'എന്തിനാണ് എല്ലാ മസ്ജിദുകളിലും ശിവലിംഗം തിരയുന്നത്? ചരിത്രം ആര്‍ക്കും മാറ്റാന്‍ പറ്റില്ല, മുസ്‌ലിങ്ങളും നമ്മളും ഒരേ പൂര്‍വികരുടെ പിന്‍ഗാമികളാണ്': ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗ്‌വത്
വാരണാസി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ചരിത്രം ആര്‍ക്കും മാറ്റാന്‍ പറ്റില്ലെന്നും എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും അദ്ദേഹം ചോദിച്ചു. നാഗ്പൂരില്‍ നടന്ന യോഗത്തിനിടെയായിരുന്നു മോഹന്‍ ഭഗവത് വിഷയത്തില്‍ പറഞ്ഞത്.
‘ആരേയും തോല്‍പ്പിക്കാനല്ല. എല്ലാവരേയും ഒന്നിപ്പിക്കാനാണ് ഇന്ത്യ നിലനില്‍ക്കുന്നത്. എല്ലാവരേയും ബന്ധിപ്പിക്കണം. വിജയിക്കാനല്ല, എല്ലാവരെയും ഒന്നിപ്പിക്കാനാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
ചരിത്രം ഇന്നത്തെ മുസ്‌ലിങ്ങളോ ഹിന്ദുക്കളോ നിര്‍മ്മിച്ചതല്ല. ഹിന്ദുക്കള്‍ മുസ്‌ലീങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നില്ല. ഇന്നത്തെ മുസ്‌ലീങ്ങളുടെ പൂര്‍വ്വികരും ഹിന്ദുക്കളായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ഹിന്ദുക്കള്‍ കരുതുന്നത്. മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പുറത്തുവരും. അത് ആര്‍ക്കും എതിരല്ല. മുസ്‌ലീങ്ങള്‍ അങ്ങനെ വിശ്വസിക്കരുത്, ഹിന്ദുക്കളും അങ്ങനെ ചെയ്യരുത്.
ഇത്തരം വിഷയങ്ങളില്‍ ഇരുകൂട്ടരും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമാണ് എടുക്കേണ്ടത്. കോടതി വിധി എന്താണോ അത് അംഗീകരിക്കണം അതിനെ ചോദ്യം ചെയ്യരുത്. ചില സ്ഥലങ്ങളോട് പവിത്രത തോന്നിയേക്കാം. പക്ഷേ ദിവസവും അതിനെചൊല്ലി പുതിയ കാരണങ്ങളുമായി വരരുത്. എന്തിനാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത്,’ മോഹന്‍ ഭഗവത് പറഞ്ഞു.
ഒരു ആരാധനാരീതിയോടും എതിര്‍പ്പില്ലെന്നും അവയെല്ലാം വിശുദ്ധമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടങ്ങളിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി മുസ്ലിങ്ങള്‍ ആ ആരാധനാരീതി സ്വീകരിച്ചിരിക്കാം, പക്ഷേ അവര്‍ ഋഷികളുടെയും മുനിമാരുടെയും ക്ഷത്രിയരുടെയും പിന്‍ഗാമികളാണെന്നും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരണാസി ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ ചുമരുകളിലുള്ള ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാൻ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികളിൽ നിന്നായിരുന്നു ഗ്യാൻവാപി കേസിന്റെ തുടക്കും. ഹരജി പരിഗണിച്ച വാരണാസി കോടതി പള്ളിയിൽ സർവേ നടത്താൻ അനുമതി നൽകുകയായിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് മസ്ജിദ് കമ്മിറ്റി ഹരജി നൽകിയിരുന്നു.
സർവേ നിർത്തിവെക്കണമെന്നും സർവേ ഉദ്യോഗസ്ഥനെ മാറ്റണമെന്നും മസ്ജിദ് കമ്മിറ്റി ആവശ്യമുന്നയിച്ചെങ്കിലും ഹരജി കോടതി തള്ളി. സർവേയ്ക്കിടെ പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഭാഗത്തുനിന്നും ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുത്വവാദികൾ ആരോപിച്ചിരുന്നു. എന്നാൽ ഇത് ശിവലിംഗമല്ലെന്നും ഫൗണ്ടനാണെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. ഇതിനിടെ ശിവലിംഗമെന്ന് പറയപ്പെടുന്ന വസ്തു കണ്ടെത്തിയ സ്ഥലം സീൽ ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും കോടതി ഇത് തള്ളി. മുസ്ലിങ്ങളുടെ വിശ്വാസങ്ങൾ തടസപ്പെടുത്തരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസ് സുപ്രീം കോടതി പരിഗണിക്കുകയും കീഴ്ക്കോടതിക്ക് കൈമാറാൻ നിർദേശിക്കുകയുമായിരുന്നു.
Content Highlight: Why searching for a shivling in every mosque? asks RSS chief Mohan Bhagwat