ഫിനാന്‍സ് കമ്പനിയെ ഭയന്നാണ് നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് തേച്ചത്; പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അമിത് വേഗതയിലായിരുന്നു; ഉന്നാവോ വാഹനാപകടം യാദൃശ്ചികമെന്ന് ട്രക്ക് ഉടമ
ഉന്നാവോ: ഉന്നാവോ പെണ്‍കുട്ടിയുടെ കുടുംബം സഞ്ചരിച്ച കാറിനുനേരെ ട്രക്കിടിച്ചത് യാദൃശ്ചികമാണെന്ന് ട്രക്ക് ഉടമ ദേവേന്ദര്‍ കിഷോര്‍ പാല്‍. വായ്പ മുടങ്ങിയതിനാല്‍ ഫിനാന്‍സ് കമ്പനി കൊണ്ടുപോകുമെന്ന് ഭയന്നാണ് നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് പുരട്ടിയതെന്നും ട്രക്ക് ഉടമ പറഞ്ഞു.
കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് അപകടത്തിനുശേഷം ഡ്രൈവര്‍ തന്നോട് പറഞ്ഞത്. കുല്‍ദീപ് സെന്‍ഗാറിനെയോ പെണ്‍കുട്ടിയുടെ കുടുംബത്തേയോ പരിചയമില്ല. അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രക്ക് ഉടമയുടെ വാദം നേരത്തെ ഫിനാന്‍സ് കമ്പനി തള്ളിയിരുന്നു. വണ്ടി പിടിച്ചെടുക്കുമെന്ന് ഒരിക്കല്‍പോലും തങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ടില്ലയെന്നാണ് ട്രക്കിനു ഫിനാന്‍സ് നല്‍കിയ ഓറിക്‌സ് ഫിനാന്‍സ് കമ്പനി മാനേജര്‍ പറഞ്ഞത്.
അതിനിടെ, കേസില്‍ സെന്‍ഗറിനെ സി.ബി.ഐ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സീതാപൂര്‍ ജയിലില്‍ കഴിയുന്ന ഇയാളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
അന്വേഷണ സംഘത്തെ സി.ബി.ഐ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്‌നൗവിലെത്തും. യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായിമാര്‍ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.