| Wednesday, 26th December 2018, 4:44 pm

മധ്യപ്രദേശിലെ സമീപനം ചൊടിപ്പിച്ചു; കോണ്‍ഗ്രസ് സഖ്യത്തോടുള്ള എതിര്‍പ്പിന് കാരണം വ്യക്തമാക്കി അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നോട്ടു വെക്കുന്ന പ്രതിപക്ഷ സഖ്യത്തോടാണ് താത്പര്യമെന്ന് പ്രഖ്യാപിച്ച എസ്.പി നേതാവ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചത് മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ നടപടിയെന്ന് സൂചന.

കോണ്‍ഗ്രസിന് നന്ദിയെന്നും മധ്യപ്രദേശിലെ എസ്.പിയുടെ ഏക എം.എല്‍.എ മന്ത്രിയാകാത്തത് കൊണ്ട് തങ്ങള്‍ക്ക് മുന്നില്‍ തുറന്ന വഴിയാണുള്ളതെന്നും അഖിലേഷ് പറഞ്ഞു.

ഡിസംബര്‍ 25നോ 26നോ തെലങ്കാന മുഖ്യമന്ത്രിയെ കാണേണ്ടതായിരുന്നു. എന്നാല്‍ തനിക്ക് സമയം അനുവദിച്ചില്ല. ജനുവരി 6നുശേഷം വീണ്ടും അദ്ദേഹത്തോട് സമയം ചോദിക്കുമെന്നും അഖിലേഷ് പറഞ്ഞു.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയത്ത് തന്നെ ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ മൂന്ന് ബി.എസ്.പി എം.എല്‍.എമാര്‍ക്കും പദവികളൊന്നും നല്‍കിയിട്ടില്ല. അതേസമയം സ്വതന്ത്രരായി മത്സരിച്ച് ജയിച്ച 4 കോണ്‍ഗ്രസ് വിമത എം.എല്‍.എമാരില്‍ ഒരാള്‍ക്ക് കോണ്‍ഗ്രസ് മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ വിശാല മുന്നണിക്കു ബദലായാണ് ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണിക്കു രൂപം കൊടുത്തത്. മുന്നണി രൂപവത്കരണ ശ്രമത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായും നവീന്‍ പട്നായിക്കുമായും ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.

ബി.എസ്.പി നേതാവ് മായാവതിയുമായും റാവു കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ യു.പി.എ, എന്‍.ഡി.എ മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് കെ.സി.ആറിന്റെ നീക്കം.

We use cookies to give you the best possible experience. Learn more