2023 ജൂണിൽ മെസിയുമായുള്ള ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ കരാർ അവസാനിക്കുകയാണ്. തുടർന്ന് ഫ്രീ ഏജന്റായി മാറുന്ന താരത്തിന് പിന്നീട് അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിൽ കളിക്കാൻ സാധിക്കും. കരാർ അവസാനിക്കുന്നതോടെ മെസിയുമായി കരാർ ഒപ്പിടാൻ ഇന്റർ മിയാമി, ബാഴ്സലോണ, അൽ ഹിലാൽ എന്നീ ക്ലബ്ബുകൾ രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ കരാർ അവസാനിക്കുന്നതിന് മുമ്പ് തന്നെ മെസിയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ പി.എസ്.ജി ആരംഭിച്ചെന്നും വാക്കാലുള്ള ധാരണയിലെത്തിയെന്നും പ്രതിഫലത്തെക്കുറിച്ചും കരാർ കാലാവധിയെക്കുറിച്ചും ചർച്ചകൾ വൈകാതെയുണ്ടാകുമെന്നും ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാലിപ്പോൾ മെസിയോട് സ്വദേശത്ത് കളിക്കാൻ നിർദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അർജന്റീനയുടെ ഇതിഹാസ താരമായ മരിയോ കെംബസ്.
മെസി പി.എസ്.ജിയിൽ നിന്നും അർജന്റൈൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയിസിലേക്ക് വരണമെന്നാണ് കെംമ്പസിന്റെ ഉപദേശം.
തന്റെ കരിയറിൽ ഉടനീളം അർജന്റീനക്ക് പുറത്താണ് താരം പ്രൊഫഷണൽ ഫുട്ബോൾ കളിച്ചത്.
ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ കളി പഠിച്ച താരം നീണ്ട 21 വർഷമാണ് ബാഴ്സലോണയുടെ ജേഴ്സിയണിഞ്ഞത്. പിന്നീട് 2021ൽ ക്ലബ്ബ് പ്രസിഡന്റ് ലപ്പോർട്ടയുമായും ബാഴ്സലോണ മാനേജ്മെന്റുയുള്ള തർക്കങ്ങളെ തുടർന്ന് മെസി പാരിസിലേക്ക് ചേക്കേറുകയായിരുന്നു.
എന്നാൽ ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി പാരിസിൽ തന്നെ തുടരുമെന്ന് ഇ.എസ്.പി.എൻ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാന്ന് കെംമ്പസ് മെസിയെ മാതൃ രാജ്യത്തേക്ക് ക്ഷണിച്ചത്.
“മെസി എന്തിനാണ് ഇത്രയേറെ സമ്മർദത്തിന് അടിപ്പെട്ട് വിദേശത്ത് കളിക്കുന്നത്. യൂറോപ്പിൽ ജനങ്ങളും സാഹചര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. അതിനാൽ അർജന്റീനയിൽ വന്ന് ആസ്വദിച്ച് കളിക്കുന്നതായിരിക്കും അദ്ദേഹത്തിന് നല്ലത്,’ ടി.എൻ.ടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് മരിയോ കെംബസ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.