| Thursday, 21st November 2019, 12:17 pm

'സര്‍ക്കാരിനെ വെട്ടിലാക്കാതെ യുവതീപ്രവേശനത്തിനെതിരെ ഇപ്പോള്‍ തന്നെ വിധിച്ചൂടെ'; ഇന്ത്യയെ കലാപ ഭൂമിയാക്കാനാണ് സുപ്രീംകോടതി ശ്രമമെന്നും കെ.എന്‍ ഗണേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയെ നവ മുതലാളിത്ത സംരംഭമാക്കാനാണ് ‘ദേവനും കോടതിയും’ ശ്രമിക്കുന്നതെന്ന് ചരിത്രകാരന്‍ കെ. എന്‍ ഗണേഷ്. ശബരിമലയില്‍ ക്ഷേത്ര ഭരണത്തിന് രണ്ടു മാസത്തിനകം പുതിയ നിയമം ഉണ്ടാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ പരിഹസിച്ചാണ് കെ. എന്‍ ഗണേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സുപ്രീം കോടതിയിലെ ഏമാന്‍മാര്‍ കേരളത്തെ മാത്രമല്ല ഇന്ത്യയെ തന്നെ കലാപഭൂമിയാക്കാനാണ് ചിന്തിക്കുന്നതെന്നും ഗണേഷ് പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ തീരുമാനിക്കേണ്ടത് കണിയാന്മാരല്ലെന്നും ദൈവ നിശ്ചയങ്ങളുടെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഒരു മധ്യകാല ദേവപ്രശ്‌നത്തെ മുന്‍ നിര്‍ത്തി വാദമാരംഭിച്ച കോടതി എത്തുന്നത് ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ എണ്ണത്തിലാണ്. അതായത് ക്ഷേത്രം ഉണ്ടാക്കുന്ന സാമ്പത്തികലാഭത്തിലാണെന്നും ക്ഷേത്രത്തെ ഒരു മുതലാളിത്തസംരംഭമാക്കാനുള്ള നിയമമാണ് ദേവനും കോടതിയും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ആലോചിച്ചിട്ടുള്ള ഭരണസമിതിയില്‍ 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏഴംഗ ബെഞ്ച് സ്ത്രീ പ്രവേശനം തടഞ്ഞാല്‍ 33 ശതമാനത്തിന്റെ പ്രവേശനവും റദ്ദാക്കില്ലെ എന്ന ജസ്റ്റിസ് രമണയുടെ വാദത്തെയും ഗണേഷ് വിമര്‍ശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഴംഗ ബെഞ്ചിന്റെ വിധി എന്തായിരിക്കുമെന്ന് നേരത്തെ തന്നെ ധാരണയുണ്ട് എന്നല്ലേ ജസ്റ്റിസ് രമണയുടെ വാക്കുകളുടെ അര്‍ത്ഥം എന്നും ഗണേഷ് ചോദിച്ചു. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ തന്നെ യുവതീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് വിധിച്ചു കൂടെ എന്നും എന്തിനാണ് സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ശ്രമിക്കുന്നതെന്നും ഗണേഷ് ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതിയിലെ ഏമാന്മാര്‍ കേരളത്തെ മാത്രമല്ല ഇന്ത്യയെ തന്നെ കലാപ ഭൂമിയാക്കും എന്നാണ് കെ. എന്‍ ഗണേഷിന്റെ പരാമര്‍ശം. ദേവ പ്രശ്‌നത്തെ നിയമമാക്കണമെന്ന് പറയുന്ന പന്തളത്തെ തമ്പുരാന്റെ ഹരജി തോട്ടില്‍ ഇടേണ്ടതാണെന്നും ഗണേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുപ്രീം കോടതിയിലെ ഏമാന്മാര്‍ കേരളത്തെ മാത്രമല്ല ഇന്ത്യയെത്തന്നെ കലാപഭൂമിയാക്കണമെന്ന് ചിന്തിച്ചുറപ്പിച്ചതുപോലെ തോന്നുന്നു.
ഒരുദേവപ്രശ്‌നത്തെ നിയമമാക്കണമെന്ന പന്തളത്തെ ഏതോ തിരുനാള്‍ തമ്പുരാന്റെ ഹര്‍ജി ആ നിമിഷം എടുത്ത് തോട്ടില്‍ ഇടേണ്ടതാണ്. രാജ്യത്തെ നിയമങ്ങള്‍ തീരുമാനിക്കേണ്ടത് കണിയാന്മാരല്ല. ദൈവനിശ്ചിതനിയമങ്ങളുടെ കാലം കഴിഞ്ഞുവെന്ന് കോടതിയും തമ്പുരാനും മറന്നിരിക്കുന്നു. അതിനെ ഉപയോഗിച്ച് ശബരിമലക്ക് ഒരു പ്രത്യേകനിയമം വേണമെന്ന് കോടതി അനുശാസിക്കുകയും ചെയ്യുന്നു. അതിനു പറയുന്ന കാരണമാണ് ഏറ്റവും വിചിത്രം. തിരുപ്പറ്റിയും ഗുരുവായൂരും പോലെ ധാരാളം ഭകതരും പണവുമുള്ള അമ്പലമായതുകൊണ്ടാണ് പ്രത്യേകനിയമം ആവശ്യമായി വരുന്നത്.

ഒരു മധ്യകാല ദേവപ്രശ്‌നത്തെ മുന്‍ നിര്‍ത്തി വാദമാരംഭിച്ച കോടതി എത്തുന്നത് ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ എണ്ണത്തിലാണ്. അതായത് ക്ഷേത്രം ഉണ്ടാക്കുന്ന സാമ്പത്തികലാഭത്തിലാണ്. ക്ഷേത്രത്തെ ഒരു മുതലാളിത്തസംരംഭമാക്കാനുള്ള നിയമമാണ് ദേവനും കോടതിയും ആഗ്രഹിക്കുന്നത് ! ഒരു നവ മധ്യകാലമുതലാളിസംരംഭം !

ജസ്റ്റിസ് രമണ യുടെ കമന്റാണ് അതിലും വിചിത്രം. ഇപ്പോള്‍ ആലോചിച്ചിട്ടുള്ള നിയമത്തില്‍ ഭരണസമിതിയില്‍ മുപ്പത്തിമൂന്നു ശതമാനം സംവരണത്തെ സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ ഏഴംഗബെഞ്ച് യുവതികളുടെ പ്രവേശനം റദ്ദാക്കിയാല്‍ മുപ്പത്തിമൂന്നു ശതമാനത്തിന്റെ പ്രവേശനവും റദ്ദാക്കില്ലെ എന്നാണ് ജസ്റ്റിസ് ചോദിക്കുന്നത്. അതായത് ഏഴംഗബെഞ്ചിന്റെ വിധി എന്തായിരിക്കണമെന്ന് ഇപ്പോള്‍ തന്നെ ധാരണയുണ്ട് എന്നല്ലേ ഇതിന്റെ അര്‍ത്ഥം? അങ്ങിനെയാണെങ്കില്‍ യുവതീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് ഏമാന്മാര്‍ക്ക് ഇപ്പോള്‍ തന്നെ വിധിച്ചുകൂടായിരുന്നോ? നാടകം കളിച്ച് ഗവേണ്മെന്റുകളെ വെട്ടിലാക്കുന്നതു ഒരു തമാശയാണോ?

വിധി വരട്ടെ അപ്പോള്‍ കാണാം എന്ന് പറയുന്നതിന് പകരം ഹിന്ദുക്ഷേത്രങ്ങള്‍ക്കുള്ള പൊതുനിയമമാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു മറുപടി. ശബരിമലക്ക് പ്രത്യേകനിയമം എന്നത് തന്നെ യുവതീപ്രവേശനത്തില്‍ ഗവേണ്മെന്റിനെ വെട്ടിലാക്കാനാണെന്നു വ്യക്തമാകുമ്പോള്‍ അതനുസരിച്ച് മറുപടി പറയുകയെങ്കിലും വേണ്ടേ? കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കോല ത്തിലാണല്ലോ നമ്മുടെ അഭിഭാഷകര്‍!

We use cookies to give you the best possible experience. Learn more