ന്യൂദല്‍ഹി: ബജറ്റ് അവതരണ ദിവസം ഓഹരി വിപണിയില്‍ ഇടിവ് സംഭവിച്ചതിന് കാരണമെന്താണെന്ന ചോദ്യത്തിന് വിചിത്ര മറുപടി നല്‍കി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച ശനിയാഴ്ച പതിവിന് വിപരീതമായി നിഫ്റ്റിയിലും സെന്‍സെക്‌സിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
വ്യവസായി കൂട്ടായ്മയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയിലാണ് ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ട് ധനമന്ത്രിയോട് ചോദ്യമുയര്‍ന്നത്. എന്തുകൊണ്ടാണ് ബജറ്റ് അവതരണ ദിവസം സെന്‍സെക്‌സ് ഇടിഞ്ഞത് എന്ന ചോദ്യത്തിന്, സെന്‍സെക്‌സ് മികച്ച പ്രകടനത്തില്‍തന്നെയായിട്ടാണ് താന്‍ കണ്ടതെന്നായിരുന്നു നിര്‍മലാ സീതാരാമന്റെ മറുപടി. ആളുകളെല്ലാം ആഴ്ച അവസാനിക്കുന്ന മൂഡിലായിരുന്നെന്നും തിങ്കളാഴ്ചയായിരുന്നെങ്കില്‍ വര്‍ക്കിങ് മൂഡിലാകുമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോഴത്തെ മാനസികാവസ്ഥ നോക്കൂ. ഇപ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്. അല്ലേ? വ്രലിയ പ്രസരിപ്പുണ്ടെന്നല്ല. പക്ഷേ, എല്ലാവരും സന്തോഷത്തിലാണ്’, നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ഈ ചോദ്യത്തിന് വലിയ വിശദീകരണം നല്‍കാതെ എളുപ്പം മറ്റുചോദ്യങ്ങളിലേക്ക് കടക്കാനുള്ള താല്‍പര്യം മന്ത്രി പ്രകടിപ്പിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.