| Saturday, 12th March 2022, 12:27 pm

കറാച്ചി ടെസ്റ്റില്‍ ഇന്ത്യ പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ കാരണമെന്ത്?

സ്പോര്‍ട്സ് ഡെസ്‌ക്

മാര്‍ച്ച് 12ന് പ്രധാനപ്പെട്ട രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് നടക്കാനുള്ളത്. ഓസ്‌ട്രേലിയ പാകിസ്ഥാനെ നേരിടുന്ന കറാച്ചി ടെസ്റ്റും ഇന്ത്യ – ശ്രീലങ്ക ടെസ്റ്റും. എന്നാല്‍, ഇന്ത്യയുടെ നോട്ടം ഓസീസ്-പാക് ടെസ്റ്റിലായിരിക്കും, പിന്തുണയ്ക്കുന്നത് ബാബറിനെയും പിള്ളേരെയും.

നിലവില്‍ ഇന്ത്യക്ക് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്താന്‍ ശ്രീലങ്കയെക്കെതിരായ ടെസ്റ്റ് വൈറ്റ്‌വാഷ് ചെയ്ത് ജയിച്ചാല്‍ മാത്രം പോര, പാകിസ്ഥാന്‍ കങ്കാരുക്കളെ തോല്‍പിക്കുകയും ചെയ്യണം. ഇന്ത്യയുടെ നിലവിലെ ഫോം അനുസരിച്ച് ശ്രീലങ്കയെ പുഷ്പം പോലെ തോല്‍പിക്കാം, എന്നാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ പാക് പടയുടെ സഹായം കൂടിയേ തീരൂ.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക മത്സരം അരങ്ങേറുന്നത്. പിച്ചിന്റെ സ്വഭാവം കൃത്യമായി അറിയുന്ന ഇന്ത്യയ്ക്ക് ഇക്കാര്യവും ഗുണം ചെയ്യും.

ശ്രീലങ്കയെ തോല്‍പിച്ച് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ് തുടരാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം കിവീസിനെ തോല്‍പിച്ചായിരുന്നു ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയത്. എന്നാല്‍ ആഷസില്‍ ഇംഗ്ലണ്ടിനെ വൈറ്റ്‌വാഷ് ചെയ്ത് കങ്കാരുക്കളെത്തിയതോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിന്നും ഇറങ്ങിക്കൊടുക്കുകയായിരുന്നു.

എന്നാല്‍, നഷ്ട കിരീടം വീണ്ടെടുക്കാന്‍ ഇന്ത്യയ്ക്ക് വീണ്ടും അവസരം ഉണ്ടായിരിക്കുകയാണ്, എന്നാല്‍ അതിന് പാകിസ്ഥാന്‍ കൂടെ വിചാരിക്കണമെന്ന് മാത്രം.

അടുത്ത രണ്ട് മത്സരങ്ങള്‍ ഓസീസിനെ ജയിക്കാന്‍ സമ്മതിക്കാതിരിക്കുകയോ, ഒരു ടെസ്റ്റിലെങ്കിലും പാകിസ്ഥാന്‍ ജയിക്കുകയോ ചെയ്താല്‍ അത് ഇന്ത്യയ്ക്കാവും ഏറ്റവും ഗുണം ചെയ്യുന്നത്.

ശ്രീലങ്കയെ രണ്ടാം ടെസ്റ്റില്‍ പരാജയപ്പെടുത്തി 2-0 എന്ന നിലയില്‍ സീരീസ് സ്വന്തമാക്കിയാല്‍ രോഹിത്തിനും സംഘത്തിനും 118 പോയിന്റാവും.

ഓസീസ്-പാക് പരമ്പര 0-0 എന്ന നിലയില്‍ അവസാനിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് 115 പോയിന്റാവുകയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പടുകയും ചെയ്യും. ഇനി അഥവാ ഒരു ടെസ്റ്റില്‍ പാകിസ്ഥാന്‍ ജയിക്കുക കൂടി ചെയ്താല്‍ ഓസീസ് 111 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്യും.

ഓസീസ് പാക് പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലായാല്‍ പോലും ഓസീസ് രണ്ടാം സ്ഥാനത്തേക്കിറങ്ങേണ്ടി വരും. എന്നാല്‍ പാകിസ്ഥാനുമായുള്ള രണ്ട് മത്സരത്തിലും ജയിക്കുകയാണെങ്കില്‍ 121 പോയിന്റോടെ ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സപ്പോര്‍ട്ട പാകിസ്ഥാന്‍ ടീമിനാവുമെന്നുറപ്പ്.

Content Highlight:  Why Team India will be supporting Pakistan in Karachi Test against Australia?
We use cookies to give you the best possible experience. Learn more