| Thursday, 31st August 2017, 9:31 pm

'ഈ സ്‌പോര്‍സ്മാന്‍ സ്പിരിറ്റിന് കയ്യടിക്കണം'; കോഹ്‌ലിയുടെ വിക്കറ്റെടുത്ത മലിംഗയെ ആലിംഗനം ചെയ്ത് രോഹിത് ശര്‍മ്മ, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബൊ: ശ്രീലങ്കയ്ക്കെതിരെയുള്ള നാലാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 376 എന്ന വമ്പന്‍ സ്‌കോര്‍ പിന്തുടരുകയാണ് ശ്രീലങ്ക. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച അടിത്തറ നല്‍കിയത്. ഇരുവരും സെഞ്ച്വറി നേടുകയും ചെയ്തു. എന്നാല്‍ മത്സരത്തില്‍ ചര്‍ച്ചയാവുന്നത് കോഹ്ലിയുടെ വിക്കറ്റ് നേടിയ മലിംഗയെ രോഹിത് ശര്‍മ്മ കെട്ടിപിടിച്ചു എന്നതാണ്. കരിയറിലെ മൂന്നുറാം വിക്കറ്റ് നേടിയതാണ് ഐപിഎലില്‍ ടീമംഗം കൂടിയായ മലിംഗയെ രോഹിത് കെട്ടിപിടിക്കാനുള്ള കാരണം. സംഭവം വിവാദമായിരിക്കുകയാണ്.

30മത് ഓവറിലെ മൂന്നാമത്തെ പന്തിലാണ് സംഭവം. 131 റണ്‍സെടുത്തു നില്‍ക്കുന്ന കോഹ്ലിയെ മലിംഗ മുനവീരയുടെ കൈകളിലെത്തിക്കുകയായിരുന്നു. ടീമംഗങ്ങള്‍ അഭിനന്ദിച്ച ശേഷം നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുകയായിരുന്ന രോഹിത് മലിംഗയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഇരുവരും ആറ് വര്‍ഷമായി മുംബൈ ഇന്ത്യന്‍സ് ടീമിന് വേണ്ടി ഒരുമിച്ച് കളിയ്ക്കുന്നു. രാജ്യത്തേക്കാള്‍ വലുതാണ് ഐ.പി.എല്‍, സ്വന്തം ടീമംഗത്തെ പുറത്താക്കിയ താരത്തെ അഭിനന്ദിക്കുന്നതെന്തിന് തുടങ്ങിയ വിമര്‍ശനങ്ങളാണ് രോഹിത് ശര്‍മ്മയ്ക്ക് നേരെ ഉയരുന്നത്. അതേ സമയം സുഹൃത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നതില്‍ എന്താണ് തെറ്റ്. മലിംഗയുടേത് ഒരു ചരിത്രനേട്ടമാണ്. രോഹിത്തിന്റേത് കളിക്കളത്തിലെ മാന്യതയ്ക്ക് ഉദ്ദാഹരണമാണ് തുടങ്ങിയ മറുവാദങ്ങളും ഉയരുന്നുണ്ട്.


Also Read:  ‘നിങ്ങളാണ് എന്നും ഞങ്ങളുടെ നായകന്‍’; 300 ാം മത്സരത്തിനിറങ്ങിയ ധോണിയ്ക്ക് കോഹ്‌ലിയും സംഘവും നല്‍കിയ സമ്മാനം


തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ(4) നഷ്ടപ്പെട്ട ശേഷം 168 പന്തില്‍ 219 റണ്‍സിന്റെ മികച്ച പാര്‍ട്ട്ണര്‍ഷിപ്പുമായി രോഹിതും വിരാടും മുന്നേറുന്നതിനിടെയാണ് വിരാടിന്റെ വിക്കറ്റ് മലിംഗ നേടുന്നത്. പിന്നീടെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ(19)യും സെഞ്ച്വറി തികച്ച രോഹിത് ശര്‍മ്മയും(104) മടങ്ങി. ആറാം വിക്കറ്റില്‍ ചേര്‍ന്ന ധോണി(49*) മനീഷ് പാണ്ഡെ(50*) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയെ 350 കടത്തിയത് മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 29 ഓവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയില്‍ തകര്‍ന്ന് കൊണ്ടിരിക്കുന്നു.

മുന്നൂറ് വിക്കറ്റ് നേടുന്ന പതിമൂന്നാമത്തെ ബൗളറും നാലാമത്തെ ശ്രീലങ്കക്കാരനുമാണ് ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റന്‍ കൂടിയായ മലിംഗ. 203 ഏകദിന മത്സരങ്ങളില്‍ നിന്നാണ് മലിംഗ ഈ നേട്ടം സ്വന്തമാക്കുന്നത്.

We use cookies to give you the best possible experience. Learn more