| Sunday, 8th September 2019, 2:13 pm

എന്തുകൊണ്ടാണ് സംഘപരിവാര്‍ റോമിലാ ഥാപ്പറിനെ വെറുക്കുന്നത്?

കാവേരി ബംസായി

റോമിലാ ഥാപ്പറിനേക്കാള്‍ വലതുപക്ഷം ഇത്രയറേ വെറുക്കുന്ന, പാണ്ഡിത്യത്തിന് വില നല്‍കുന്നവര്‍ ഇത്രയേറെ ആരാധിക്കുന്ന അക്കാദമിക്കുകള്‍ ഇന്ത്യയില്‍ വളരെക്കുറച്ചു മാത്രമേയുള്ളൂ. ഇന്ത്യയില്‍ ചരിത്രത്തിന്റെ മാതാവായ ഥാപ്പറിന് ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള എഴുത്ത്, അധ്യാപനം, പ്രഭാഷണം എന്നിവയില്‍ വിശിഷ്ടമായ ഒരു കരിയറുണ്ട്. ഇത് തരേക് ഫത്താ പോലുള്ള വലതുപക്ഷക്കാരെ ഇന്നും അരിശം കൊള്ളിക്കുന്നുണ്ടെന്നാണ് ദ ന്യൂയോര്‍ക്ക് ടൈംസിലെ ഥാപ്പറിന്റെ ഏറ്റവും പുതിയ ലേഖനത്തിന്റെ സോഷ്യല്‍ മീഡിയ പ്രതികരണം വ്യക്തമാക്കുന്നത്.

വലതുപക്ഷത്തിനിടയില്‍ റോമിലാ ഥാപ്പറിനോട് ഇത്രയേറെ വിരോധമുണ്ടാകാന്‍ നിരവധി കാരണങ്ങളുണ്ട്. അതിലൊന്ന്, ഒരു മതവും ജീവിത രീതിയുമായ ഹിന്ദുയിസത്തെയും ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ രാഷ്ട്രീയമായ ഹിന്ദുത്വയേയും അവര്‍ കൃത്യമായി വേര്‍തിരിച്ചിരുന്നുവെന്നതാണ്.

രണ്ടാമതായി ഇന്നത്തെ ചരിത്രകാരന്മാരില്‍, ഹിന്ദു, ഇസ്ലാമിക, ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യന്‍ ചരിത്രത്തിലെ കൊളോണിയല്‍വത്കരണം സംബന്ധിച്ച് ഗൗരവമായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നയാളാണ് അവര്‍. മൂന്നാമതായി, ഹിന്ദുക്കളുടെ ഉത്ഭവം ആര്യന്മാരില്‍ നിന്നും സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്നുമാണെന്ന സംഘപരിവാറിന്റെ ഏറെ പ്രചാരണം ലഭിച്ച കാഴ്ചപ്പാടിനോട് അവര്‍ വിയോജിക്കുന്നുവെന്നതാണ്.

ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലും അവര്‍ ഈ നിലപാട് ഉറപ്പിക്കുന്നുണ്ട്, ‘ മറ്റെല്ലാത്തിനേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആര്യന്മാരുടെ ഒറ്റ ഏകീകൃതമായ സംസ്‌കാരമാണ് ഉപഭൂഖണ്ഡത്തില്‍ നിലനിന്നിരുന്നത്. ഹിന്ദുവെന്ന ഒറ്റമതത്തിന്റെ ഐഡന്റിറ്റിയിലായിരുന്നു അത് തീരുമാനിക്കപ്പെട്ടത്.’ എന്നാണ് അവര്‍ എഴുതിയത്.

നാലാമതായി, അക്രമം, നശീകരണം, ഹിംസ തുടങ്ങിയവ ഇന്ത്യയില്‍ പിന്നീടു വന്ന മറ്റ് വംശീയ വിഭാഗങ്ങള്‍ക്കുമേല്‍ മാത്രം ചാര്‍ത്തിക്കൊടുക്കാന്‍ കഴിയില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ചാമതായി, അവര്‍ക്ക് ഇന്ത്യാ ചരിത്രത്തെക്കുറിച്ച് അഗാധ പാണ്ഡിത്യമുണ്ട് എന്നതാണ്. വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയുടെ ഉപജ്ഞാതാക്കള്‍ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന സാമ്രാജ്യമാണിത്. 2014ലെ ദ പാസ്റ്റ് ഏസ് പ്രസന്റ്: ഫോര്‍ജിങ് കണ്ടമ്പററി ഐഡന്റിറ്റീസ് ത്രൂ ഹിസ്റ്ററി: എന്ന പുസ്തകത്തില്‍ അവര്‍ എഴുതുന്നുണ്ട് ‘ വര്‍ത്തമാനത്തെ നീതീകരിക്കാന്‍ ഭൂതത്തെ കൂട്ടുപിടിക്കുകയാണെങ്കില്‍, അത്തരം ഭൂതകാലത്തിന്റെ സത്യസന്ധത തുടര്‍ച്ചയായി പരിശോധിക്കേണ്ടിയിരിക്കുന്നു.’

വലതുപക്ഷത്തിനിടയില്‍ ഥാപ്പറിനോടുള്ള അതൃപ്തിയുടെ ആഴം കൂടിക്കൂടിവരികയാണ്. അത് വിശ്വാസത്തില്‍ ആഴ്ന്നുകിടക്കുന്നതാണ്, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതാണ്. ഇന്ത്യയിലെ പാണ്ഡിത്യത്തിന്റെ കുത്തക ഇടത് ലിബറലിന്, നെഹ്റുവിയന്‍ ജനാധിപത്യത്തിന്റെ അനന്തരഫലമായി വരുന്നത് ഹിന്ദുക്കള്‍ക്ക് ചരിത്രത്തില്‍ അവരുടെ സ്ഥാനം നിഷേധിച്ചിരിക്കുന്നു.

ജനങ്ങളുടെ ശത്രു

ആദ്യ എന്‍.ഡി.എ സര്‍ക്കാറിന്റെ ‘സാംസ്‌കാരിക തിരുത്തല്‍’ വേളയില്‍ ആര്‍.എസ്.എസും അതിന്റെ അനുയായികളും ഥാപ്പറിനെ ശത്രുവായി തത്വത്തില്‍ പ്രഖ്യാപിച്ചിരുന്നുവെന്ന വസ്തുത വ്യക്തമാണ്. 2003ല്‍ ഥാപ്പറിനെ Library of Congress’ Kluge Chair ലേക്ക് നിയമിക്കുന്നതിനെ ഒരു ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ എതിര്‍ത്തിരുന്നു. 2000ത്തിലേറെ പേരാണ് അതിനെ അനുകൂലിച്ച് ഒപ്പുവെച്ചത്.

ഥാപ്പര്‍ ഒരു മാര്‍ക്സിസ്റ്റും ഹിന്ദു വിരുദ്ധയുമാണെന്നായിരുന്നു അതില്‍ പറഞ്ഞത്. ലൈബ്രറി ഓഫ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുള്ള ആ ഹരജിയില്‍ പറയുന്നത് : ‘ ഇന്ത്യയ്ക്കൊരു ചരിത്രമുണ്ടായിരുന്നുവെന്നതിനെ അവര്‍ പൂര്‍ണമായും നിരാകരിക്കുന്നു. ഹിന്ദു സംസ്‌കാരത്തെ അവഹേളിക്കാനായി റോമിലാ ഥാപ്പറും മറ്റുള്ളവരും നടത്തുന്ന കാമ്പെയ്ന്‍ സാംസ്‌കാരിക കൂട്ടക്കൊലകളുടെ പോരാട്ടമാണ്. ഥാപ്പറെന്ന ദൗര്‍ഭാഗ്യകരമായ തെരഞ്ഞെടുപ്പിലൂടെ, അമേരിക്ക ഇത്തരം ശ്രമങ്ങള്‍ക്ക് സഹായം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.’

ആ ഹരജികൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. എന്‍.സി.ആര്‍.ടിയുടെ ചരിത്ര പുസ്തകത്തില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ തീരുമാനത്തിലൂടെയായിരുന്നു ഇതിന്റെ തുടക്കം. ബീഫ് കഴിക്കുന്നവരെ സംബന്ധിച്ചും ജാതി വ്യവസ്ഥ രൂപീകൃതമായതിനെ സംബന്ധിച്ചുമുള്ള ഖണ്ഡികകള്‍ നീക്കം ചെയ്യുകയാണ് ചെയ്തത്. ആറാം ക്ലാസിലെ പൗരാണിക ഇന്ത്യയെന്ന പാഠപുസ്തകം എഴുതിയ ഥാപ്പര്‍ തന്റെ അനുവാദമില്ലാതെ ഈ മാറ്റങ്ങള്‍ വരുത്തിയതിനെ ചോദ്യം ചെയ്യുകയും ഇത് വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് പഞ്ചാബ് തെരഞ്ഞെടുപ്പുകളില്‍ നേട്ടം ലഭ്യമിട്ട് നടത്തിയ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്ന് പറയുകയും ചെയ്തു.

അന്നവര്‍ എഴുതിയിരുന്നത് പോലെ ഇടതുപക്ഷ, വലതുപക്ഷ ചരിത്രകാരന്മാര്‍ തമ്മിലായിരുന്നില്ല മറിച്ച് പ്രൊഫഷണല്‍ ചരിത്രകാരന്മാരും ഹിന്ദുത്വ അനുശാസനകളോട് താല്‍പര്യമുള്ള രാഷ്ട്രീയ നേതാക്കളും തമ്മിലായിരുന്ന ഏറ്റുമുട്ടല്‍ നടന്നത്. അതുതന്നെയാണ് സത്യം.

ഇന്റലക്ച്വല്‍

റോമിലാ ഥാപ്പര്‍ വെറും ചരിത്രകാരിയോ മികച്ച അധ്യാപികയോ 1971 നും 1990നും ഇടയില്‍ ജെ.എന്‍.യുവില്‍ പ്രഫസര്‍ ആയിരുന്ന വ്യക്തിയോ മാത്രമല്ല, അവര്‍ ഇന്ത്യയിലെ മികച്ച ബുദ്ധിജീവികളില്‍ ഒരാള്‍ കൂടിയായിരുന്നു.

സംഘപരിവാറിതര സര്‍ക്കാറുകള്‍ നല്‍കിയപ്പോളടക്കം പുരസ്‌കാരങ്ങളില്‍ നിന്നും അവര്‍ മാറിനിന്നു. 1992ലും 2005ലും പത്മഭൂഷണ്‍ ലഭിച്ചപ്പോള്‍ രണ്ടുതവണയും അവര്‍ അത് നിഷേധിച്ചുകൊണ്ട് രാഷ്ട്രപതിക്ക് എഴുതി. 2005ല്‍ അവര്‍ എഴുതി: ‘ അക്കാദമിക് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്നോ എന്റെ പ്രഫഷണല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരില്‍ നിന്നോ മാത്രമേ ഞാന്‍ പുരസ്‌കാരം സ്വീകരിക്കുകയുള്ളൂ. രാജ്യത്തിന്റെ പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല.’

പക്ഷേ പൊരുതേണ്ട സമയത്തൊന്നും അവര്‍ മാറിനിന്നിട്ടില്ല. അത് ഇന്ത്യയിലെ ബുദ്ധിജീവികള്‍ 2014ലെ ഭരണകൂടത്തെ ചോദ്യം ചെയ്യേണ്ട അങ്ങേയറ്റത്തെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടായാലും, കഴിഞ്ഞവര്‍ഷം സുപ്രീം കോടതിയിലേക്ക് പോയിട്ടായാലും. ഉദാരണമായി ഭീമ കൊറേഗാവ് അക്രമങ്ങളില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ആക്ടിവിസ്റ്റുകളായ ഗൗതം നവലാഖ, സുധ ഭരദ്വാജ്, വരവര റാവു, അരുണ്‍ ഫെറാറിയ, വെര്‍ണന്‍ ഗോള്‍സാല്‍വസ് എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ട വേളയിലും അവര്‍ സുപ്രീം കോടതിയില്‍ പോയിരുന്നു. ദേവകി ജെയ്ന്‍, മാജ ദാരുവാല, പ്രഭാത് പട്നായിക്, സതീഷ് ദേശ്പാണ്ഡെ എന്നിവര്‍ക്കൊപ്പമായിരുന്നു ഥാപ്പര്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. ‘ ജനാധിപത്യമൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ അഭിപ്രായ ഭിന്നതകളെ അടിച്ചമര്‍ത്തുന്നത് തടയണമെന്നായിരുന്നു അവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്.

ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസിലെ എ.എല്‍ ബഷാമെന്ന ചരിത്രകാരന്റെ വിദ്യാര്‍ഥിയായ ഥാപ്പറിന്റെ ഡോക്ടറേറ്റ് മൗര്യ അശോക സാമ്രാജ്യങ്ങളുടെ തകര്‍ച്ചയെക്കുറിച്ചായിരുന്നു. എക്കാലത്തെയും ജനകീയമായ History Of Early India From The Origins To AD 1300 എഴുതാന്‍ വേണ്ടി പെന്‍ഗ്വിന്‍ ചുമതലപ്പെടുത്തിയവരില്‍ സുപ്രധാനിയായിരുന്നു അവര്‍.

ഒ.പി ജിന്‍ഡാല്‍ മഹാത്മാഗാന്ധി സെന്റര്‍ ഫോര്‍ പീസിന്റെ ഡയറക്ടര്‍ റാമിന്‍ ജഹാന്‍ബെഗ്ലൂ റോമിലാ ഥാപ്പറെ വിശേഷിപ്പിച്ചത് ഇന്ത്യന്‍ ചരിത്രത്തിന്റെ ധാര്‍മ്മിക ബോധം എന്നാണ്, ‘ഏറ്റവുമധികം ആദരിക്കേണ്ട, സത്യസന്ധയായ പ്രതിനിധി’ എന്നാണ്. ചരിത്രപരമായ സംഭവങ്ങളെയും അതിന്റെ പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനങ്ങളെയും വേര്‍തിരിച്ചുകാണുന്ന പൗരാണിക, ആധുനിക ഇന്ത്യന്‍ ചരിത്രത്തിന് നമ്മള്‍ അവരോട് കടപ്പെട്ടിരിക്കുന്നു, എന്നും അദ്ദേഹം പറയുന്നു.

 ദേശീയവാദി

ആര്‍മി ഡോക്ടറുടെ മകളായ ഥാപ്പര്‍ ദല്‍ഹിയിലെ എല്ലാ സൗഭാഗ്യങ്ങളുമുള്ള ഒരു കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഇന്ദിരാഗാന്ധിയുടെ ‘ഇന്നര്‍’ ക്യാബിനറ്റിന്റെ ഭാഗമായിരുന്ന റോമേഷ് ഥാപ്പര്‍ റോമിലയുടെ സഹോദരനാണ്. 1962ലെ ഇന്ത്യ ചൈന യുദ്ധ വേളയില്‍ ആര്‍മി സ്റ്റാഫിന്റെ നാലാം മേധാവിയായിരുന്ന ജനറല്‍ പ്രാണ്‍നാഥ് ഥാപ്പര്‍ അവരുടെ അമ്മാവനാണ്. 87ാം വയസിലും അവര്‍ എഴുത്തിലും വായനയിലും പ്രതിഷേധങ്ങളിലും സജീവമായിക്കൊണ്ട് മഹാറാണി ഭാഗിലെ പുസ്തകങ്ങള്‍ നിറഞ്ഞ ഒറ്റനില വീട്ടില്‍ ഒറ്റയ്ക്ക് ജീവിക്കുകയാണ്.

പൂനെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മഹാത്മാഗാന്ധിയുമായുള്ള കൂടിക്കാഴ്ച അവര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ആഗാ ഖാന്‍ കൊട്ടാരത്തില്‍ വിട്ടുതടങ്കലില്‍ നിന്നും ഗാന്ധി മോചിക്കപ്പെട്ടിട്ടേയുണ്ടായിരുന്നുള്ളൂ അന്ന്. അഞ്ച് രൂപ അടച്ച് അവര്‍ മഹാത്മാഗാന്ധിയുടെ ഓട്ടോഗ്രാഫിനുവേണ്ടി പോയി. സില്‍ക്ക് കുര്‍ത്ത ധരിച്ചിരുന്ന അവരെ ഗാന്ധി ഗുണദോഷിക്കുകയും ഖാദി ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ ഉടന്‍ തന്നെ അതു ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ ആ ഊര്‍ജം ഇപ്പോഴും അവരിലുണ്ട്. ദ പബ്ലിക് ഇന്റലക്ച്വല്‍ ഇന്‍ ഇന്ത്യയില്‍ നടത്തിയ പ്രസംഗത്തില്‍ അവര്‍ പറയുന്നുണ്ട് ‘ ഇന്നത്തെ രാഷ്ട്രീയക്കാരില്‍ ഭൂരിപക്ഷത്തിനും ഏതു രീതിയിലുള്ള സമൂഹം നിര്‍മ്മിക്കാനാണ് തങ്ങള്‍ ശ്രമിക്കേണ്ടതെന്നത് സംബന്ധിച്ച് യാതൊരു ബോധവുമില്ല. ബോധമുള്ളവരെയാകട്ടെ, മതദേശീയവാദികള്‍ തടയുകയും ചെയ്യുന്നു.’

ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയെന്ന ആര്‍.എസ്.എസ് ഐഡിയോളജിയെ വെല്ലുവിളിക്കാന്‍ അവര്‍ ഒട്ടും മടികാട്ടിയിട്ടില്ല. 2016ലെ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞതുപോലെ: ‘ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയും ആന്റി ഇന്റലക്ച്വലിസവും കൂടിവരികയാണ്. ഈ സംഘര്‍ഷ സാഹചര്യത്തില്‍ യൂണിവേഴ്സിറ്റികളും വിദ്യാഭ്യാസ സംവിധാനങ്ങളും വേട്ടയാടപ്പെടുന്നത് തുടരും. വിദ്യാഭ്യാസം വളരെ എളുപ്പത്തില്‍ സിദ്ധാന്തോപദേശമായി പരിവര്‍ത്തനം ചെയ്യപ്പെടും.’

മൂന്നുവര്‍ഷം കഴിഞ്ഞു, ആ വാക്കുകള്‍ പേടിപ്പെടുത്തും വിധം സത്യമായിരിക്കുന്നു.

കടപ്പാട്: ദ പ്രിന്റ്

മൊഴിമാറ്റം: ജിന്‍സി ടി.എം

കാവേരി ബംസായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക, ഇന്ത്യാ ടുഡെ മുന്‍ എഡിറ്റര്‍

We use cookies to give you the best possible experience. Learn more