| Thursday, 19th March 2020, 1:05 pm

'വഴിയില്‍നിന്ന് അഭിപ്രായം പറയുന്നവര്‍ എന്തുകൊണ്ടാണ് അവിശ്വാസ പ്രമേയം പോലും സമര്‍പ്പിക്കാത്തത്'; എന്തിന് ഇനിയും ഭൂരിപക്ഷം തെളിയിക്കണമെന്ന് കമല്‍നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: താന്‍ എന്തിനാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. തന്റെ സര്‍ക്കാരാണ് ഇപ്പോഴും നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം.

‘കഴിഞ്ഞ 15 മാസമായി എന്റെ സര്‍ക്കാര്‍ നിലവിലുണ്ട്. മൂന്ന് അവസരങ്ങളിലും ഞങ്ങള്‍ ഭൂരിപക്ഷം തെളിയിച്ചതാണ്. വഴിയില്‍നിന്ന് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഒരു അവിശ്വാസ പ്രമേയം പോലും സമര്‍പ്പിക്കാത്തത്? എന്തുകൊണ്ടാണ് അവരത് ചെയ്യാത്തത്?’ കമല്‍നാഥ് ചോദിച്ചു.

മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു കമല്‍നാഥിന്റെ പ്രതികരണം. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് ഉടന്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു.

മധ്യപ്രദേശില്‍ നടക്കുന്നത് ബി.ജെ.പിയുടെ മാഫിയാ രാഷ്ട്രീയമാണെന്നും കമല്‍ നാഥ് പറഞ്ഞു. ബി.ജെ.പിയുടെ പിന്തുണയുള്ള ആ മാഫിയക്കെതിരെയാണ് ഞങ്ങള്‍ നീക്കങ്ങള്‍ നടത്തുന്നത്. വിമത എം.എല്‍.എമാരാരും കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു.

‘അവരങ്ങനെ ആഗ്രഹിക്കുന്നുണ്ടായിരുന്നെങ്കില്‍ സ്പീക്കര്‍ക്ക് നേരിട്ട് രാജിക്കത്ത് നല്‍കുമായിരുന്നു. അവരെ ബി.ജെ.പി അടിമകളാക്കി വെച്ചിരിക്കുകയല്ലെങ്കില്‍, അവര്‍ സ്വതന്ത്രരാണെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ മധ്യപ്രദേശിലേക്ക് വരാത്തത്? അവര്‍ ഭീഷണി നേരിടുന്നതുകൊണ്ടാണ് ഇപ്പോഴും റിസോര്‍ട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്തത്’, കമല്‍നാഥ് പറഞ്ഞു.

ദിഗ് വിജയ് സിങിനെ ബെംഗളൂരുവിലേക്ക് പറഞ്ഞയച്ചത് താനല്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി. ‘അദ്ദേഹമൊരു രാജ്യസഭാ എം.പിയാണ്. എം.എല്‍.എമാരെപോയി കണ്ട് വോട്ട് ആവശ്യപ്പെടേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. ബി.ജെ.പി എം.എല്‍.എമാരോടടക്കം അദ്ദേഹം പിന്തുണ ആവശ്യപ്പെടും. എന്നിട്ടും എന്തുകൊണ്ടാണ് ദിഗ് വിജയ് സിങിനെ കുറ്റവാളിയെപ്പോലെ ചിത്രീകരിക്കുന്നത്?’, കമല്‍ നാഥ് ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more