| Sunday, 16th June 2024, 7:29 pm

കലാപങ്ങളെ കുറിച്ച് കുട്ടികൾ എന്തിന് പഠിക്കണം; പാഠപുസ്തകങ്ങളിലെ മാറ്റത്തെ ന്യായീകരിച്ച് എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ പ്ലസ് ടു പാഠപുസ്തകം പുറത്തിറക്കിയതില്‍ വിശദീകരണവുമായി എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാവിവല്‍ക്കരണം നടത്തുകയാണെന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.

കലാപങ്ങളെ കുറിച്ച് എന്തിനാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നാണ് വിവാദങ്ങള്‍ക്ക് വിശദീകരണമായി ദിനേശ് പ്രസാദ് അവകാശപ്പെട്ടത്. ഗുജറാത്ത് കലാപത്തെ കുറിച്ച് പഠിപ്പിക്കുന്നത് അക്രമാസക്തരായ പൗരന്‍മാരെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ ഞങ്ങള്‍ എന്തിന് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കലാപത്തെക്കുറിച്ച് പഠിപ്പിക്കണം. അക്രമാസക്തരായ വ്യക്തികളെയല്ല മറിച്ച് പോസിറ്റീവായ പൗരന്മാരെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ ദിനേശ് പ്രസാദ് പറഞ്ഞു.

നമ്മുടെ വിദ്യാര്‍ത്ഥികളെ സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാനാണോ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അതാണോ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കലാപങ്ങളെ കുറിച്ചൊക്കെ അവര്‍ക്ക് വലുതാകുമ്പോള്‍ പഠിക്കാം. എന്തിനാണ് അതെല്ലാം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

കുട്ടികള്‍ വലുതാകുമ്പോള്‍ എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും അവര്‍ മനസ്സിലാക്കട്ടെ. മാറ്റങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ അപ്രസക്തമാണെന്നും എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ പറഞ്ഞു.

ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ടുള്ള 2019ലെ സുപ്രീം കോടതി വിധിയും അദ്ദേഹം പരാമര്‍ശിച്ചു. രാമജന്മഭൂമിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നിട്ടുണ്ടെങ്കില്‍ ബാബരി മസ്ജിദിനെ കുറിച്ച് പാഠപുസ്തകങ്ങളില്‍ പറയേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

പേര് പരാമർശിക്കാതെ മൂന്ന് മിനാരങ്ങള്‍ ഉള്ള പള്ളിയെന്ന് മാത്രമാണ് ബാബരിയെ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. എന്‍.സി.ഇ.ആര്‍.ടിയുടെ പഴയ പാഠഭാഗത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി എന്നായിരുന്നു ഉണ്ടായിരുന്നത്.

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം കൊടുക്കുകയും ചെയ്ത കല്യാണ്‍ സിങ്ങിനെതിരെയുള്ള സുപ്രീം കോടതിയുടെ നടപടിയും പുസ്തകത്തിലില്ല. ‘നിയമ നടപടികളില്‍ നിന്ന് സൗഹാര്‍ദപരമായ സ്വീകാര്യതയിലേക്ക്’ എന്ന തലക്കെട്ടിലാണ് ഈ സംഭവത്തെ പുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

Content Highlight: Why should we teach about riots in schools?’: NCERT chief on tweaks in textbooks

We use cookies to give you the best possible experience. Learn more