ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും രാഹുല്‍ ഗാന്ധി വിട്ടു നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാഹുല്‍ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
2017 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട് കടുത്ത പരാജയത്തിന് പിന്നാലെയാണ് രാജി വെച്ചത്. 12 വര്‍ഷത്തിനിടെ ഇതാദ്യമായി അദ്ദേഹത്തിന്റെ നെയിംപ്ലേറ്റും പാര്‍ട്ടി ആസ്ഥാനത്ത് ഇല്ല.
സോണിയാഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന അധ്യക്ഷന്മാര്‍, പാര്‍ട്ടി ജനപ്രതിനിധിമാര്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം, പാര്‍ട്ടിയുടെ അംഗത്വ ഡ്രൈവ്, കേഡര്‍മാര്‍ക്കുള്ള പരിശീലന പരിപാടി എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഇപ്പോള്‍ പാര്‍ട്ടി പദവികളിലൊന്നും ഇല്ലാത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പങ്കെടുത്തിരുന്നു. സമ്പത് വ്യവസ്ഥയെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗിനെ യോഗത്തിന് ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.
പാര്‍ട്ടി അധ്യക്ഷ പദവി രാജി വെച്ച ശേഷം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമല്ലാതെ മറ്റെരു സംഘടനാ പദവിയും രാഹുല്‍ ഗാന്ധിക്ക് ഇല്ല. മുതിര്‍ന്ന നേതാവെന്ന നിലയില്‍ എ.കെ ആന്റണിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേ സമയം വയനാട് എം.പിയായ രാഹുല്‍ ഗാന്ധി യോഗ്ത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം അദ്ദേഹം സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും ആവശ്യപ്പെടുമ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചതെന്നും രാഹുല്‍ഗാന്ധിയുടെ അടുത്ത പാര്‍ട്ടി വൃത്തങ്ങളെ വാര്‍ത്താ അജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മുകശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധി അവസാനം പങ്കെടുത്തത്.
താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ച ഒഴിവില്‍ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനെത്തുടര്‍ന്ന് രാഹുല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ നെയിം പ്ലേറ്റ് പാര്‍ട്ടി ആസ്ഥാനത്ത് ഇല്ലെങ്കിലും ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയുടേയും ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയുടെയും പേരില്‍ ചേംബറുകളുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്നു പുറത്തുനിന്നുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് വരണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട് . എന്നാല്‍ ഇതിനെ തള്ളിയാണ് ഇടക്കാല അധ്യക്ഷയായി സോണിയയെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ താന്‍ ഇപ്പോഴും പാര്‍ട്ടിയെ നിയന്ത്രിക്കുന്നില്ലെന്ന് കാണിക്കാനാണ് രാഹുല്‍ ഗാന്ധി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണു റിപ്പോര്‍ട്ട്.