| Monday, 16th September 2019, 11:14 am

ബിഹാറില്‍ നിതീഷിനെ പിന്തുണച്ച സുശീലിനെതിരെ ബി.ജെ.പിക്കുള്ളില്‍നിന്ന് ആക്രമണം; കാരണം ജാതിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണച്ചതിന്റെ പേരില്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിക്ക് സ്വന്തം പാര്‍ട്ടിയില്‍നിന്നു വിമര്‍ശനം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ അധ്യക്ഷന്‍ കൂടിയായ നിതീഷിനെ അടുത്തതവണ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നതിനിടെയാണിത്.

എന്നാല്‍ നിതീഷാണ് എന്‍.ഡി.എയുടെ ബിഹാറിലെ ക്യാപ്റ്റനെന്ന് സുശീല്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് തന്നെ ക്യാപ്റ്റനായി തുടരുമെന്നും സുശീല്‍ പറഞ്ഞിരുന്നു.

നിതീഷിനോട് ദല്‍ഹിയിലേക്കു മാറാനും ബിഹാര്‍ വിടാനും ബി.ജെ.പി എം.എല്‍.സി സഞ്ജയ് പസ്വാന്‍ കഴിഞ്ഞദിവസം പറഞ്ഞതാണ് ബി.ജെ.പി-ജെ.ഡി.യു ഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നത്.

ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ഈ വിഷയം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് ഇപ്പോള്‍ വരുന്ന പ്രസ്താവനകളെന്നും ബി.ജെ.പി എം.എല്‍.എ ജ്ഞാനേന്ദ്ര കുമാര്‍ ജ്ഞാനു പറഞ്ഞിരുന്നു.

ബി.ജെ.പിക്കും ജെ.ഡി.യുവിനും യാദവ, മുസ്‌ലിം ഇതര വോട്ടുകളാണ് അടിത്തറയെന്നും അതില്‍ത്തന്നെ ഉറച്ചുനിന്നാല്‍ പ്രതിപക്ഷം തുടച്ചുനീക്കപ്പെടുമെന്നും സുശീല്‍ ‘ദ പ്രിന്റി’നോടു പറഞ്ഞു.

പിന്നാക്കവിഭാഗക്കാരനായ സുശീലിനെതിരെ ജാതീയമായ ആക്രമണമാണ് നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നത്. സുശീലിനെ വിമര്‍ശിക്കുന്ന നേതാക്കളെല്ലാം സവര്‍ണ ജാതിയില്‍പ്പെട്ടവരാണെന്നതും അതു ബലപ്പെടുത്തുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വമാണു തീരുമാനിക്കുകയെന്ന ആദ്യ വെടി പൊട്ടിച്ച ബി.ജെ.പി നേതാവ് ഡോ. സി.പി താക്കൂര്‍ ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ട നേതാവാണ്.

സുശീലിന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്ന വാദം മുന്നോട്ടുവെച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് മൃത്യുഞ്ജയ് തിവാരി ഒരു ബ്രാഹ്മണനാണ്.

സുശീലിനെതിരെ പടയൊരുക്കം നടത്തുന്ന സഞ്ജയ് പസ്വാന്‍ ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ട നേതാവാണ്. വിഷയത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങുമായി പസ്വാന്‍ കൂടിക്കാഴ്ച നടത്തിയതും സുശീലിനെതിരായ നീക്കമായി വിലയിരുത്തപ്പെടുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉന്നതജാതിക്കാര്‍ക്കു സ്വാധീനമുള്ള ജെഹാനാബാദ്, ഭഗല്‍പുര്‍ മണ്ഡലങ്ങള്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് ജെ.ഡി.യു തട്ടിയെടുത്തതിനെതിരെയും ബി.ജെ.പിയില്‍ വികാരമുണ്ടായിരുന്നു.

1995 വരെ സവര്‍ണപാര്‍ട്ടിയെന്ന് സംസ്ഥാനത്ത് അറിയപ്പെട്ടിരുന്ന ബി.ജെ.പിയെ പിന്നാക്കക്കാരിലേക്കെത്തിച്ചത് സുശീല്‍, നന്ദ് കിഷോര്‍ യാദവ്, പ്രേം കുമാര്‍ എന്നിവരാണ്.

We use cookies to give you the best possible experience. Learn more