ന്യൂദല്‍ഹി: ദല്‍ഹിയില്‍ കേദാര്‍നാഥ് ക്ഷേത്രത്തിന് തറക്കല്ലിട്ടതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഹിന്ദു പാരമ്പര്യങ്ങളെ അട്ടിമറിക്കുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ഉത്തരാഖണ്ഡിലെ നാല് പ്രധാന ഹിന്ദു ആരാധനാലയങ്ങളില്‍ ഒന്നാണ് കേദാര്‍നാഥ് ക്ഷേത്രം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കഴിഞ്ഞയാഴ്ച ദല്‍ഹിയിലെ കേദാര്‍നാഥ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.
കേദാര്‍നാഥ് തീര്‍ഥാടനം നടത്താന്‍ കഴിയാത്ത പ്രായമായ തീര്‍ഥാടകര്‍ക്ക് വേണ്ടിയാണ് ദല്‍ഹിയിലെ ക്ഷേത്രമെന്നാണ് കേദാര്‍നാഥ് ധാം ട്രസ്റ്റ് ദല്‍ഹിയുടെ പ്രസിഡന്റായ സുരേന്ദ്ര റൗട്ടേല പറഞ്ഞത്.
അതേസമയം, ബി.ജെ.പി ഹിന്ദു പാരമ്പര്യത്തെ അട്ടിമറിക്കുകയാണെന്നും കേദാര്‍നാഥ് ക്ഷേത്രം ഫ്രാഞ്ചൈസി ചെയ്യുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ബി.ജെ.പി മുമ്പ് സ്വന്തമായി ഡസന്‍ കണക്കിന് ശങ്കരാചാര്യന്‍മാരെ സൃഷ്ടിച്ചത് പോലെ, അവര്‍ ഇപ്പോള്‍ ജ്യോതിര്‍ലിംഗങ്ങളുടെ മഹത്വത്തെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗരിമ മെഹ്‌റ ദസൗനി, ശീഷ്പാല്‍ ബിഷ്ത് എന്നിവരെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കേദാര്‍നാഥ് ക്ഷേത്രത്തിന് അതിന്റേതായ ചരിത്രവും വിശ്വാസവുമുണ്ട്. നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും സ്ഥാപിക്കാനാകുന്ന ഒരു ഫ്രാഞ്ചൈസി അല്ല അതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയിലെ ക്ഷേത്രത്തിന് കേദാര്‍നാഥ് എന്ന പേര് നല്‍കുന്നതിനെ ചില ഹിന്ദു മതപുരോഹിതരും എതിര്‍ത്തിരുന്നു.
Content Highlight: Why tamper with Hindu rituals? Congress asks BJP on building Kedarnath temple in Delhi