കഴിഞ്ഞ ദിവസമാണ് രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചത്. സച്ചിന്‍ ബേബിയെ നായകനാക്കിയാണ് കേരളം ആദ്യ മത്സരത്തിനിറങ്ങുന്നത്. ഒക്ടോബര്‍ 11 മുതല്‍ 14 വരെ തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം. പഞ്ചാബാണ് ആദ്യ മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍.
അതേസമയം, സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കേരളത്തിനായി കളത്തിലിറങ്ങില്ല. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 സ്‌ക്വാഡില്‍ ഇടം നേടിയതിന് പിന്നാലെയാണ് താരത്തിന് ആദ്യ മത്സരം നഷ്ടമായത്.
ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പറുടെ റോളില്‍ സ്‌ക്വാഡിന്റെ ഭാഗമായ മറ്റൊരു താരം. ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനാകും സഞ്ജു ശ്രമിക്കുക.
ഈ പരമ്പരക്ക് ശേഷം നടക്കുന്ന മത്സരങ്ങളില്‍ സഞ്ജു കേരള ടീമിന്റെ ഭാഗമായേക്കും.
ടി-20യില്‍ രണ്ടും കല്‍പിച്ച് ബംഗ്ലാദേശ്
പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാകും ബംഗ്ലാദേശ് ടി-20 മത്സരത്തിനിറങ്ങുക. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ രണ്ടിലും തോറ്റാണ് സന്ദര്‍ശകര്‍ സീരീസ് നഷ്ടപ്പെടുത്തിയത്.
രണ്ടാം മത്സരം സമനിലയില്‍ അവസാനിപ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിന് സാധിക്കാതെ പോവുകയായിരുന്നു.
എന്നാല്‍ ടി-20 പരമ്പരയില്‍ രണ്ടും കല്‍പിച്ചാണ് തങ്ങള്‍ കളത്തിലിറങ്ങുക എന്ന് ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. അറ്റാക്കിങ് ക്രിക്കറ്റ് തന്നെ തങ്ങളില്‍ നിന്നും പ്രതീക്ഷിക്കാമെന്നാണ് ബംഗ്ലാ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ മുന്നറിയിപ്പ്.
മൂന്ന് മത്സരങ്ങളാണ് ടി-20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. ഗ്വാളിയോര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.
ഒക്ടോബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തിന് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം വേദിയാകുമ്പോള്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് പരമ്പരയിലെ അവസാന മത്സരത്തിന് സാക്ഷ്യം വഹിക്കുക. ഒക്ടോബര്‍ 12നാണ് മൂന്നാം ടി-20.