ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് എം.എല്‍.എ സച്ചിന്‍ പൈലറ്റ് തിരിച്ചുവന്നത് വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ബി.ജെ.പി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന തീരുമാനം പുറത്ത് വന്നതിന് പിന്നാലെ തങ്ങള്‍ വിശ്വാസ വോട്ടെടുപ്പിന് അനുമതി നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന എം.എല്‍.എ മാരുടെ യോഗത്തിലാണ് ഈ തീരുമാനം.
നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞിരുന്നു. വ്യാഴാഴ്ച നടന്ന ബി.ജെ.പി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
യോഗത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം നീക്കുമെന്ന തീരുമാനം കട്ടാരിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
‘ഞങ്ങള്‍ അവരുടെ വിശ്വാസ പ്രമേയത്തെ അവിശ്വാസ പ്രമേയത്തിലൂടെ നേരിടും’- ബി.ജെ.പി വക്തവായ സതീഷ് പൂനിയയാണ് ഈ പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ നിലവിലെ ചട്ടപ്രകാരം മുഖ്യമന്ത്രിയുടെ വിശ്വാസ പ്രമേയം മറ്റേതൊരു പ്രമേയത്തെയും അസാധുവാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ അവിശ്വാസ പ്രമേയ പ്രഖ്യാപനം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയങ്ങളേറുകയാണ്.
ബി.ജെ.പി യുടെ അവിശ്വാസ പ്രമേയം നിലനില്‍ക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണെന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചന നല്‍കുന്നത്.
പൈലറ്റ് തിരിച്ചുവന്നതോടെ കോണ്‍ഗ്രസിന് ഇപ്പോള്‍ 107 എം.എല്‍.എ മാരുടെ പിന്തുണയുണ്ട്. അതോടൊപ്പം 13 സ്വതന്ത്രരും നിലവില്‍ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 125 ആണ്. അതേസമയം നിയമസഭയിലെ ബി.ജെ.പിയുടെ അംഗബലം 75 ആണ്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തിന് സാധ്യതകള്‍ മങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം കൊറോണ വൈറസ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ഗെലോട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന എന്നതാണ് പ്രധാന അജണ്ടകളിലൊന്നായി ബി.ജെ.പി സ്വീകരിക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. പൈലറ്റിന്റെ തിരിച്ചുവരവ് കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ പരിഹരിച്ചുവെന്നതിന്റെ സൂചനയല്ല. ഇപ്പോഴും പാര്‍ട്ടിക്കുള്ളിലെ വിള്ളലുകള്‍ പഴയപോലെ തുടരുന്നു. അവ സമയോചിതമായി പുറത്തുവരുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: bjp non-confidence motion in rajastan