| Thursday, 12th March 2015, 9:36 am

മല്ലികാ ഷെരാവത്തിന്റെ 'ഡേര്‍ട്ടി പൊളിറ്റിക്‌സ്' നിരോധിക്കണമെന്ന് രാജസ്ഥാന്‍ എം.എല്‍.എമാര്‍ പറയുന്നതെന്തിന്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെയ്പൂര്‍: ബോളിവുഡ് ചിത്രം “ഡേര്‍ട്ടി പൊളിറ്റിക്‌സ്” നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. മല്ലികാ ഷെരാവത്ത് രാജസ്ഥാന്‍ വിധാന്‍ സഭ കെട്ടിടത്തിനു മുന്നില്‍ അല്പവസ്ത്രധാരിയായി ഇരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പോസ്റ്ററില്‍ സര്‍ക്കാര്‍ വാഹനമെന്നു തോന്നുന്ന ചുവന്ന ബീക്കണുള്ള അംബാസിഡര്‍ കാറിനു മുകളിലാണ് മല്ലിക നില്‍ക്കുന്നത്. രാജസ്ഥാന്‍ നിയമസഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കുന്നതാണ് പോസ്റ്റര്‍ എന്നാണ് സര്‍ക്കാര്‍ പറുന്നത്.

ചിത്രത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഭരണകക്ഷിയായ ബി.ജെ.പി. നിയമസഭയുടെ അഭിപ്രായവും ഇതുതന്നെയാണ്. സംസ്ഥാന സര്‍ക്കാര്‍ യോജിച്ച നടപടിയെടുക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി രാജേന്ദ്ര റാഥോര്‍ ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.

“സംസ്ഥാനത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയെന്ന് തോന്നിയാല്‍ ഞങ്ങള്‍ നടപടിയെടുക്കും. ഞങ്ങള്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ” രാജസ്ഥാനില്‍ നിന്നുള്ള എം.പിയായ റാഥോര്‍ അറിയിച്ചു.

2011ല്‍ നടന്ന ഭന്‍വാരി ദേവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്നാണ് സംവിധായകനായ കെ.ബി ബൊക്കാഡിയ പറയുന്നത്. ഭന്‍വാരി ദേവിയുടെ കൊലപാതകത്തില്‍ ആരോപണ വിധേയരായ മുന്‍ മന്ത്രി മഹിപാല്‍ മദേര്‍ണയും മുന്‍ എം.എല്‍.എ മല്‍ഖാന്‍ സിങ്ങും ഇപ്പോള്‍ ജയിലിലാണ്.

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ കൊമേഴ്‌സ്യല്‍ ചിത്രമാണ് ഡേര്‍ട്ടി പൊളിറ്റിക്‌സെന്നും സംവിധായകന്‍ പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനോ അല്ലെങ്കില്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്താനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more