എന്തുകൊണ്ട് ശബരിമല പോരാട്ടത്തില്‍ പിണറായി വിജയന്‍ സംഘപരിവാറിനെ തറപറ്റിക്കണം?
Opinion
എന്തുകൊണ്ട് ശബരിമല പോരാട്ടത്തില്‍ പിണറായി വിജയന്‍ സംഘപരിവാറിനെ തറപറ്റിക്കണം?
കാഞ്ചാ ഐലയ്യ ഷെപ്‌ഹേഡ്
Saturday, 22nd December 2018, 4:57 pm

ആന്ധ്രാ പ്രദേശിന്റെ ഗ്രാമീണ മേഖലയില്‍ റേപ്പിസ്റ്റുകള്‍ ഇരകള്‍ക്കെതിരെ ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്ന ഒരു പഴഞ്ചൊല്ലുണ്ട്. “എന്നെ ബലാത്സംഗം ചെയ്യാന്‍ അനുവദിക്കൂ, ഇല്ലെങ്കില്‍ ഞാന്‍ എന്റെ അവയവം മുറിച്ചുകളയും (പുരുഷ ലിംഗം)” ആഴത്തിലുള്ള പുരുഷാധിപത്യവും ഷോവനിസ്റ്റ് താല്‍പര്യങ്ങളും ഈ പഴമൊഴിയില്‍ വളരെ പ്രകടമാണ്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ തിരുവനന്തപുരത്തുനിന്നും ഉയര്‍ന്നുവരുന്ന ആത്മഹത്യ ഭീഷണികള്‍ മേല്‍പറഞ്ഞതിനു സമാനമായി തന്നെ കാണാവുന്ന ഒന്നാണ്. കേരളത്തില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു വ്യക്തി ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

1990കളിലെ സംവരണ വിരുദ്ധ സമരങ്ങളുടെ വേളയില്‍ സമാനമായ ആത്മഹത്യ ഭീഷണിയുടെ രാഷ്ട്രീയം പ്രകടനമായിരുന്നു. പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടം തുടരുക തന്നെ ചെയ്തു. അതു വിജയിക്കുകയും ചെയ്തു.

ബ്രാഹ്മണ പുരുഷാധിപത്യ ശക്തികള്‍ ഹാരപ്പ സംസ്‌കൃതിയ്ക്കുശേഷമുള്ള കാലങ്ങളില്‍ സ്വീകരിച്ചുവരുന്നതാണ് ഈ രീതി. അതേ സ്ത്രീവിരുദ്ധ, ദളിത് വിരുദ്ധ, ആദിവാസി വിരുദ്ധ, ശൂദ്ര വിരുദ്ധ സമീപനങ്ങള്‍ അവരിന്നും തുടര്‍ന്നുപോരുന്നു. നൂറ്റാണ്ടുകളായുള്ള ഈ സംസ്‌കാരത്തിന്റെ ഇരകളാണ് ഇന്ത്യന്‍ സ്ത്രീകളും ഭക്ഷണ നിര്‍മ്മാതാക്കളും. അത് അവസാനിക്കുംവരെ നമ്മള്‍ പൊരുതേണ്ടതുണ്ട്.

ഞാനല്‍പം ചരിത്രം പറയാം,

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ നഗരമാണ് ഹാരപ്പ. ചരിത്രപരമായ തെളിവുകള്‍ പ്രകാരം വെങ്കലവും, ഇഷ്ടികയും മരപ്പണികളും കല്ലുംകൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും പുരാതനമായ നഗരമാണ് ഹാരപ്പ.

എല്ലാവര്‍ക്കും അറിയുന്നതുപോലെ 15000 വര്‍ഷങ്ങള്‍ മുമ്പ്, ആര്യന്‍ അധിനിവേശത്തിനും ഋഗ്വേദവും മറ്റ് ബ്രാഹ്ണിക് പുസ്തകങ്ങളും എഴുതുന്നതിനും മുമ്പാണ് അത് നിര്‍മ്മിച്ചത്. ആ നഗരത്തിന്റെ നിര്‍മാണത്തില്‍ പുരുഷ തൊഴിലാളികളും സ്ത്രീ തൊഴിലാളികളും പങ്കാളിയായിട്ടുണ്ട്. അത് പുരുഷാധിപത്യ കാലത്തിനു മുമ്പുള്ള ഒന്നാണെന്ന് വ്യക്തമായി പറയാനും കഴിയും.

ഇന്ത്യ ഒരിക്കലും പുരോഗമിക്കുന്നില്ലെന്ന് ബ്രാഹ്മണര്‍ എങ്ങനെയാണ് ഉറപ്പുവരുത്തിയതെന്ന് എന്റെ പഴയ ആര്‍ട്ടിക്കിളുകളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതായത്, അഗ്നിയുടെയും വായുവിന്റെയും ശക്തിയുപയോഗിച്ച് ആര്യന്‍ ബ്രാഹ്മണിക ശക്തികള്‍ ഹാരപ്പന്‍ സംസ്‌കൃതി നശിപ്പിച്ചു. പിന്നീട് അവര്‍ വര്‍ണ വ്യവസ്ഥയും ക്രൂരമായ ബ്രാഹ്മണിക പുരുഷാധിപത്യവും കൊണ്ടുവന്നു. ബ്രാഹ്മണിക നിറമായി കാവിയേയും ചിഹ്നമായി സ്വാസ്തികിനേയും സ്വീകരിച്ചു.

കാവി ഇപ്പോള്‍ ബി.ജെ.പിയുടേയും അവരുടെ പ്രത്യയശാസ്ത്ര ഹസ്തമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റേയും (ആര്‍.എസ്.എസ്) നിറമാണ്. കാവി ഒരിക്കലും ദളിതരുടേയും ശൂദ്രരുടേയും ആദിവാസികളുടേയും നിറമായിരുന്നില്ല. ബ്രാഹ്മണര്‍ കറുപ്പിനെ പൈശാചികമായ നിറമായി പ്രഖ്യാപിക്കുകയും അത് പെരിയാറികളുടേയും ദ്രാവിഡരുടെയും നിറമായി മാറുകയും ചെയ്തു.

ഹാരപ്പന്‍ ജനത കറുത്ത നിറമുള്ളവരാണെന്നും അവരുടെ പ്രിയപ്പെട്ട നിറം കറുപ്പായിരുന്നെന്നും ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. കറുപ്പ്, എരുമയുടെ നിറം, ഇന്ത്യന്‍ പാല്‍ ഉല്‍പാദനത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന മൃഗത്തിന്റെ നിറം.

പൊതുവെ വെളുത്ത നിറത്തില്‍ കാണുന്ന പശുവിന് നല്‍കുന്ന പ്രാധാന്യം കാവി ശക്തികള്‍ ഒരിക്കലും എരുമയ്ക്ക് നല്‍കിയിട്ടില്ല. (പശുക്കളില്‍ ചുരുക്കം ചിലതിന് കറുത്ത നിറമുണ്ടാവാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒരിടത്തും വെളുത്ത എരുമയെ കാണാന്‍ കഴിയില്ല. )

എന്റെ ബോധ്യമനുസരിച്ച്, കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അയ്യപ്പന്‍ കറുത്ത നിറമുള്ള ഒരു ശൂദ്രനാണ്. അല്ലെങ്കില്‍ ആദിവാസി ദേവനാണ്. അയ്യപ്പന്റെ മാല കഴുത്തിലിടുന്നവര്‍ കറുത്ത നിറമുള്ള വസ്ത്രം മാത്രമേ ധരിക്കാന്‍ പാടുള്ളൂ. പ്രധാനമായും മുണ്ടും ഷര്‍ട്ടും. ഈയടുത്ത ദിവസം ഞാന്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്ന സമയത്ത് മാലയിട്ട്, കറുപ്പുടുത്ത നൂറുകണക്കിന് അയ്യപ്പ ഭക്തരെയാണ് കണ്ടത്. അക്കൂട്ടത്തില്‍ കുട്ടികളുമുണ്ടായിരുന്നു.

ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് ഏറ്റവും പൗരാണിക നഗരത്തിന്റെ പേര് ഹാരപ്പയെന്നാണെങ്കില്‍ ഇന്ത്യയുടെ തെക്കേ അറ്റത്തെ ശബരിമലയെന്ന ക്ഷേത്രത്തില്‍ കുടിയിരിക്കുന്നത് അയ്യപ്പ ഭഗവാനാണ്. ഹാരപ്പ, അയ്യപ്പ എന്നീ പേരുകളിലെ സാമ്യവും അങ്ങനെ തള്ളിക്കളയാനാവില്ല. കറുത്ത നിറമുള്ള ഇന്തോ ദ്രാവിഡരാണ് ഹാരപ്പ നിര്‍മ്മിച്ചതെങ്കില്‍ കറുത്ത നിറമുള്ള അയ്യപ്പനെ നിരവധി ശൂദ്രരും ദളിതരും ആദിവാസികളും ആരാധിക്കുകയാണ്.

ബ്രാഹ്മണരും വൈശ്യരും ജൈനരും കയാസ്തരും പൊതുവെ അയ്യപ്പ ക്ഷേത്രത്തില്‍ പോകാറില്ല. മാലയും കറുത്ത വസ്ത്രവും ധരിക്കാറുമില്ല. അയ്യപ്പ ഭക്തരില്‍ വലിയൊരു വിഭാഗം തെലുങ്ക് ജനതയാണ്. 66 വര്‍ഷത്തെ എന്റെ ജീവിതത്തിനിടെ ആന്ധ്രാപ്രദേശിലെ ഒരൊറ്റ ബ്രാഹ്മണര്‍ അല്ലെങ്കില്‍ ആര്യ വൈശ്യര്‍ കറുപ്പുടുത്ത് മാലയിട്ട് വ്രതമെടുത്ത് ശബരിമലയിലേക്ക് പോകുന്നത് ഞാന്‍ കണ്ടിട്ടില്ല.

സ്ത്രീകളും മാലധരിക്കാറില്ലെങ്കിലും എന്റെ കുട്ടിക്കാലത്ത് ഒരുപാട് സ്ത്രീകള്‍ ശബരിമല പോകാറുള്ളത് ഓര്‍മ്മയിലുണ്ട്. 1970കളിലും 80 കളിലും കേരളത്തിലെ ബ്രാഹ്മണര്‍ ശബരിമല തങ്ങളില്‍ നിന്നും പിടിച്ചെടുത്തതാണെന്ന മലയരയ വിഭാഗത്തിന്റെ വാദത്തോട് യോജിക്കുന്നതാണ് ഇവ. ക്ഷേത്രം തിരിച്ചുകിട്ടണമെന്ന് ആദിവാസികള്‍ ആവശ്യപ്പെടുമ്പോള്‍ കാവിപ്പട ഭരണഘടനാപരമായ മര്യാദകളെ കാറ്റില്‍പ്പറത്തുകയാണ്.

ദ്രവീഡിയന്‍ സ്ത്രീ പുരുഷ സമത്വത്തിന്റെ ചിഹ്നമാണ് അയ്യപ്പന്‍. ആത്മീയ സംസ്‌കൃതിയുടെ ആ ദര്‍ശനത്തെ ബ്രാഹ്മണ വത്കരിച്ചുകൊണ്ട് ഈ ദ്രവീഡിയന്‍ സംസ്‌കാരത്തെ നശിപ്പിക്കാനാണ് കാവിപ്പടയുടെ നേതൃത്വത്തില്‍ ആര്യന്‍ ബ്രാഹ്മണിസം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ഭരണഘടനാവിരുദ്ധതയ്ക്കും അയ്യപ്പ വിരുദ്ധ ബ്രാഹ്മണിസത്തിനുമെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ശക്തമായ പ്രതിരോധം ഉയരുന്നുണ്ട്.

നാരായണ ഗുരുവിനും അയ്യങ്കാളിക്കും ശേഷം എന്നു അദ്ദേഹം വിളിക്കുന്ന പോരാട്ടത്തിലൂടെ പിണറായി വിജയന്‍ അയ്യപ്പന്‍ അനുകൂല സമരം നയിക്കുകയാണ്.

ബംഗാളില്‍ രാജാ റാം മോഹന്‍ റോയിയും മഹാരാഷ്ട്രയില്‍ ജോതിറാവു ഫൂലെയും കേരളത്തില്‍ നാരായണ ഗുരുവും തമിഴ്‌നാട്ടില്‍ പെരിയാര്‍ രാമസ്വാമി പണിക്കറും തുടക്കമിട്ട ഇന്ത്യന്‍ നവോത്ഥാനം ആരംഭിച്ചത് സ്ത്രീയെ സതിയില്‍ നിന്നും നിരക്ഷരതയില്‍ നിന്നും ശൈശവ വിവാഹത്തില്‍ നിന്നും മോചിപ്പിക്കുകയെന്ന പ്രശ്‌നമുയര്‍ത്തിയാണ്.

അയ്യപ്പന്‍ എല്ലായ്‌പ്പോഴും സ്ത്രീയുടെ ആത്മീയ സമത്വത്തിനുവേണ്ടി നിലകൊണ്ടിരുന്നു. നാരായണ ഗുരുവിനെപ്പോലെ വിജയനും ഈഴവ സമുദായത്തില്‍ നിന്നും വരുന്നയാളാണ്. പഠനകാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന അദ്ദേഹം ഇപ്പോള്‍ നവ നവോത്ഥാനത്തിന് തുടക്കമിട്ടത് നല്ലതിനുവേണ്ടിയാണ്. എല്ലാ പുരോഗമന ശക്തികളും ഈ മുന്നേറ്റത്തെ പിന്തുണയ്ക്കണം. അല്ലാത്തപക്ഷം ഇന്ത്യന്‍ സമൂഹത്തിനു തന്നെയാണ് വലിയ തിരിച്ചടി നേരിടേണ്ടിവരിക.

ശബരിമലയില്‍ യുവതീ പ്രവേശനം തടയണമെന്ന നിബന്ധന മുന്നോട്ടുവെക്കുന്നത് ആര്‍.എസ്.എസിലെ ഉന്നത ജാതിക്കാരാണെന്ന് വിജയന്‍ തിരിച്ചറിയുന്നുണ്ട്. അദ്ദേഹം ഇതിനെതിരെ “ഉന്നത ജാതി ഗൂഢാലോചനയെന്ന്” വിളിച്ചിട്ടുണ്ട്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉയര്‍ന്ന ജാതിക്കാര്‍ തുറന്നുവിടുന്ന ജാതീയ സംസ്‌കാരത്തെ ആക്രമിക്കുന്നത് അത്ര പതിവല്ല. വര്‍ഗീയ രാഷ്ട്രീയത്തിന്റെ പിടിയില്‍ അവര്‍ കാലങ്ങളായി ജാതീയതയെ സംരക്ഷിച്ചു. പക്ഷേ ഇപ്പോള്‍ അതിനെ പുറന്തള്ളാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വിജയന്‍ ധീരമാന നടപടിയെടുത്തിരിക്കുകയാണ്.

ബ്രാഹ്മണിക, സ്ത്രീവിരുദ്ധ, അയ്യപ്പ വിരുദ്ധ രാഷ്ട്രീയത്തെ എതിരിടാന്‍ ഒ.ബി.സി, ദളിത്, ആദിവാസി വിഭാഗങ്ങളെ ഒരുമിപ്പിക്കാന്‍ വിജയന്‍ തുടക്കമിട്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഇതിനകം തന്നെ തമിഴ്‌നാട്ടിലെ പെരിയാറൈറ്റുകളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അയ്യപ്പ ഭക്തരുടെ കറുപ്പ് വസ്ത്രവും പെരിയാര്‍ അനുയായികളുടെ ഡ്രസ് കോഡും തമ്മില്‍ പൊതുവായ സാംസ്‌കാരിക ബന്ധമുണ്ട്.

കറുപ്പ് നിറത്തെ ആദരിച്ചിട്ടില്ലാത്ത, അയ്യപ്പ മാല ധരിച്ചിട്ടില്ലാത്ത ആര്‍.എസ്.എസ്-ബി.ജെ.പിക്കും മറ്റ് സംഘപരിവാര്‍ സംഘടനകള്‍ക്കും എങ്ങനെയാണ് ആര് ക്ഷേത്രം സന്ദര്‍ശിക്കണം, ആര് സന്ദര്‍ശിക്കരുത് എന്ന് തീരുമാനിക്കാനാവുക?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ പുറത്താക്കാനാണ് കാവിപ്പട ഈ പ്രക്ഷോഭം നടത്തുന്നത്. പിണറായി വിജയന്‍ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് സ്വന്തം സര്‍ക്കാറിനെ മാത്രമല്ല, അയ്യപ്പന്‍ സംസ്‌കാരത്തെയും ഇന്ത്യന്‍ ദേശീയതയേയും കൂടിയാണ് സംരക്ഷിക്കുന്നത്.

കടപ്പാട്- ഡെയ് ലി ഒ

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍