ട്വിറ്റര്‍, എന്താണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പോളിസി; പുല്‍വാമയിലെ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാട്ടിയ തന്റെ ട്വീറ്റ് നീക്കം ചെയ്തതിനെതിരെ ദിഗ്‌വിജയ് സിങ്
India
ട്വിറ്റര്‍, എന്താണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പോളിസി; പുല്‍വാമയിലെ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാട്ടിയ തന്റെ ട്വീറ്റ് നീക്കം ചെയ്തതിനെതിരെ ദിഗ്‌വിജയ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2019, 1:12 pm

ന്യൂദല്‍ഹി: പുല്‍വാമ ആക്രമണത്തിലെ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാട്ടി പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്ത ട്വിറ്ററിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.

പുല്‍വാമയില്‍ തീവ്രവാദ ആക്രമണം നടന്നേക്കാമെന്ന് വ്യക്തമാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയത്തിനും ഇന്റലിജന്‍സിനും ലഭിച്ച കത്തായിരുന്നു ദിഗ് വിജയ് സിങ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്യുകയായിരുന്നു.

സുരക്ഷാ ഏജന്‍സികളുടേയും ആഭ്യന്തരമന്ത്രാലയത്തിന്റേയും നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടിയുള്ള തന്റെ പോസ്റ്റ് എന്തിന്റെ പേരിലാണ് ട്വിറ്റര്‍ നീക്കം ചെയ്‌തെന്ന് ദിഗ് വിജയ് സിങ് ചോദിച്ചു.

പുല്‍വാമയില്‍ തീവ്രവാദ ആക്രമണം നടന്നേക്കാമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് ഫെബ്രുവരി എട്ടിന് എസ്.എസ്.പി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയം നടപടി സ്വീകരിച്ചില്ല. ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ തന്നെ പറഞ്ഞു.

ഐ.ജിയും കാശ്മീര്‍ പൊലീസും ഐ.ഇ.ഡി ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണം നടക്കുന്നതിന്റെ ഒരാഴ്ച മുന്‍പായിരുന്നു ഇത്. എന്നാല്‍ ഇത് അവഗണിക്കപ്പെട്ടു. അതിന്റെ ഫലമാണ് പുല്‍വാമ ആക്രമണം. ഐ.ഇ.ഡി (improvised explosive device)ആക്രമണത്തില്‍ 44 ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇന്റലിജന്‍സിന്റെ ഈ ഗുരുതരമായ സുരക്ഷാവീഴ്ചയെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ല. ഉത്തരവാദി ആരെന്ന് ചോദിച്ചിട്ടില്ല. നടപടിയെടുത്തിട്ടില്ല. ഇന്റലിജന്‍സ് വീഴ്ചയെന്ന് ആദ്യം പറഞ്ഞ ഗവര്‍ണര്‍ പോലും വിശദീകരണം ചോദിച്ചിട്ടില്ല- ദിഗ് വിജയ് സിങ് പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ ഇട്ട ട്വീറ്റ് ട്വിറ്റര്‍ എന്തിന് ഒഴിവാക്കിയെന്നാണ് അറിയേണ്ടത്. എന്റെ മറ്റു ട്വീറ്റുകളും നിങ്ങള്‍ നോക്കണം. അതില്‍ അധിക്ഷേപകരമായ ട്വീറ്റുകളുണ്ട്. അതില്‍ നടപടിയൊന്നുമില്ല, ഭീഷണിപ്പെടുത്തുന്ന ട്വീറ്റുകളിലും നടപടിയൊന്നുമില്ല, വിദ്വേഷ ട്വീറ്റുകളിലും നടപടിയില്ല. എന്നാല്‍ സദുദ്ദേശ്യത്തോടെയുള്ള അന്വേഷണങ്ങള്‍ തടഞ്ഞിരിക്കുന്നു. ട്വിറ്റര്‍, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പോളിസി എന്താണ്? – ദിഗ്‌വിജയ് സിങ് ചോദിച്ചു.