കേന്ദ്രത്തില്‍ മോദി അധികാരത്തിലെത്തിയതിന്റെ ചുവടുപിടിച്ച് വളരാന്‍ ശ്രമിച്ചിരുന്ന എ.ബി.വി.പി ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
അലഹബാദ് സര്‍വകലാശാലയിലെ എ.ബി.വി.പിയുടെ തെരഞ്ഞെടുപ്പ് തോല്‍വി ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. അഞ്ച് പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിച്ച എ.ബി.വി.പിക്ക് ജനറല്‍ സെക്രട്ടറി സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. കഴിഞ്ഞ കൊല്ലം രണ്ടെണ്ണമെങ്കിലും ജയിക്കാന്‍ എ.ബി.വി.പിക്കായിരുന്നു.
പ്രധാനപ്പെട്ട കാര്യം സമാജ്‌വാദി പാര്‍ട്ടി വിദ്യാര്‍ത്ഥി സംഘടനയായ സമാജ്‌വാദി ഛത്രസഭയോടാണ് അവര്‍ പരാജയപ്പെട്ടതെന്നാണ്. സെപ്റ്റംബറില്‍ ദല്‍ഹി സര്‍വകലാശാലയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എ.ബി.വി.പിക്ക് നഷ്ടപ്പെട്ടിരുന്നു.
2014ല്‍ ജെ.എന്‍.യുവിലും സ്വാധീനമുണ്ടാക്കാന്‍ എ.ബി.വി.പിക്ക് കഴിഞ്ഞിരുന്നു. പക്ഷെ 2017ലെ തെരഞ്ഞെടുപ്പില്‍ ഇടതുവിദ്യാര്‍ത്ഥി സഖ്യത്തിന് മുന്നില്‍ പരാജയപ്പെട്ട സംഘടനയ്ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോ.സെക്രട്ടറി എന്നീ നാല് കേന്ദ്രസീറ്റുകളില്‍ ഒന്നില്‍ പോലും ജയിക്കാനായിരുന്നില്ല.
ഹൈദരാബാദ് സര്‍വകലാശാലയില്‍ 2010 മുതല്‍ എല്ലാ യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും എ.ബി.വി.പി പരാജയപ്പെട്ടിരുന്നു. 2016ല്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ കമ്മിറ്റി എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് സീറ്റില്‍ ജയിച്ചെങ്കിലും ഇത്തവണ അതും നഷ്ടപ്പെട്ടിരുന്നു.
രാജസ്ഥാനിലെ ഉദയ്പൂര്‍, കോട്ട, ജയ്പൂര്‍, ബിക്കാനീര്‍ സര്‍വകലാശാലകളില്‍ എ.ബി.വി.പി പ്രതിനിധികള്‍ പ്രസിഡന്റുമാരായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പ്രധാന ക്യാമ്പസായ രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു സീറ്റ് മാത്രമാണ് എ.ബി.വി.പിക്ക് ലഭിച്ചത്.
ഇവിടെ പ്രസിഡന്റായത് എ.ബി.വി.പി റെബല്‍ സ്ഥാനാര്‍ത്ഥിയായ പവന്‍ യാദവ് ആയിരുന്നു. മറ്റു സ്ഥലങ്ങളിലും ഇതേ പാറ്റേണ്‍ തന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നത്.
വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യപ്പെടല്‍
എ.ബി.വി.പിയുടെ പരാജയങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് എ.ബി.വി.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഐക്യപ്പെട്ടതാണ്.
കഴിഞ്ഞ തവണ അലഹബാദ് സര്‍വകലാശാലയില്‍ യാദവ സ്ഥാനാര്‍ത്ഥികളടക്കം ഭിന്നിച്ചായിരുന്നു മത്സരിച്ചതെന്നും ഇത് എ.ബി.വി.പിക്ക് പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ കാരണമായെന്നും സമാജ്‌വാദി ഛത്രസഭ പ്രതിനിധി ചൗധരി ചന്ദന്‍ സിങ് പറഞ്ഞു.
ഇത്തവണ അതുണ്ടായില്ലെന്നും ഒറ്റ സ്ഥാനാര്‍ത്ഥിക്ക് കീഴില്‍ മത്സരിക്കാന്‍ എല്ലാവരും തീരുമാനിച്ചതാണ് എ.ബി.വി.പിയെ പരാജയപ്പെടുത്താന്‍ സാധിച്ചതെന്നും ചന്ദന്‍ സിങ് പറയുന്നു.
ശ്രീരാഗ് പൊയ്ക്കാടന്‍ (ഇടത്), രാധിക വെമുലയ്‌ക്കൊപ്പം
വരാനിരിക്കുന്ന ദീന്‍ദയാല്‍ ഉപധ്യായ ഗൊരഖ്പൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് പ്രയോഗിക്കുകയെന്നും എസ്.സി, എസ്.ടി, മുസ്‌ലിം, യാദവ വിഭാഗങ്ങളിലെ മൂന്നു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടാണെന്നും സമാജ്‌വാദി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ പറയുന്നു.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇത്തവണ അലൈന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന് (എഎസ്‌ജെ) എന്ന പേരിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ എ.ബി.വി.പിക്കെതിരെ മത്സരിച്ചത്.
എസ്എഫ്‌ഐയ്ക്കും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയനും (എഎസ്എ) പുറമെ, ഡി എസ് യു (ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍), ടിഎസ്എഫ് (ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫോറം) എസ്‌ഐഒ, എംഎസ്എഫ് എന്നീ സംഘടനകളാണ് എഎസ്‌ജെയിലുണ്ടായിരുന്നത്. എ.എസ്.എ പ്രതിനിധിയായ ശ്രീരാഗ് പൊയ്ക്കാടനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇഫഌവിലും ഇടത്-ദളിത് സഖ്യം ഒറ്റക്കെട്ടായി മത്സരിച്ച് എല്ലാ സീറ്റുകളും നേടിയിരുന്നു.
ക്യാമ്പസുകളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും എ.ബി.വി.പി ശ്രമം നടത്തുന്നു
നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം എ.ബി.വി.പിയെ ഉപയോഗിച്ച് സര്‍വകലാശാലകളെ തകര്‍ക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്നത് വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഉടലെടുക്കാന്‍ കാരണമായിരുന്നു.
രോഹിത് വെമുല, നജീബ് അഹമ്മദ് വിഷയങ്ങളും ജെ.എന്‍.യുവും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലടക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എ.ബി.വി.പിക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയ്ക്കും മറ്റ് ദളിത് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ എ.ബി.വി.പിയുടെ വ്യാജപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍ ആരംഭിച്ചത്.
ജെ.എന്‍.യുവില്‍ രാജ്യദ്രോഹ വിവാദം ഉയര്‍ന്നപ്പോള്‍ സര്‍വകലാശാലയ്‌ക്കെതിരായ സര്‍ക്കാര്‍ പ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് എ.ബി.വി.പി ചെയ്തത്.
ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ നജീബ് അഹമ്മദിനെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരനാണെന്ന് സര്‍വകലാശാല അന്വേഷണസമിതി കണ്ടെത്തിയ വിദ്യാര്‍ത്ഥിയെ എ.ബി.വി.പി മത്സരത്തിനിറക്കിയിരുന്നു. സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ വിഭാഗം കൗണ്‍സിലര്‍ സ്ഥാനത്തേക്കാണ് നജീബിനെ മര്‍ദിച്ച നാല് പ്രതികളിലൊരാളായ അങ്കിത് റോയിയെ എ.ബി.വി.പി മത്സരിപ്പിച്ചത്.
ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ നജീബിന്റെ തിരോധാനം ഉള്‍പ്പടെ വിഷയമാകുന്ന സാഹചര്യത്തിലായിരുന്നു കേസിലെ ആരോപണ വിധേയനായ വിദ്യാര്‍ത്ഥിയെ എ.ബി.വി.പി സ്ഥാനാര്‍ത്ഥിയാക്കിയത്.
പൂനെ ഫിലിം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങള്‍ക്കെതിരായി ഗജേന്ദ്ര ചൗഹാനെ ചെയര്‍പെഴ്‌സണായി നിയമിച്ചപ്പോഴും കേന്ദ്ര സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് എ.ബി.വി.പി നിന്നത്.
ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളേജിലും എ.ബി.വി.പി നടത്തിയ ആക്രമണങ്ങള്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
സര്‍വകലാശാലയിലേക്ക് ഉമര്‍ഖാലിദിനെ പ്രസംഗിക്കാന്‍ വിളിച്ചതായിരുന്നു എ.ബി.വി.പിയെ പ്രകോപിപ്പിച്ചത്. രാംജാസ് സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
ഏറ്റവും ഒടുവിലായി ബനാറസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ പ്രക്ഷോഭത്തെ നക്‌സല്‍ ബന്ധമാരോപിച്ച് തകര്‍ക്കാനാണ് ബി.ജെ.പിയടക്കം ശ്രമിച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധം നക്‌സല്‍ പ്രവര്‍ത്തനമാണെന്നായിരുന്നു ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നത്.
വിവരങ്ങള്‍ക്ക് കടപ്പാട്: സ്‌ക്രോള്‍