എന്തുകൊണ്ട് ശരദ് പവാര്‍?
National Politics
എന്തുകൊണ്ട് ശരദ് പവാര്‍?
ജിതിന്‍ ടി പി
Wednesday, 14th July 2021, 4:27 pm

81 വയസാണ് ശരദ് ചന്ദ്ര ഗോവിന്ദ റാവുവെന്ന ശരദ് പവാറിന്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ബരാമതിയില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് ശരദ് പവാര്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. അന്തരിച്ച വൈ.ബി. ചവാന്റെ ശിഷ്യനായിരുന്നു. 1967 ലെ പ്രഥമ തെരഞ്ഞെടുപ്പ് മുതല്‍ ഒരിക്കലും തോറ്റിട്ടില്ലെന്ന അപൂര്‍വമായ റെക്കോഡിന് ഉടമയാണ് ശരദ് പവാര്‍.

നിയമസഭയിലെ കന്നി പ്രവേശനത്തിനു ജൂനിയര്‍ മന്ത്രിയായി അംഗീകാരവും ലഭിച്ചു. വൈകാതെ കാബിനറ്റ് പദവിയുള്ള മന്ത്രിയുമായി. 1978 ല്‍ 38-ാം വയസില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായി.

വിദ്യാര്‍ത്ഥി കാലം തൊട്ടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച പവാറിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. തന്ത്രങ്ങള്‍ മെനയാനും അത് നടപ്പിലാക്കാനും അസാമാന്യ മിടുക്ക്. സുഹൃത്തുക്കളുടെയും എതിരാളികളുടെയും ഇടയില്‍ ‘മറാത്താ സ്‌ട്രോംഗ് മാന്‍’ എന്ന അപരനാമത്തിലാണ് പവാര്‍ അറിയപ്പെടുന്നത്.

കോണ്‍ഗ്രസിന്റെ സുവര്‍ണകാലത്തില്‍ തന്നെ പാര്‍ട്ടി വിട്ട് എന്‍.സി.പി. രൂപീകരിച്ച പവാര്‍ പിന്നീട് കോണ്‍ഗ്രസുമായി സഖ്യത്തിലിരുന്ന് മഹാരാഷ്ട്ര ഭരിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് ഇതരമുന്നണിയായ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് ഭരിക്കുന്നു.

ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ശിവസേനയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനേയും ഒപ്പം നിര്‍ത്തി മഹാ വികാസ് അഘാഡി രൂപീകരിച്ചു.

രണ്ടാം മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ മുഖമെന്ന നിലയ്ക്ക് പവാര്‍ തെളിഞ്ഞ് വരുന്നതും ഇതേ കാരണത്താലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് പ്രതിപക്ഷനിര വീണ്ടും ഉണര്‍ന്നത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ പവാറും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും.

കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തയോഗവും ഇതിന് പിന്നാലെ നടന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനായാണ് ഇതെന്ന വാര്‍ത്തകളും വന്നിരുന്നു. 2024 ന് മുന്‍പ് തന്നെ പ്രതിപക്ഷ ഐക്യം സാധ്യമാക്കാനാണ് പവാറും പ്രശാന്തും ശ്രമിക്കുന്നത്. ഇതിനായി വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് പരീക്ഷണക്കളരിയാക്കാനാണ് ഇരുവരുടേയും ശ്രമം.

കോണ്‍ഗ്രസിനേയും ഒപ്പം നിര്‍ത്തി തന്ത്രം മെനയുന്നതിനാണ് പ്രശാന്ത് കിഷോര്‍ ശ്രമിക്കുന്നത്. രാഹുല്‍-പ്രിയങ്ക-പ്രശാന്ത് കൂടിക്കാഴ്ച വിരല്‍ ചൂണ്ടുന്നതും ഇതിലേക്കാണ്.

മഹാരാഷ്ട്രയാണ് എന്‍.സി.പിയുടെ ശക്തികേന്ദ്രമെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും എന്‍.സി.പിയ്ക്ക് സ്വാധീനമുണ്ട്. എന്‍.സി.പി-കോണ്‍ഗ്രസ് സംഖ്യം ഗോവ സംസ്ഥാനത്ത് ഭരണം കൈയാളിയിരുന്നു. മേഘാലയയില്‍ എന്‍.സി.പി- കോണ്‍ഗ്രസ് സംഖ്യം അധികാരത്തിലേറിയപ്പോള്‍ ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ എന്‍.സി.പിക്കായിരുന്നു.

കേന്ദ്രത്തില്‍ ഒന്നാം യു.പി.എ മന്ത്രിസഭയിലും രണ്ടാം മന്ത്രിയിലും എന്‍.സി.പി അംഗമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളുമായി ബന്ധമാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന ഓപ്ഷനിലേക്ക് പവാര്‍ എത്തുന്നത്.

ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍, ബംഗാളില്‍ മമതാ ബാനര്‍ജി, ആന്ധപ്രദേശില്‍ ജഗന്‍ മോഹന്‍, തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍, മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ എന്നിവരുമായി പവാറിന് അടുത്ത ബന്ധമുണ്ട്. ഇടത് നേതാക്കളും പവാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചേക്കും.

മുന്‍പ് പ്രതിപക്ഷ ഐക്യനിരയില്‍ ഭാഗമാകാതിരുന്ന നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിയെ ഒപ്പം നിര്‍ത്തുക എന്നതാണ് പ്രശാന്ത് കിഷോറിന്റെ മുന്നിലുള്ള ടാസ്‌ക്. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, ദല്‍ഹി, ജാര്‍ഖണ്ഡ്, കേരള, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ബി.ജെ.പി. വിരുദ്ധകക്ഷികള്‍ ഭരണം കൈയാളുന്നത്.

കൂടാതെ കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അവരുടെ പിന്തുണ തേടുകയെന്നതും ശ്രമകരമായ ജോലിയാണ്. കോണ്‍ഗ്രസിനുള്ളിലെ സംഘടനാപ്രശ്നങ്ങളാണ് വിശാലപ്രതിപക്ഷത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്ന്. പാര്‍ട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്കും സ്ഥിരം അധ്യക്ഷനില്ലാത്തതും കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Why Sharad Pawar become Opposition Face 2024 Loksabha Election

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.