| Saturday, 4th November 2017, 7:38 pm

'ധോണി വിരമിച്ചത് ആര്‍ക്കു വേണ്ടി?'; കായിക ലോകത്തെ ഞെട്ടിച്ച് പാതി വഴിയില്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ധോണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2014 ഡിസംബര്‍ 30, ഒരു തീരുമാനം കൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ എം.എസ് ധോണിയെന്ന ക്യാപ്റ്റന്‍ കൂള്‍ ഞെട്ടിച്ച ദിവസം. ഒട്ടും നിനച്ചിരിക്കാതെയായിരുന്നു ധോണിയന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടിരിക്കുമ്പോള്‍.

ധോണിയുടെ തീരുമാനത്തില്‍ ഞെട്ടിയത് ആരാധകര്‍ മാത്രമായിരുന്നില്ല. സഹതാരങ്ങളും ബി.സി.സി.ഐയുമെല്ലാമായിരുന്നുവെന്നാണ് രജ്ദീപ് സര്‍ദ്ദേശായിയുടെ പുസ്തകത്തില്‍ പറയുന്നത്. അന്ന് ടീമിന്റെ തലവനായിരുന്ന രവിശാസ്ത്രി പോലും തീരുമാനത്തില്‍ അമ്പരന്നു പോയി.

” അവന്റെ മനസില്‍ എന്താണുണ്ടായിരുന്നതെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. അതാണ് ധോണിയുടെ ശൈലി. അവന്‍ ചെയ്യുന്ന കാര്യങ്ങളില്‍ രണ്ടാമതൊന്ന് ആലോച്ചിക്കേണ്ടതില്ല.” രവിശാസ്ത്രി പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു.

ശാസ്ത്രിമായിരുന്നില്ല തീരുമാനത്തില്‍ ഞെട്ടിയത്. തന്റെ തീരുമാനം ബി.സി.സി.ഐയെ അറിയിച്ചതിന് പിന്നാലെ തീരുമാനം താരങ്ങളെ അറിയിക്കാനായി ടീം മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു. ധോണി വിരമിക്കുകയാണെന്ന് അറിയിച്ചതോടെ താരങ്ങളെല്ലാം അമ്പരന്നു. ചിലര്‍ കരയുകപോലും ചെയ്തുവെന്നും പുസ്തകത്തില്‍ പറയുന്നു.


Also Read: ‘പ്രായത്തിന് ചേരുന്നത് ഇട്ടാ പോരേ, ഷാരൂഖിനെ പറയിപ്പിക്കണോ?’; അടിവസ്ത്രം കാണുന്ന വസ്ത്രമണിഞ്ഞതിന് ഗൗരി ഖാനെ സദാചാരം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ


ഇതിഹാസ താരത്തിന്റെ പടിയിറക്കം ആളും ആരവുമില്ലാതെ ആയത് നെറ്റിച്ചുളിപ്പിച്ചിരുന്നു. എന്നാല്‍ ആരോടും മുന്‍ കൂട്ടി ഒന്നും പറയാതെയായിരുന്നു ധോണി വിരമിച്ചതെന്ന് സര്‍ദ്ദേശായി പറയുന്നു. തീരുമാനത്തെ കുറിച്ച് മുന്‍ നായകനായ എം.എസ് ധോണിയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്.

” ഇതാണ് ശരിയായ സമയം, ഇതാണ് ശരിയായ തീരുമാനം എന്നെനിക്ക് തോന്നി. ടീമിനെ നയിക്കാന്‍ വിരാട് റെഡിയായിരുന്നു. വൃഥിമാന്‍ സാഹ പോലൊരു വിക്കറ്റ് കീപ്പറും വളര്‍ന്നു വരുന്നു. അവന്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നുവെന്നും തോന്നി.”

90 ടെസ്റ്റുകള്‍ കളിച്ച താന്‍ തൃപ്തനാണെന്നും ധോണി പറയുന്നു. പരമ്പരയില്‍ വിജയിക്കാന്‍ സാധിക്കില്ലെന്നും ഉറപ്പായിരുന്നു. വിരാട് നല്ല ഫോമിലായിരുന്നു. അവന് അര്‍ഹിച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലുകള്‍ പ്രാധാന്യം അര്‍ഹിക്കുന്നില്ല. നേടിയതിലെല്ലാം താന്‍ തൃപ്തനായിരുന്നുവെന്നും അതുകൊണ്ട് തീരുമാനത്തില്‍ ഖേദിക്കുന്നില്ലെന്നും ധോണി പുസ്തകത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more