പിണറായിയുടെ വിജയം കെടുത്തുമോ വിജയരാഘവന്‍ എന്ന ചോദ്യം പ്രസക്തമാവുന്നത്, പല സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളാണ്. മുസ്‌ലിം / ദലിത് സമൂഹത്തെക്കുറിച്ചുള്ള ഇടതു ധാരണകളുമായി ചേര്‍ന്നു പോകുന്നതല്ല, വിജയരാഘവന്‍ പലപ്പോഴായി നടത്തിയ രാഷ്ട്രീയ പരാമര്‍ശങ്ങള്‍. വിജയരാഘവന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ‘മുസ്‌ലിമുകള്‍’ക്ക് നേരെയുള്ളതാണ് എന്ന് ചിലര്‍ പരാതിപ്പെടുന്നത് എന്തുകൊണ്ടാണ്? അങ്ങനെ പരാതി പറയുന്നതില്‍ കഴമ്പുണ്ടോ?
കേരളത്തിലെ മുസ്‌ലിങ്ങള്‍ മതാത്മക സമൂഹമാണ്, രാഷ്ട്രീയ സമൂഹമല്ല. മതാത്മകത എന്നു പറയുമ്പോള്‍, ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ‘ഇസ്‌ലാം’ ചര്‍ച്ച ചെയ്യപ്പെടുന്ന ദേശം കേരളമായിരിക്കും. ആര്‍.എസ്.എസിന് വലിയ വേരോട്ടമുള്ള മണ്ണ് കേരളമാണ് എന്ന് പറയുന്നതു പോലെ, ഇസ്‌ലാമിന് വലിയ വേരോട്ടമുള്ള ഇടവും കേരളമാണ്. സലഫികളും സുന്നികളും മാത്രമല്ല, ‘മുസ്‌ലിം യുക്തിവാദികള്‍’ പോലും കേരളത്തില്‍ സാധ്യമാണ്.
സൗദിയില്‍ നിന്ന് വഹാബിസം പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടാല്‍ പോലും കേരളത്തില്‍ അതിന്റെ വേരും പടര്‍പ്പും അങ്ങനെത്തന്നെ നിലനില്‍ക്കും. പൂര്‍ണ്ണമായും മതവല്‍ക്കരിക്കപ്പെട്ട ഇസ്‌ലാമിക സമൂഹമായതു കൊണ്ടാണ്, തെരഞ്ഞെടുപ്പ് രാഷ്ട്രീയം പറയുമ്പോള്‍ ‘മുസ്‌ലിം’ എന്ന പേരുച്ചരിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ മതേതര പാര്‍ട്ടികള്‍ ബാധ്യസ്ഥമാവുന്നത്.
മുസ്‌ലിം ലീഗിനെ രാഷ്ട്രീയ കാരണങ്ങളാല്‍ എതിര്‍ക്കുന്ന എത്രയോ മുസ്‌ലിങ്ങളുണ്ട്. അടിസ്ഥാന മുസ്‌ലിം ജനവിഭാഗത്തിന്റെ പാര്‍ട്ടിയല്ല, മുസ്‌ലിം ലീഗ്. പ്രമാണിമാരുടെ മേല്‍ക്കോയ്മയാല്‍ നിയന്ത്രിക്കപ്പെടുന്ന പാര്‍ട്ടിയാണ്. റമളാന്‍ മാസത്തില്‍ സ്റ്റേജ് കെട്ടി, പേരു വിളിച്ച്, സകാത്തും ഇഫ്താര്‍ കിറ്റും കൊടുത്ത് ആ പാവങ്ങളുടെ പടം ചന്ദ്രികയില്‍ വരുത്തുന്ന പാര്‍ട്ടിയാണ്. ഇടം കൈയറിയാതെ വലം കൈ കൊണ്ട് ദാനം ചെയ്ത പാരമ്പര്യമില്ല. പ്രസംഗിക്കാന്‍ മാത്രമാണ് മുസ്‌ലിം ലീഗിലെ നേതാക്കള്‍ കാറില്‍ നിന്നിറങ്ങാറുള്ളത്.
അതുകൊണ്ടാണ് കൊടപ്പനക്കല്‍ തറവാട്ടിന്റെ മുറ്റത്തേക്ക് കാറില്‍ പോകരുത് എന്ന് പൂക്കോയ തങ്ങളുടെ കാലം മുതലേ ഒരു ചിട്ടയുള്ളത്. ആ ചെറിയ ദൂരമെങ്കിലും മണ്ണില്‍ ചവിട്ടി നടക്കട്ടെ എന്ന് സൗമ്യനും സാത്വികരുമായ പഴയ തങ്ങന്മാര്‍ ദീര്‍ഘദര്‍ശനം ചെയ്തു. ഒരു തരത്തില്‍ പറഞ്ഞാല്‍, ‘പുയ്യാപ്ല’മാരുടെ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.
പിണറായി വിജയനെ ‘തിരുത്തുന്ന’ പെണ്‍കുട്ടികള്‍ ലീഗ് പാര്‍ട്ടിയിലുണ്ടെങ്കിലും, പൂമുഖത്തേക്ക് പ്രവേശനമില്ല. സ്ത്രീ സംവരണം എന്ന ആശയം രാഷ്ട്രീയമായി പ്രാബല്യത്തില്‍ വന്നതുകൊണ്ടാണ് മുസ്‌ലിം സ്ത്രീകള്‍ അധികാരത്തില്‍ വന്നത്. ഇല്ലെങ്കില്‍ വഅളില്‍ കമ്മലൂരി കൊടുക്കുന്ന അവസ്ഥയില്‍ അവര്‍ തുടരുമായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ അധികാരത്തില്‍ വന്നാല്‍ ലോകാവസാനത്തിന്റെ അടയാളമാണെന്ന് പണ്ഡിതന്മാര്‍ പ്രസംഗിച്ചിട്ടുണ്ട്.
വാര്‍ഡ് തലത്തിലാണെങ്കില്‍ പോലും ഏറെ മുസ്‌ലിം സ്ത്രീകള്‍ അധികാരത്തിലേറിയ കേരളത്തിലെങ്കിലും ‘ലോകം അവസാനിക്കേണ്ട’താണ്. പക്ഷെ, അവസാനിച്ചിട്ടില്ല. ഭൂമി ഉരുണ്ടതാണോ, പരന്നതാണോ എന്ന സംവാദം തുടരുന്നുണ്ട്. ലോകം അവസാനിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും, വിജയരാഘവന്‍ വാ തുറക്കുമ്പോള്‍, അത് വലിയ പ്രശ്‌നമാവുന്നത്, അതിന്റെ ഉള്ളടക്കം ‘വെറുപ്പു ‘ല്‍പാദിപ്പിക്കുന്നു എന്നതുകൊണ്ടാണ്.
‘ഞങ്ങള്‍ വരച്ച വരയില്‍ നിങ്ങള്‍ നില്‍ക്കണം’ എന്ന ഒരു ‘ചിരിക്കുന്ന’ ധാര്‍ഷ്ട്യം അതിലുണ്ട്. മുസ്‌ലിങ്ങളുടെ മതേതരത്വത്തിന് വിജയരാഘവനോ സി.പി.ഐ.എമ്മോ ‘എ’ ഗ്രേഡ് നല്‍കി പാസാക്കണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, മുസ്‌ലിം ലീഗിനെ ഒറ്റ തിരിഞ്ഞ് പിടിക്കുമ്പോള്‍, രാഷ്ട്രീയ കാരണങ്ങളാല്‍ മുസ്‌ലിം ലീഗിനെ എതിര്‍ക്കുന്നവര്‍ പോലും വിജയരാഘവന്‍ ഇടതുപക്ഷത്തിന്റെ ശോഭ കെടുത്തുമെന്ന് പറയുന്നത് അതുകൊണ്ടാണ്. കേരള കോണ്‍ഗ്രസ്സിന്റെ തോളില്‍ കയ്യിട്ടാണ്, ജോസ് കെ. മണിയുടെ ഒക്കച്ചങ്ങായിയാണ് ഈ വര്‍ത്തമാനം.
മുസ്‌ലിങ്ങള്‍ ഇന്ന് ഇന്ത്യയില്‍ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ട നിലയിലല്ല. സംഘപരിവാര്‍ മുസ്‌ലിങ്ങളെ ‘ടാര്‍ഗറ്റ്’ ചെയ്യുമ്പോള്‍, മുസ്‌ലിങ്ങള്‍ സ്വാഭാവികമായും ഇടതു ചേരിയില്‍ നില്‍ക്കും. ലോക്‌സഭാ ഇലക്ഷനു ശേഷം കോണ്‍ഗ്രസില്‍ ഉള്ള പ്രതീക്ഷ മുസ്‌ലിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, വിജയരാഘവന്‍ വെറുപ്പിന്റെ രാഷ്ട്രീയം പറയുമ്പോള്‍, (അത് ബോധപൂര്‍വ്വമായിരിക്കില്ല) മുസ്‌ലിം സ്പിരിറ്റ് ഇടതുപക്ഷത്തിന് എതിരാവും. ആ വിടവ് ഹിന്ദു ഭൂരിപക്ഷ വോട്ടുകള്‍ കൊണ്ട് ഇടതിന് അനുകൂലമായാല്‍ പോലും, അധികാരത്തിലേറാന്‍ അതു മാത്രം പോരാ. ഭൂരിപക്ഷം, ന്യൂനപക്ഷം എന്നിങ്ങനെ വേര്‍തിരിവിന്റെ രാഷ്ട്രീയം പറയാതെ, ‘യഥാര്‍ഥ ഇന്ത്യന്‍ രാഷ്ട്രീയം’ പറയുന്നതാവും സഖാക്കള്‍ക്ക് ഈ ഘട്ടത്തില്‍ നല്ലത്.
അതുകൊണ്ട് പിണറായി വിജയന്‍ ഭയക്കേണ്ടത് ഉമ്മന്‍ ചാണ്ടിയെയല്ല, വിജയരാഘവനെയാണ്. വിജയരാഘവനിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക