| Wednesday, 3rd April 2024, 9:15 am

പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് തന്റെ സിനിമകള്‍ മാത്രം ചെയ്യുന്നത്? മറുപടിയുമായി വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയം സിനിമ കഴിഞ്ഞ ശേഷം പ്രണവ് മോഹന്‍ലാല്‍ വേറെയും കഥകള്‍ കേട്ടിരുന്നു എന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. എന്നാല്‍ ആ സിനിമകളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പ്രണവ് തീരുമാനിച്ചിരുന്നില്ലെന്നും ആ സമയത്താന്‍ താന്‍ പുതിയ കഥയുമായി പോയതെന്നും താരം പറയുന്നു.

എന്തുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ തന്റെ സിനിമ മാത്രം ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത്. തന്റെ പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഹൃദയം സിനിമ കഴിഞ്ഞിട്ട് അപ്പു വേറെയും കഥകളൊക്കെ കേട്ടിരുന്നു. പക്ഷേ അത് ചെയ്യണോ വേണ്ടയോ എന്ന് അവന്‍ തീരുമാനിച്ചിരുന്നില്ല. പിന്നെ ഞങ്ങള്‍ ഈ സിനിമയുടെ കഥ പറയുന്ന സമയത്ത് അവന്‍ ഒരു ട്രിപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു.

ഞാന്‍ പോയി കഥ പറഞ്ഞപ്പോള്‍ ഫസ്റ്റ് ഹാഫ് കഴിഞ്ഞതും അവന്‍ ചോദിച്ചത് ‘ഞാന്‍ എപ്പോഴാണ് ഇതിന്റെ പ്രിപ്പറേഷന്‍ തുടങ്ങേണ്ടത്’ എന്നാണ്. അതോടെ ആള്‍ക്ക് കഥ ഇഷ്ടമായെന്ന് എനിക്ക് മനസിലായി.

ആള് ഓക്കെ പറയാനായി സെക്കന്റ് ഹാഫ് പറയുന്നത് വരെയൊന്നും കാത്തു നിന്നിട്ടില്ല. എന്തോ ഒന്ന് അവനെ ഈ കഥയില്‍ ഹുക്ക് ചെയ്തിട്ടുണ്ടെന്ന് എനിക്ക് മനസിലായി,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. സിനിമ പ്രണവ് കണ്ടിരുന്നെന്നും വിനീത് അഭിമുഖത്തില്‍ പറയുന്നു.

‘എല്ലാം കഴിഞ്ഞ് സിനിമ അപ്പു കണ്ടു. അത് കണ്ട ശേഷം പറഞ്ഞത് ‘എനിക്ക് ഹൃദയത്തെക്കാള്‍ ഇഷ്ടമായത് ഈ സിനിമയാണ്’ എന്നാണ്. കഥ കേട്ടപ്പോളും അപ്പുവിന് ഹൃദയത്തെക്കാള്‍ വര്‍ക്ക് ആകുമെന്ന് തോന്നിയത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Why Pranav Mohanlal Doing Only Vineeth Sreenivasan’s Movie

We use cookies to give you the best possible experience. Learn more