| Saturday, 5th October 2024, 8:30 am

എന്തുകൊണ്ട് കേരള ടീമില്‍ സഞ്ജുവില്ല? അതിന് വലിയൊരു കാരണമുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചത്. സച്ചിന്‍ ബേബിയെ നായകനാക്കിയാണ് കേരളം ആദ്യ മത്സരത്തിനിറങ്ങുന്നത്. ഒക്ടോബര്‍ 11 മുതല്‍ 14 വരെ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം. പഞ്ചാബാണ് ആദ്യ മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍.

അതേസമയം, സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കേരളത്തിനായി കളത്തിലിറങ്ങില്ല. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 സ്‌ക്വാഡില്‍ ഇടം നേടിയതിന് പിന്നാലെയാണ് താരത്തിന് ആദ്യ മത്സരം നഷ്ടമായത്.

ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പറുടെ റോളില്‍ സ്‌ക്വാഡിന്റെ ഭാഗമായ മറ്റൊരു താരം. ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനാകും സഞ്ജു ശ്രമിക്കുക.

ഈ പരമ്പരക്ക് ശേഷം നടക്കുന്ന മത്സരങ്ങളില്‍ സഞ്ജു കേരള ടീമിന്റെ ഭാഗമായേക്കും.

ടി-20യില്‍ രണ്ടും കല്‍പിച്ച് ബംഗ്ലാദേശ്

പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാകും ബംഗ്ലാദേശ് ടി-20 മത്സരത്തിനിറങ്ങുക. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ രണ്ടിലും തോറ്റാണ് സന്ദര്‍ശകര്‍ സീരീസ് നഷ്ടപ്പെടുത്തിയത്.

രണ്ടാം മത്സരം സമനിലയില്‍ അവസാനിപ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിന് സാധിക്കാതെ പോവുകയായിരുന്നു.

എന്നാല്‍ ടി-20 പരമ്പരയില്‍ രണ്ടും കല്‍പിച്ചാണ് തങ്ങള്‍ കളത്തിലിറങ്ങുക എന്ന് ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റാക്കിങ് ക്രിക്കറ്റ് തന്നെ തങ്ങളില്‍ നിന്നും പ്രതീക്ഷിക്കാമെന്നാണ് ബംഗ്ലാ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ മുന്നറിയിപ്പ്.

ടി-20 പരമ്പരയിലെ മത്സരങ്ങളിങ്ങനെ

മൂന്ന് മത്സരങ്ങളാണ് ടി-20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. ഗ്വാളിയോര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.

ഒക്ടോബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തിന് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം വേദിയാകുമ്പോള്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് പരമ്പരയിലെ അവസാന മത്സരത്തിന് സാക്ഷ്യം വഹിക്കുക. ഒക്ടോബര്‍ 12നാണ് മൂന്നാം ടി-20.

രണ്ട് കൂട്ടര്‍ക്കും ശക്തമായ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ബംഗ്ലാദേശെന്ന കടമ്പ മറികടക്കാനൊരുങ്ങുന്നത്. യുവതാരങ്ങളുടെ വമ്പന്‍ നിരയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. മറുവശത്ത് യുവതാരങ്ങള്‍ക്കൊപ്പം തന്നെ സീനിയര്‍ താരങ്ങളും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബംഗ്ലാ ലെജന്‍ഡ് മഹ്‌മദുള്ളയുടെ പ്രകടനമാകും പരമ്പരയില്‍ നിര്‍ണായകമാവുക.

ഇന്ത്യന്‍ സ്‌ക്വാഡ്

നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.

ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ എമോണ്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ജാകിര്‍ അലി (വിക്കറ്റ് കീപ്പര്‍), ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, റാകിബുള്‍ ഹസന്‍, ഷോരിഫുള്‍ ഇസ്‌ലാം, തന്‍സിദ് ഹസന്‍ സാകിബ്, താസ്‌കിന്‍ അഹമ്മദ്.

Content highlight: Why Sanju Samson not included in Kerala’s first match in Ranji Trophy?

We use cookies to give you the best possible experience. Learn more