഭാവിയേയും പക്ഷേ, യു.ഡി.എഫ് ഭരണം നിലനില്‍ക്കുന്ന ഓരോ നിമിഷവും വൈകിപ്പിച്ചുകൊണ്ടേയിരിക്കും.

(ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)

കടപ്പാട്: malayal.am

We use cookies to give you the best possible experience. Learn more