| Sunday, 3rd January 2021, 1:23 pm

എം.ജി.ആറിന്റെ തലയെടുപ്പിന് മുന്നില്‍ തോറ്റുപോകുന്ന രജനിയുടെ യെന്തിരന്‍ സ്റ്റൈല്‍ മൃദു ഹിന്ദുത്വ രാഷ്ടീയം

കെ.എ. ഷാജി

ഏറെ കൊട്ടിഘോഷിക്കപ്പെട്ടതും ആരാധകര്‍ നീണ്ടകാലം പ്രതീക്ഷിച്ച് കാത്തിരുന്നതുമാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം. ഒരുപാട് സസ്‌പെന്‍സുകള്‍ നിലനിര്‍ത്തിയ രജനി ഒടുവില്‍ ഇതിനി നഷ്ടക്കച്ചവടമാകുമെന്ന തിരിച്ചറിവില്‍ ശാശ്വതമായി പിന്മാറുകയും ചെയ്തു.

രജനിയിലെ മൃദു ഹിന്ദുത്വവാദിയിലൂടെ തങ്ങളുടെ തീവ്രഹിന്ദുത്വ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ വേരു പിടിപ്പിക്കാന്‍ നടന്ന സംഘപരിവാറിനാണിപ്പോള്‍ കടുത്ത നിരാശ. മറ്റൊരു എം.ജി.ആറിനെ രജനിയില്‍ കാണാന്‍ ശ്രമിച്ച ആരാധകരില്‍ അതിലേറെ നിരാശ.

എന്തുകൊണ്ടാണ് രജനിക്കും കമലഹാസനും നവയുഗ എം.ജി.ആറുമാരായി മാറാന്‍ ആകാത്തത്? വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയ അതേ ദിവസമാണ് ഒടുവില്‍ വടവന്നൂരില്‍ പോയത് എന്നത് ഇന്നോര്‍ക്കുമ്പോള്‍ ഒരു യാദൃഛികതയാണ്. പാലക്കാട് നഗരത്തില്‍ നിന്നും ഏതാണ്ട് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള കൊച്ചു ഗ്രാമം. മക്കള്‍ തിലകം എം.ജി. ആറിന്റെ അമ്മ സത്യഭാമയുടെ തറവാട് വീട് അവിടെയാണ്.

എം.ജി.ആര്‍

ശ്രീലങ്കയില്‍ കാണ്ടിയില്‍ ആയിരുന്നു എം.ജി.ആറിന്റെ ജനനം. എങ്കിലും അവിടെ മജിസ്‌ട്രേറ്റ് ആയിരുന്ന അച്ഛന്‍ റിട്ടയര്‍ ആയപ്പോള്‍ കുടുംബം വടവന്നൂരില്‍ മടങ്ങിയെത്തി. സത്യഭാമയ്ക്ക് അവകാശപ്പെട്ട ആ വീട്ടില്‍ അദ്ദേഹം കുട്ടിക്കാലം ചെലവിട്ടു. ഇപ്പോള്‍ ചെന്നൈ മുന്‍ മേയര്‍ സെയ്ദയ് ദുരൈസ്വാമി മുന്‍കൈ എടുത്ത് ആ വീട് നവീകരിച്ചിരിക്കുകയാണ്.

അച്ഛന്റെ മരണ ശേഷം തൊഴിലും പുനരധിവാസവും വരുമാനവും തേടി അമ്മയ്ക്കും ജ്യേഷ്ഠനും ഒപ്പം കുംഭകോണത്തേയ്ക്ക് പറിച്ചു നടപ്പെടുന്നിടത്താണ് എം.ജി.ആറിന്റെ തമിഴ് സിനിമയിലേയും രാഷ്ട്രീയത്തിലേയും ഐതിഹാസികമായ ജൈത്രയാത്രയുടെ തുടക്കം. പെരിയാറും അണ്ണാദുരൈയും തങ്ങളുടെ പാണ്ഡിത്യവും കഴിവും കര്‍മ കുശലതയും സംഭാഷണ ചാതുരിയും കൊണ്ട് രൂപപ്പെടുത്തിയ ദ്രാവിഡരുടെ പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രസ്ഥാനത്തെ എങ്ങനെ പാലക്കാട് നിന്നുള്ള ഒരു മലയാളി മേനോന്‍ അപഹരിച്ചെടുത്തു എന്നത് എക്കാലത്തെയും വലിയൊരു ചോദ്യമാണ്.

ദേശീയവും വംശീയവും ഭാഷാപരവും സാംസ്‌കാരികവുമായ പ്രതിരോധങ്ങളില്‍ പെരിയാറിനും അണ്ണാദുരൈക്കും ഒപ്പം നിന്ന മുത്തുവേല്‍ കരുണാനിധിയെ നീണ്ടകാലം അധികാരത്തിനു പുറത്ത് നിര്‍ത്താനും അയാള്‍ക്കായി.

കരുണാനിധി

അയാളുടെ മരണ ശേഷം പാര്‍ട്ടി പിന്‍ഗാമിയായി കണ്ടെത്തിയത് അയാളുടെ ഭാര്യയെ ആയിരുന്നുവെങ്കില്‍ യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ ഇന്നും വലിയ മാറ്റം ഒന്നും ഇല്ലാത്ത തമിഴ്‌നാട്ടിലെ ജനത കണ്ടെത്തിയത് അയാളുടെ കാമുകിയെ ആയിരുന്നു എന്നതും ചരിത്രത്തിന്റെ വൈരുദ്ധ്യമാണ്. അതും ബ്രാഹ്മണ ആധിപത്യത്തിന് എതിരെ സമരം ചെയ്ത പ്രസ്ഥാനത്തിന്റെ തലപ്പത്ത് മൈസൂരില്‍ നിന്നുള്ള ബ്രാഹ്മണ വനിത.

മലയാളി മേനോനും മൈസൂര്‍ ബ്രാഹ്മണ വനിതയ്ക്കും ആകാമെങ്കില്‍ എന്ത് കൊണ്ട് ജന്മം കൊണ്ട് മറാത്തിയായ തനിക്ക് ആയിക്കൂടാ എന്നൊരു തോന്നല്‍ രജനിയില്‍ തുടക്കത്തില്‍ കലശലായി ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ എം.ജി.ആറിനും ജയലളിതയ്ക്കും ഇപ്പുറം സിനിമയില്‍ നിന്നും തമിഴ് രാഷ്ട്രീയത്തിലേക്ക് വന്നവര്‍ എല്ലാം പരാജയപ്പെട്ടു എന്നതൊരു വസ്തുതയാണ്.

തിരക്കഥ എഴുതുന്ന സിനിമാക്കാരന്‍ ആയിരുന്നു എങ്കിലും കരുണാനിധി സിനിമയുടെ അക്കൗണ്ടില്‍ രാഷ്ട്രീയത്തില്‍ വന്നതല്ല. എന്നാല്‍ ശിവാജി ഗണേശന്‍ വന്നത് ആ അക്കൗണ്ടില്‍ ആയിരുന്നു. വന്നത് പോലെ തോറ്റ് പിന്‍വാങ്ങുകയും ചെയ്തു. അതിന് ശേഷം ശരത് കുമാറും രാധികയും മുതല്‍ കറുപ്പ് എം.ജി.ആര്‍ എന്ന് സ്വയം വിശേഷിപ്പിച്ച വിജയ് കാന്ത് വരെ വന്നു. ആരും വിജയിച്ചില്ല.

ശിവാജി ഗണേഷന്‍

പിണറായി വിജയനേയും അരവിന്ദ് കെജ്‌രിവാളിനേയും നരേന്ദ്ര മോദിയേയും മാറി മാറി പ്രകീര്‍ത്തിക്കുന്നതിനപ്പുറം കമല്‍ ഹാസനും നാളിതുവരെ തമിഴ് രാഷ്ട്രീയത്തില്‍ അത്ഭുതം ഒന്നും സൃഷ്ട്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇവിടെയാണ് രജനികാന്ത് യന്തിരന്‍ സ്‌റ്റൈല്‍ അധ്യത്മീക ‘മതാതീത’ രാഷ്ട്രീയം സംഘ പരിവാര്‍ സഹായത്തോടെ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തൊലിപ്പുറമേയുള്ള എം.ജി.ആര്‍ ലെഗസിക്കും കരുണാനിധി-ജയലളിതമാരുടെ അഴിമതി-പ്രീണന-അവസരവാദ രാഷ്ട്രീയത്തിനും അപ്പുറം തമിഴകത്തിന്റെ ബ്രാഹ്മണ വിരുദ്ധ, സ്വത്വാഭിമാനത്തില്‍ വേരൂന്നിയ, മത നിരപേക്ഷവും ബഹുസ്വരവും സാമൂഹിക നീതിയിലധിഷ്ടിതവുമായ സാമൂഹിക ക്രമം ഒട്ടും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്.

കമല്‍ ഹാസന്‍

ജയലളിതയുടെ മരണാനന്തരം അവരുടെ പാര്‍ട്ടിയിലെ ഭിന്നിപ്പുകള്‍ മുതലെടുത്ത് തമിഴകം കാവിവത്കരിക്കാന്‍ സാക്ഷാല്‍ മോദി-അമിത്ഷാ സംഘം ശ്രമിച്ചിട്ടും നടക്കാത്തിടത്ത് ആണ് രജനി നാട്ടിലെ സകല സ്വാമിയാര്‍ മഠങ്ങളിലും പോയി അധ്യാത്മിക രാഷ്ട്രീയത്തിന് വേര് തേടിയത്.

ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇതര നേതാക്കളില്‍ നിന്നും മാറി എന്തുകൊണ്ട് ജനം എം.ജി.ആറിന് ഒപ്പം പോയി എന്നതില്‍ ഒറ്റ ഉത്തരമേയുള്ളൂ. വെള്ളിത്തിരയിലും വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും അയാള്‍ മനുഷ്യനായി മനുഷ്യപ്പറ്റോടെ ജീവിച്ചു എന്നത്.

എം.ജി.ആര്‍ എപ്പോഴും ദന്തഗോപുരത്തില്‍ നിന്നും താഴെയിറങ്ങി നടന്നു. തമിഴ് ജനതയുടെ പള്‍സ് മലയാളിയായ അയാള്‍ക്ക് അറിയാമായിരുന്നു. കോണ്‍ഗ്രസ്സുകാരായ ഭക്തവത്സലവും കെ.കാമരാജും സി.രാജഗോപാലാചാരിയും മാത്രമല്ല സാക്ഷാല്‍ പെരിയാര്‍ വരെ ‘കൂത്താടി’ എന്ന ആക്ഷേപ വാക്കുകൊണ്ട് പരിഹസിച്ചിരുന്ന നേതാവാണ് എം.ജി.ആര്‍. അവരുടെ കണ്ണില്‍ വെറും സിനിമാക്കാരന്‍.

പെരിയാര്‍

പ്രത്യയശാസ്ത്രം ഇല്ല. വലിയ ലോക വീക്ഷണം ഇല്ല. സ്വാതന്ത്ര്യ സമര-സാമൂഹിക പരിഷ്‌കരണ പാരമ്പര്യം ഇല്ല. വലിയ വായന ഇല്ല. അറിവുകളുടെ ഭാരം ഇല്ല. വിധവയായ അമ്മയെ സഹായിക്കാന്‍ നാടക രംഗത്ത് ജേഷ്ഠനൊപ്പം ഇറങ്ങിയ നാളുകളിലെ ദാരിദ്ര്യവും സഹനങ്ങളും അയാളുടെ എക്കാലത്തേയും സഹയാത്രികര്‍ ആയിരുന്നു.

സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം എന്ന ഒറ്റമൂലിയിലൂടെ സാര്‍വത്രിക വിദ്യാഭ്യാസത്തില്‍ അയാള്‍ തമിഴ്‌നാടിനെ ലോകത്തിനു തന്നെ മാതൃകയാക്കി. ഇന്ന് ഐക്യരാഷ്ട്രസഭ പോലും ആ എം.ജി.ആര്‍ മാതൃക പ്രചരിപ്പിക്കുന്നു. വന്ന വഴി എം.ജി.ആര്‍ ഒരിക്കലും മറന്നില്ല.

ജനിച്ചു വളര്‍ന്ന കാണ്ടിയില്‍ ശ്രീലങ്കയിലെ തമിഴ് വംശജര്‍ നേരിട്ടിരുന്ന കടുത്ത വിവേചനം കണ്ടു വളര്‍ന്നതിനാലാകണം അയാള്‍ക്ക് തമിഴ് ഈഴം പ്രസ്ഥാനത്തോടും വലിയ ആദരവ് ആയിരുന്നു. സിനിമയില്‍ നെഗറ്റീവ് റോളുകള്‍ അയാള്‍ എന്നും ഒഴിവാക്കി. പാവങ്ങളുടെ സംരക്ഷകന്റെ റോള്‍ മാത്രം ചെയ്തു.

എം.ജി.ആര്‍

മത്സ്യതൊഴിലാളിയായും ആട്ടിടയനായും ചേരിയിലെ താമസക്കാരനായും റിക്ഷ വലിക്കുന്നവനായും അയാള്‍ അയാളെ തന്നെ ജനമനസ്സുകളില്‍ ഉറപ്പിച്ചു. സിനിമയിലൂടെ തന്റെ ക്ലീന്‍ ഇമേജ് നിലനിര്‍ത്തി. ധാര്‍മികതയുടെ സംരക്ഷകനായി തന്നെ തന്നെ പ്രചരിപ്പിച്ചു.

എം.ജി.ആര്‍ മുഖ്യമന്ത്രി ആയിരിക്കുബോള്‍ ആയിരുന്നു പെരിയാറിന്റെ ജന്മശതാബ്ദി. കൂത്താടി എന്ന് വിളിച്ചു പരിഹസിച്ച നേതാവിന്റെ പേരില്‍ അദ്ദേഹം ഒരു ജില്ല തന്നെ രൂപീകരിച്ചു. ഒരു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് പെരിയാര്‍ എന്ന് പേരിട്ടു. ആ പേരില്‍ സര്‍വകലാശാലയും അവാര്‍ഡുകളും ഏര്‍പ്പെടുത്തി. ജീവിച്ചിരുന്ന കാലത്ത് തന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്ന കവി കണ്ണദാസനെ സംസ്ഥാനത്തിന്റെ ആസ്ഥാന കവിയായി പ്രഖ്യാപിച്ചു.

ഒരിക്കല്‍ സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ എം.ജി.ആര്‍ വിതരണം ചെയ്യുകയായിരുന്നു. എം.കെ രാധയുടെ ഊഴമെത്തി. പെട്ടെന്ന് ആ അവാര്‍ഡ് കൈമാറാന്‍ എം.ജി.ആര്‍ തൊട്ടടുത്ത് നിന്ന ധനമന്ത്രി വി.ആര്‍ നെടുംചെഴിയനോട് ആവശ്യപ്പെട്ടു. രാധ സ്തംഭിച്ചു പോയി. തന്നെ എം.ജി.ആര്‍ അപമാനിക്കുകയാണ് എന്നാണ് അദ്ദേഹം ധരിച്ചത്.

എന്നാല്‍ നിമിഷങ്ങള്‍ക്ക് ഇടയില്‍ മറ്റൊന്ന് സംഭവിച്ചു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അദ്ധേഹത്തിന്റെ കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു. ചെറുപ്പത്തില്‍ രാധ അണ്ണനും അദ്ദേഹത്തിന്റെ മാതാപിതാക്കളും തന്നെ ഒരുപാട് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് അദ്ദേഹത്തിന് താന്‍ അവാര്‍ഡ് കൊടുക്കുന്നത് അദ്ദേഹത്തെ അപമാനിക്കല്‍ ആകുമെന്നും എം.ജി.ആര്‍ പ്രഖ്യാപിച്ചു. ആള്‍കൂട്ടം മൊത്തം കണ്ണീരണിഞ്ഞു.

എം.ജി.ആര്‍

അതായിരുന്നു എം.ജി.ആര്‍. അഴിമതിയും സ്വജനപക്ഷപാതവും ആ ഭരണത്തിലും ഇഷ്ടം പോലെ ഉണ്ടായിരുന്നു. എന്നാല്‍ വാക്കിലും പ്രവര്‍ത്തിയിലും മനോഭാവത്തിലും സമീപനത്തിലും അയാള്‍ അക്ഷരാര്‍ഥത്തില്‍ ഏഴൈ തോഴന്‍ തന്നെ ആയിരുന്നു. കോയമ്പത്തൂരിലും തിരുപ്പൂരിലും വരെ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിട്ട് അണ്ണാ ഡി.എം.കെയിലേക്ക് കൂടുമാറിയതിനും കാരണം വേറെ ഒന്നല്ല. അപാരമായ മനുഷ്യനന്മയും മനുഷ്യപറ്റും ആയിരുന്നു എം.ജി.ആര്‍.

സിനിമയില്‍ തങ്ങള്‍ ചെയ്ത വേഷങ്ങളുടെ ഹീറോയിസത്തിന് അപ്പുറം സമാനമായ മാനവികത ജനങ്ങളിലേക്ക് (അവരുടെ നിത്യ ജീവിതത്തിലേക്ക്) പകരാന്‍ ആകുന്നില്ല എന്നതാണ് ശിവാജി ഗണേശനും വിജയകാന്തും ശരത്കുമാറും മുതല്‍ കമല്‍ ഹാസനും രജനികാന്തും വരെ നേരിടുന്ന പരിമിതി.

ജനങ്ങളോട് സംസാരിക്കാനും അവരോട് അവരുടെ ഭാഷയില്‍ വെള്ളിത്തിരയുടെ പുറത്ത് സംവദിക്കാനും അറിയാത്ത രജനിയുടെ വ്യാമോഹങ്ങള്‍ ക്ലച്ച് പിടിക്കാതെ പോയതില്‍ അത്ഭുഭുതമില്ല.

മരിച്ച് മൂന്നു പതിറ്റാണ്ടിനിപ്പുറവും തമിഴ് ജനതയുടെ നിത്യ ജീവിതത്തേയും സ്വപ്നങ്ങളേയും പ്രതീക്ഷകളേയും സ്വാധീനിച്ചു കൊണ്ടിരിക്കുകയും അവര്‍ക്കിടയില്‍ നിത്യ സാന്നിധ്യമായിരിക്കുകയും ചെയ്യുന്ന എം.ജി.ആറിന്റെ ലെഗസി അപ്പ്രോപ്രിയെറ്റ് ചെയ്യാന്‍ രജനിക്ക് ഒട്ടും തന്നെ കഴിഞ്ഞില്ല.

Content Highlight: Why Rajinikanth’s Hindutva politics can’t win against MGR’s charisma over Tamil people

കെ.എ. ഷാജി

പരിസ്ഥിതി, അതിജീവനം, ആദിവാസി പ്രശ്‌നങ്ങള്‍, ദളിത് പ്രശ്‌നങ്ങള്‍, സന്തുലിത വികസനം, ഭൂമിയുടേയും പ്രകൃതി വിഭവങ്ങളുടേയും ഉപയോഗം, മനുഷ്യാവകാശങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ലേഖകന്‍ മോംഗാബെ ഇന്ത്യ, ഡൗണ്‍ ടു എര്‍ത്ത്, ദി ടെലഗ്രാഫ്, ദൈനിക് ഭാസ്‌കര്‍, പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡിപെന്‍ഡന്റ് ആന്റ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയാ ഫൗണ്ടേഷന്റെ സൗത്ത് ഇന്ത്യാ കണ്‍സള്‍ട്ടന്റാണ്. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more