ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചത് രാജ്യത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ ധാരാവിയ്ക്ക് സമീപമുള്ള സ്വാകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ധാരാവിയിലെയും മുംബൈയിലെയും ജനസാന്ദ്രത തന്നെയാണ് കൊവിഡ് ഇവിടെയെത്തുമ്പോള്‍ ഇന്ത്യയെ ഭയപ്പെടുത്തുന്നതിന് കാരണവും
മുംബൈ നഗരത്തിന് നടുവിലുള്ള ധാരാവിയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ തിങ്ങി പാര്‍ക്കുന്നുണ്ട് എന്നാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2.5 ചതുരശ്ര കിലോമീറ്ററിലാണ് ഇവരെല്ലാം താമസിക്കുന്നത് അതുകൊണ്ട് തന്നെ സാമൂഹിക അകലം എന്ന ആശയം ഇവിടെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എത്രത്തോളം സാധിക്കും എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.
നേരത്തെ ധാരാവിയിലെത്തിയ ആളുകളുടെ രണ്ടാം തലമുറയാണ് ഇന്ന് ഇവിടെ അധിവസിക്കുന്നതില്‍ ഭൂരിഭാഗവും. തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് കര്‍ണാടക കേരളം എന്നിവിടങ്ങില്‍ നിന്നെല്ലാമുള്ളവര്‍ ധാരാവിയില്‍ താമസിക്കുന്നുണ്ട്. ചെറിയ വാടകയില്‍ ജീവിതം കെട്ടിപ്പെടുക്കാന്‍ മുംബൈയിലെത്തുന്നവര്‍ക്ക് ധാരാവിയില്‍ സൗകര്യമുണ്ട് എന്നത് കൊണ്ട് തന്നെ 1950കളിലും 60 കളിലും ധാരാവിയിലെ ജനസാന്ദ്രത വന്‍ തോതിലാണ് കൂടിയത്. എംബ്രോയിഡറി ഗാര്‍മന്റ്സ്, എക്സ്പോര്‍ട്ട് ക്വാളിറ്റി ലെതര്‍ ഗുഡ്സ്, പോട്ടറി തുടങ്ങിയ ചെറുകിട വ്യവസായ സംരഭങ്ങളുടെ കേന്ദ്രം കൂടിയാണ് ധാരാവി.
ധാരാവിയിലെ ഒരു വസ്ത്ര വ്യാപാരിക്കാണ് ഇവിടെ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. 2.5 ചതുരശ്ര കിലോമീറ്ററുകളില്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ധാരാവിയില്‍ രോഗമെത്തിയത് കൊവിഡ് പ്രതിരോധത്തില്‍ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരുന്നു. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് വളരെ വൈകിയാണെന്നതും പ്രശ്നം അതീവ ഗുരുതരാവസ്ഥയിലേക്ക് തന്നെ നീങ്ങുമെന്നതിന്റെ ആദ്യ സൂചനകള്‍ തന്നിരുന്നു.
ഗുരുതരമായ ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാത്രമാണ് കൊവിഡാണ് ഇദ്ദേഹത്തിന് ബാധിച്ചത് എന്ന് വ്യക്തമായത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം മരണപ്പെടുകയും ചെയ്തു. വിദേശത്ത് നിന്നു വന്ന ആരുമായും മരണപ്പെട്ടയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല എന്നത് സമൂഹവ്യാപനം മുംബൈയില്‍ ആരംഭിച്ചോ എന്ന സംശയങ്ങളിലേക്കും ആരോഗ്യപ്രവര്‍ത്തകര്‍ നീങ്ങാന്‍ ഇടയാക്കി.
എന്നാല്‍ ഇദ്ദേഹത്തം താമസിക്കുന്ന ഇടത്തില്‍ നിന്ന് അല്‍പ്പം മാറി ഇദ്ദേഹത്തിന്റെ തന്നെ മറ്റാൊരു അപ്പാര്‍ട്ട്മെന്റില്‍ ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്ന് തബ് ലീഗ് സമ്മേളനം കഴിഞ്ഞ് വന്ന ആളുകളുമായി മരണപ്പെട്ടയാള്‍ ഇടപെട്ടിരുന്നു. ഇവര്‍ മലയാളികളാണെന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കിയത്.
ആദ്യ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ധാരാവിയിലെ 308 അപ്പാര്‍ട്ട്മെന്റുകള്‍ 80കടകള്‍, തുടങ്ങിയവ സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ധാരാവിക്ക് സമീപത്ത് നിന്നും 26 പുതിയ കൊവിഡ് കേസുകള്‍ കൂടി പുറത്ത് വരുന്നത്. ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമാണ് രോഗം ബാധിച്ചത് എന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.
ധാരാവിയിലെ 2500ല്‍ അധികം ആളുകള്‍ ഇപ്പോള്‍ ക്വാറന്റയിനിലാണ്. ഇനിയും കൂടുതല്‍ ആളുകളെ ക്വാറന്റയിനില്‍ പാര്‍പ്പിക്കേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ ഇത്രയധികം ആളുകളെ ഐസൊലേറ്റ് ചെയ്യുന്നതും ക്വാറന്റയിന്‍ സൗകര്യം ഒരുക്കുന്നതും ശ്രമകരമായിരിക്കുമെന്നാണ് മുംബൈയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനോടകം തന്നെ 60 വയസ്സിനു മുകളിലുള്ള 130 ആളുകള്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ധാരാവി കേന്ദ്രീകൃതമായി ഒരു ഔട്ട്ബ്രെയ്ക്കിന്റെ സാധ്യതയും അധികൃതര്‍ തള്ളി കളയുന്നില്ല, ഇതിന്റെ ഭാഗമായി ധാരാവിക്ക് സമീപമുള്ള സിയോണ്‍ ഹോസ്പിറ്റലില്‍ 300 ആളുകളെ ക്വാറന്റയിനില്‍ പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മറ്റ് സജ്ജീകരണങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
ധാരാവിക്ക് പുറത്തും മറ്റു ചേരികളുണ്ടെന്നും ഇവിടെയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഐസൊലേഷന്‍ സംവിധാനം ഒരുക്കുക പോലും ശ്രമകരമായിരിക്കുമെന്നുമാണ് ധാരാവിയുടെ ചുമതലയുള്ള അസിസ്റ്റന്‍ണ്ട് മുന്‍സിപ്പല്‍ കമ്മീഷണര്‍ കിരണ്‍ ദിഗ്വാകര്‍ പറയുന്നത്.
ഇപ്പോള്‍ നടത്തുന്ന ടെസ്റ്റുകളുടെ റിസള്‍ട്ട് ലഭിക്കാന്‍ വൈകുന്നതും മുംബൈയിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നുണ്ട്. റിസള്‍ട്ടുകള്‍ പെട്ടെന്ന് വരാത്തത് കൊണ്ട് പോസീറ്റീവായ ആളുകളെ ഐസൊലേഷനിലേക്ക് മാറ്റുക, ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുക തുടങ്ങിയവയ്ക്ക് വലിയ പ്രയാസമാണ് നേരിടുന്നത് എന്ന് ഹെല്‍ത്ത് ടീമിനെ നയിക്കുന്ന വീരേന്ദര്‍ മൊഹിതേ ബി.ബി.സിയോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതിനോടകം കൊവിഡ് ബാധിച്ചവരുടെ എണ്ണം 750 കടന്നുവെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചേരി പ്രദേശങ്ങള്‍ ഉള്ള നഗരങ്ങളില്‍ ഒന്നാണ് മുംബൈ എന്നതും മഹാരാഷ്ട്ര സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളിയാണ്