എങ്ങനെയാണ് മനുഷ്യത്വ വിരുദ്ധരായ ഒരു കൂട്ടമായി പോലീസ് മാറുന്നത്? മറിച്ചുള്ള ധാരാളം അനുഭവങ്ങള്‍ ഉണ്ടാകാം. നമ്മുടെ പരിചയത്തിലും ബന്ധത്തിലും അറിവിലുമുള്ള, അലിവും ദയവും മനുഷ്യത്വവും രാഷ്ട്രീയ ബോധ്യവും പക്വതയുമുള്ള ഒരു കൂട്ടം പോലീസുകാരുണ്ടാകാം. പക്ഷേ നിരന്തരം മനുഷ്യരോട് ഇടപെടേണ്ടി വരുന്ന, ക്രൈസിസുകള്‍ ഒന്നിന് പിറകെ ഒന്നായി മാനേജ് ചെയ്യേണ്ടി വരുന്ന ഒരു ഫോഴ്സ് ധാര്‍ഷ്ട്യത്തിന്റെ മേലങ്കി അണിഞ്ഞ് മാത്രം സമൂഹ മധ്യത്തില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണ്?
കഴിഞ്ഞ ഒന്നൊന്നര മാസത്തിനുള്ളില്‍ തന്നെ എത്ര കേസുകള്‍ നമ്മള്‍ വായിച്ചു? കണ്ടു? പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെല്ലുന്നവരെ തെറിവിളിക്കുന്ന പോലീസ്, ഭിന്നശേഷിക്കാരോട്, ട്രാന്‍സ്ജെന്‍ഡേഴ്സിനോട്, സ്ത്രീകളോട്, ദളിതരോട്, ആദിവാസികളോട്, സമൂഹത്തില്‍ അധികാരവും പദവികളുമില്ലാത്ത മനുഷ്യരോട് നിന്ദ്യമായി, ക്രൂരമായി, പെരുമാറുന്ന പോലീസുകാര്‍.
എന്തുകൊണ്ടാണ് ഇതിവര്‍ തുടരുന്നത്? നാട്ടുകാരെ മാസ്‌ക് ധരിക്കാത്തതിന് പരസ്യമായി ഏത്തമിടുവിച്ച് ക്യാമറയില്‍ പകര്‍ത്തിയ പോലീസ് ഏമാന് എന്തെങ്കിലും ശിക്ഷകിട്ടിയോ? മനുഷ്യരെ തെറിവിളിച്ച പോലീസുകാര്‍ക്ക്? ഭീഷണിപ്പെടുത്തിയവര്‍ക്ക്? ഒരുപ്രശ്നമുവുണ്ടായി കാണില്ല.
പോലീസിന്റെ മൊറൈല്‍ തകര്‍ക്കരുതത്രേ! മനുഷ്യരുടെ നട്ടെല്ല് തകര്‍ക്കാം. ജീവിതം തകര്‍ക്കാം. സമൂഹത്തിന്റെ മുന്നോട്ട് പോക്ക് പറ്റെ തകര്‍ക്കാം. പോലീസിന്റെ മൊറൈല്‍ തകര്‍ക്കാന്‍ പാടില്ല.
കഷ്ടപ്പെടുന്ന മനുഷ്യരോട് കരുതലോടെ സംസാരിക്കാന്‍ എന്താണ് തടസം? എടാ പോടാ എന്നല്ലാതെ പാവപ്പെട്ട മനുഷ്യരെ അഭിസംബോധന ചെയ്തില്ലെങ്കില്‍ അധികാരത്തിന് ഇറെക്ടയില്‍ ഡിസ്ഫങ്ഷന്‍ സംഭവിക്കുമോ? എന്ത് അധികാരത്തിന്റെ പുറത്താണ് ഇവര്‍ മനുഷ്യരുടെ ജീവിതം തകിടം മറയ്ക്കുന്നത്?
ആ കുട്ടികള്‍ക്ക് വീടും വിദ്യാഭ്യാസവും നല്‍കാന്‍ സര്‍ക്കാരിനാകും. പക്ഷേ അവരുടെ മാതാപിതാക്കളെ തിരിച്ച് നല്‍കാനാകില്ല. അവര്‍ക്കുണ്ടാക്കിയ വലിയ മുറിവ് ഉണക്കാന്‍ ആകില്ല. പക്ഷേ ഒരു ചോദ്യം ബാക്കിയുണ്ട്. ഒരിക്കലും ഇതുപോലൊന്ന് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാരിനാകുമോ?
ആക്രോശിക്കുന്ന, തെറിവിളിക്കുന്ന, ഭീഷണിപ്പെടുത്തുന്ന, ഭക്ഷണം കഴിക്കുന്നതിനിടയില്‍ ആളുകളെ വലിച്ചിഴക്കുന്ന തെമ്മാടികളുടെ കൂട്ടമായി പോലീസിനെ മാറ്റാതിരിക്കാന്‍ കഴിയുമോ? അതോ അവരുടെ മൊറൈല്‍ സംരക്ഷിച്ച്, നാളെയും ഇങ്ങനെ തുടരുമ്പോള്‍ വീടും വാഗ്ദാനങ്ങളുമായി പുറകെ ചെല്ലുമോ? പോലീസ് ഭരണകൂടത്തിന്റെ ആയുധമാണ്. അവരുടെ പ്രവര്‍ത്തി ഭരണകൂടത്തിന്റെ നിലപാടുകളുടെ പ്രതിഫലനവും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.