ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ മണ്ഡലമായ വാരാണസിയില്‍ താന്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണത്തിനിടെയാണ് മോദിയ്‌ക്കെതിരെ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക പ്രകടിപ്പിച്ചത്.
റായ്ബറേലിയില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചപ്പോഴാണ് എന്തുകൊണ്ട് വാരാണസിയില്‍ മത്സരിച്ചു കൂടായെന്ന് ചിരിച്ചു കൊണ്ട് പ്രിയങ്ക മറുപടി നല്‍കിയത്.
തന്റെ പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വാരാണസിയിലും മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക പറഞ്ഞത്.
പ്രിയങ്കയ്ക്ക് കിഴക്കന്‍ യു.പിയുടെ ചുമതല നല്‍കിയതിന് ശേഷം അവര്‍ റായ്ബറേലിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിയുടെ പേര് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ ഉണ്ടായിരുന്നു.