മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്.
ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
തല അജിത്ത് നായകനായി അഭിനിച്ച വലിമൈ എന്ന ചിത്രത്തില്‍ താനായിരുന്നു വില്ലനായി അഭിനയിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് ടൊവിനോ.
‘വലിമൈ ഞാന്‍ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍, പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,’ താരം പറയുന്നു.
വാശി എന്ന ചിത്രത്തിന്റെ പ്രൊമോഷന് ഏറ്റവും കൂടുതല്‍ സഹായിച്ചത് സംവിധായകന്‍ കമാല്‍ ആര്‍. ഖാന്റെ വിമര്‍ശനമായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.
‘ഏറ്റവും കൂടുതല്‍ പ്രെമോഷന്‍ നേടി തന്നത് കെ.ആര്‍.കെ ആണ്. പുള്ളി ആദ്യം അഭിഷേക് ബച്ചന്റെ അടുത്ത് എന്തോ പോയി ചൊറിഞ്ഞു, അഭിഷേക് ബച്ചന്‍ അതിന് കറക്ട് മറുപടിയും കൊടുത്തു, അത് വാര്‍ത്തയായി. കെ.ആര്‍.കെക്ക് പണികിട്ടിയ വാര്‍ത്തയായിരുന്നെങ്കിലും അതിലൊക്കെ വാശിയുടെ പോസ്റ്ററും ഉണ്ടായിരുന്നു. കെ.ആര്‍.കെക്കാണ് കേക്കും മിഠായിയും വാങ്ങികൊടുക്കേണ്ടത്,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ നിന്നും വീണ്ടും മറ്റൊരു ഇന്‍ക്രെഡിബിള്‍ സിനിമ എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് കുറിച്ചത്. അഭിഷേകിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് സഹോദരാ, എന്നെങ്കിലും ബോളിവുഡും ഒരു ഇന്‍ക്രെഡിബിള്‍ സിനിമ ചെയ്യണം എന്നായിരുന്നു സംവിധായകനായ കമാല്‍ ആര്‍. ഖാന്‍ പറഞ്ഞത്.
ഞങ്ങള്‍ ശ്രമിക്കാം, നിങ്ങളുടെ ദേശദ്രോഹി ഉണ്ടല്ലോ, എന്നായിരുന്നു അഭിഷേക് മറുപടി നല്‍കിയത്.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, എന്നീ പ്രമുഖതാരങ്ങളെല്ലാം വാശിയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.
നവാഗതനായ വിഷ്ണു ജി. രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്. ഉര്‍വശി തിയേറ്റേഴ്‌സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlights: Why not accepet the villain role in Valimai? Tovino with a reply