തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ പോലെയുള്ള ചില പൊതുപരിപാടികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പൊതുവെ അഭിമുഖങ്ങളിലും സിനിമാ പ്രൊമോഷന്‍ പരിപാടികളിലും നയന്‍താരയെ അങ്ങനെ കാണാറില്ല.
അഭിമുഖങ്ങളും സിനിമാ പ്രൊമോഷന്‍ പരിപാടികളെയും ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് നയന്‍താര തുറന്നുപറയുകയാണ്. കരിയറിന്റെ തുടക്ക കാലത്തില്‍ മാധ്യമങ്ങള്‍ തന്നെ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്നും അതുകാരണം പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്നുമാണ് നയന്‍താര പറയുന്നത്.
”ആരംഭ കാലത്തില്‍ എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാല്‍ നിറയെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോള്‍ അതില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ വരും. ഞാന്‍ ചിന്തിക്കുന്നതിനെ കുറിച്ചും പറയേണ്ടി വരും.
എന്നാല്‍ എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെ തന്നെ ഞാന്‍ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതില്‍ എനിക്ക് താല്പര്യമില്ല.
അതുപോലെ സിനിമയെ സംബന്ധിച്ചാണെങ്കില്‍ എന്റെ ജോലി അഭിനയം മാത്രമാണ്. അതുകൊണ്ട് ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം സംസാര വിഷയം ആയാല്‍ മതിയെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് ഞാന്‍ മീഡിയ, പ്രൊമോഷന്‍ എന്നിവയില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിനില്‍ക്കുന്നത്, നയന്‍താര പറഞ്ഞു.
തമിഴ്, തെലുങ്ക് സിനിമകളില്‍ എത്ര തിരക്കായാലും മലയാളത്തില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഓടിവരുന്ന താരം കൂടിയാണ് നയന്‍താര. തമിഴിലും തെലുങ്കിലും വലിയ മാര്‍ക്കറ്റ് വാല്യു ഉള്ള താരം മലയാള സിനിമയിലെ ബജറ്റിന് അനുസരിച്ചേ പ്രതിഫലം വാങ്ങാറുള്ളൂ എന്ന കാര്യവും പൊതുവായി പറയപ്പെടുന്ന ഒന്നാണ്.
എത്ര തിരക്കായാലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നമ്മള്‍ എത്ര വളര്‍ന്നു കഴിഞ്ഞാലും, നമ്മളുടെ മാതൃഭാഷയെ മറക്കുവാന്‍ പാടില്ലെന്നും അതുപോലെ തന്നെ ഒരു നടിയാക്കിയ മലയാള സിനിമയെ ഒരിക്കലും മറക്കില്ലെന്നുമായിരുന്നു നയന്‍താരയുടെ മറുപടി.