Don’t be a hater, you will regret this later, ആര്‍.ഡി.എക്‌സില്‍ നീരജ് മാധവ് പാടിയ സീന്‍ മോനേ എന്ന റാപ്പ് സോങ്ങിലെ ഒരു വരിയാണിത്. ഒരുപക്ഷേ റിലീസിന് ശേഷം ഒരു സിനിമക്ക് ഏറ്റവും മാച്ചായി തോന്നിയ വരികളുമായിരിക്കും ഇത്. കാരണം ഓണത്തിന് മിക്ക പ്രേക്ഷകരും ഫിഫ്ടി ഫിഫ്ടി ചാന്‍സ് മാത്രമാണ് ആര്‍.ഡി.എക്‌സിന് നല്‍കിയത്.
ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ തന്നെ ചിത്രത്തിനെതിരെ ട്രോളുകള്‍ പ്രവഹിച്ചു. ആന്റണി വര്‍ഗീസ് പെപ്പെയും ഷെയ്ന്‍ നിഗവവും നീരജ് മാധവും ഒന്നിച്ചു നില്‍ക്കുന്ന ഫസ്റ്റ് ലുക്കാണ് ട്രോള്‍ ചെയ്യപ്പെട്ടത്. അങ്കണവാടിയിലെ കുട്ടികളുടെ എക്‌സ്‌പ്രെഷനാണ് മൂവര്‍ക്കും എന്നതായിരുന്നു പരിഹാസങ്ങളില്‍ കൂടുതലും. ചിത്രത്തില്‍ പെരുന്നാള്‍ തല്ലിന് വരുന്ന ഈ സീക്വന്‍സുകള്‍ക്കാണ് തിയേറ്ററില്‍ പിന്നീട് ഏറ്റവും അധികം കയ്യടി ലഭിച്ചത് എന്നത് മറ്റൊരു കാര്യം.
ഷൂട്ടിനിടയിലുണ്ടായ ആഭ്യന്തര തര്‍ക്കങ്ങളും അത് പുറത്ത് ചര്‍ച്ചയായതും പ്രതികൂലമായി ബാധിക്കുമോ എന്ന സംശയങ്ങള്‍ പോലുമുണ്ടായി. ഹലബല്ലു എന്ന ആദ്യഗാനം പുറത്ത് വന്നപ്പോള്‍ അതിലെ സ്‌റ്റെപ്പുകള്‍ക്കെതിരെ കോപ്പിയടി ആരോപണങ്ങള്‍ ഉയര്‍ന്നു.
നീരജ് മാധവിന്റെ ‘സീന്‍ മോനേ’ എന്ന പാട്ടിന് നേരിടേണ്ടി വന്നതും മറ്റൊന്നായിരുന്നില്ല. പാട്ടിനെ പരിഹസിച്ചവര്‍ നീരജിനേയും വെറുതേ വിട്ടില്ല. ചിത്രത്തിന്റെ പ്രൊമോഷനിടിയിലെ നീരജിനൊപ്പം പാടാത്ത സദസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
എന്നാല്‍ ടീസറും ട്രെയ്‌ലറും ചിലരിലെങ്കിലും പ്രതീക്ഷയുണര്‍ത്തി. ഇത്തരത്തില്‍ റിലീസ് ദിനം വരെ മിക്‌സഡ് റെസ്‌പോണ്‍സായിരുന്നു ആര്‍.ഡി.എക്‌സിന് പ്രേക്ഷകര്‍ നല്‍കിയത്. പലരും പ്രതീക്ഷ അര്‍പ്പിച്ചത് ബാംഗ്ലൂര്‍ ഡേയ്‌സും മിന്നല്‍ മുരളിയും എടുത്ത് വിജയിപ്പിച്ച സോഫിയ പോള്‍ എന്ന നിര്‍മാതാവിലായിരുന്നു.
ഏത് ഭാഷയിലാണെങ്കിലും സിനിമക്ക് ബാധകമായ ഒരു ടേണിങ് പോയിന്റുണ്ട്, റിലീസ് ഡേറ്റ്. നെഗറ്റീവാണെങ്കിലും പോസിറ്റീവാണെങ്കിലും, ഹൈപ്പാണെങ്കിലും ഹേറ്റാണെങ്കിലും അതിന്റെയെല്ലാം ആയുസ് റിലീസ് ദിനം വരെയേ ഉള്ളൂ. എന്‍ഡ് ഓഫ് ദി ഡേ കണ്ടന്റാണ് കിങ്. ആ പോയിന്റില്‍ ആര്‍.ഡി.എക്‌സ് വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.
പക്കാ ഫെസ്റ്റിവല്‍ വിരുന്നാണ് പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ കിട്ടിയത്. കണക്ടാവുന്ന കഥ, കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം, ഇമോഷന്‍സ്, ഫൈറ്റ് എല്ലാംകൊണ്ടും ഭൂരിപക്ഷം വരുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ ആര്‍.ഡി.എക്‌സിനായി.
ഓരോ കഥാപാത്രങ്ങളേയും, വ്യക്തമായ വ്യക്തിത്വം നല്‍കി കൃത്യമായി കഥ പ്ലേസ് ചെയ്യുന്നുണ്ട്.
റോബര്‍ട്ടും ഡോണിയും തമ്മിലുള്ള സഹോദര ബന്ധം സ്വഭാവികമായി രീതിയില്‍ അവതരിപ്പിച്ചു. അതിനൊരു ഫോഴ്‌സ്ഡ് സ്വഭാവം ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് രണ്ട് പേര്‍ക്കും സേവ്യറിനോടുള്ള ഫ്രണ്ട്ഷിപ്പിന്റെ ബോണ്ടിങ്ങും പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യാനാവും. വളരെ കുറച്ച് സമയം കൊണ്ടുതന്നെ ഫസ്റ്റ് ഹാഫില്‍ ഒരു പ്രണയം പ്ലേസ് ചെയ്യപ്പെട്ടു.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് പെപ്പെ, നീരജ് മാധവ് എന്നിവരെ ഇതുവരെയുള്ളതില്‍ നിന്നും വ്യത്യസ്തമായ തരത്തില്‍ ആര്‍.ഡി.എക്‌സ് എക്‌സ്‌പ്ലോര്‍ ചെയ്തു എന്നതാണ് മറ്റൊരു പ്രത്യേകത.
ഇനി ഏറ്റവും പ്രധാനപ്പെട്ടതും പല മാസ് സിനിമകള്‍ക്കും വിട്ടുപോകുന്നതുമായി ഘടകമാണ് വില്ലന്‍. വില്ലന്‍ എത്രത്തോളം ശക്തനാവുന്നോ, എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നോ അത്രമാത്രം കഥയും ശക്തമാവും. ആര്‍.ഡി.എക്‌സിന്റെ വിജയത്തിന് നായകന്മാര്‍ക്കൊപ്പം തന്നെ വില്ലന്മാര്‍ക്കും പങ്കുണ്ട്. വില്ലന്മാര്‍ക്ക് രണ്ടെണ്ണം കൊടുക്കാന്‍ പ്രേക്ഷകനും തോന്നുന്നിടത്താണ് കഥയുടെ കെട്ടുറപ്പ്. കഥപാത്രങ്ങള്‍ക്ക് ഫൈറ്റ് ചെയ്യുന്നതിന് പിന്നില്‍ തോന്നിയ വികാരം പ്രേക്ഷകനേയും തോന്നിപ്പിക്കാന്‍ ആര്‍.ഡി.എക്‌സിനായി.
സിനിമയിലെ നായകന്മാര്‍ സര്‍വശക്തന്മാരല്ല. പലയിടത്തും അവര്‍ ദുല്‍ബലരാവുകയും തോറ്റുപോവുകയും പിന്തിരിഞ്ഞോടുകയും ചെയ്യുന്ന ഘട്ടങ്ങളുണ്ട്. ഇതില്‍ നിന്നുണ്ടാകുന്ന സിംപതിയാണ് അവര്‍ക്കൊപ്പം ഓടാന്‍ പ്രേക്ഷകരേയും പ്രേരിപ്പിക്കുന്നത്.
ടെക്‌നിക്കല്‍ സൈഡിലും ഏറ്റവും മികച്ച ബ്രാന്‍ഡ് നെയ്മുകള്‍ തന്നെ ചിത്രം ഉറപ്പുവരുത്തി. സാം സി.എസിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറുകളും അന്‍പ്-അറിവിന്റെ ഫൈറ്റ് സീനുകളും സ്‌ക്രീനിനെ ചടുലമാക്കി. ട്രോള്‍ ചെയ്യപ്പെട്ട സീന്‍ മോനേ സിനിമയിലെത്തിയപ്പോള്‍ ഇഫക്ട് ഇരട്ടിയായി. ട്രോള്‍ ചെയ്തവര്‍ തന്നെ സിനിമക്ക് ശേഷം യൂട്യൂബില്‍ പാട്ട് തിരഞ്ഞു കണ്ടു. കമന്റ് സെക്ഷനില്‍ ഇത് കാണാനാവും.
അലക്‌സ് ജെ. പുളിക്കലിന്റെ ക്യാമറയും അതിനൊത്ത ചമന്‍ ചാക്കോയുടെ എഡിറ്റിങും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ഇങ്ങനെ കണ്ടന്റും ടെക്‌നിക്കല്‍ സൈഡും കൃത്യം പാകത്തിന് ഒത്തുചേര്‍ന്നപ്പോള്‍ ലുക്കിലും വര്‍ക്കിലും ആര്‍.ഡി.എക്‌സ് തിളങ്ങി.
Content Highlight: Why RDX became the onam winner