|

എന്തുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നില്ല; മറുപടിയുമായി മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

ചിത്രത്തിന്റെ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജിനും ഇ.ഡി നോട്ടീസ് അയക്കുകയും ഗോകുലം ഗോപാലന്റെ കമ്പനികളില്‍ ഇ.ഡി കഴിഞ്ഞ പരിശോധന നടത്തുകയും ചെയ്തിരുന്നു.

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിവാദത്തിലും ഇതുവരെ തിരക്കഥാകൃത്ത് മുരളി ഗോപി പ്രതികരിച്ചിരുന്നില്ല.

എമ്പുരാന്‍ സിനിമ ചിലരെ വിഷമിപ്പിച്ചതില്‍ ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചപ്പോഴും മുരളി ഗോപി വിഷയത്തിലുള്ള തന്റെ നിലപാട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം മഷിക്കുപ്പിയും തൂലികയും ഉള്ള ഒരു ചിത്രം മുരളി ഗോപി തന്റെ കവര്‍പിക് ആക്കിയിരുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് കമന്റുകളും ലൈക്കുകളുമായിരുന്നു പോസ്റ്റിന് ലഭിച്ചത്. മിക്കതും മുരളി ഗോപിയെ പിന്തുണയ്ക്കുന്നതുമായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ എന്തുകൊണ്ടാണ് താന്‍ ഒരു വിഷയത്തെ കുറിച്ച് സംസാരിക്കാത്തത് എന്ന് പറയുകയാണ് മുരളി ഗോപി. 2022 ല്‍ ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്പര്‍ധ കളമായി മാറുന്ന സോഷ്യല്‍മീഡിയയെ കുറിച്ച് മുരളി ഗോപി സംസാരിച്ചത്.

‘ഇന്ത്യയില്‍ എന്തെല്ലാം കണ്ടെന്റുകളാണ് ഓണ്‍ലൈനില്‍ വരുന്നത്. സിനിമയെ മാത്രം ഇങ്ങനെ പിടിക്കുന്നത് എന്തിനാണ്. ഒരു പരിധി കഴിഞ്ഞാല്‍ ഇതിനെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല.

ഒരു ഗവര്‍മെന്റിനെതിരായ വോയ്‌സ് വളരെ ശക്തമാകേണ്ടത് ഒരു ജനാധിപത്യത്തിലെ ഏറ്റവും വലിയ ആവശ്യമാണ്. ഗവേണിങ് ആയിട്ടുള്ള ഓപ്പോസിഷന്‍ സ്‌ട്രോങ് ആയിരിക്കണം.

ആരാണ് ഭരിക്കുന്നത് എന്നതല്ല, ഭരണകര്‍ത്താവിനെതിരെ ഒരു റീസണബിള്‍ ആയിട്ടുള്ള, റെസ്‌പോണ്‍സിബിള്‍ ആയിട്ടുള്ള വോയ്‌സ് ഇല്ലെങ്കില്‍ ജനാധിപത്യം മുഴുവന്‍ തകരും.

ജനാധിപത്യം തകര്‍ച്ചയിലേക്ക് പോകുന്നതിന്റെ, ഒരു ബ്ലാക്ക് ഹോൡലേക്ക് പോകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോള്‍ കാണിക്കുന്നുണ്ട്. ആ സമയത്ത് നമ്മള്‍ക്ക് ഇതിനെ കുറിച്ച് ഒരു തവണയോ രണ്ട് തവണയോ പറയാം.

ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാന്‍ അങ്ങനെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല. അതുകൊണ്ട് ഒരു കാര്യവുമില്ല. അതിന്റെ താഴെ വരുന്ന കമന്റുകള്‍, അവിടെ സ്പര്‍ധ കളമാക്കി മാറ്റും. ഒരു കമന്റിന്റെ താഴെ വന്നിട്ട് അവിടെ ഒരു കലാപം തന്നെ ഉണ്ടാകും.

വേഴ്‌സസ് മൂഡാണ് എല്ലാം. ഭയങ്കര സെക്ടേറിയന്‍ ആയിട്ടുണ്ട് ഇന്ത്യ. ഇപ്പോള്‍ അത് നമ്മള്‍ കാണുന്നുണ്ട്. പല സെഗ്മെന്റ് ആയി മാറുന്നുണ്ട്. അതിനെ എങ്ങനെ യൂണിഫൈ ചെയ്യുമെന്ന് ആര്‍ക്കും അറിയില്ല.

സാര്‍വജനികമായ യൂണിഫൈ ടെക്‌നിക് ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റുന്നില്ല. ആര്‍ക്കും അറിയുകയുമില്ല. ഒരു ഫോഴ്‌സിനും അത് പറ്റുന്നില്ല. ഇതൊരു മോശം സൈന്‍ ആണ്. വല്ലാത്തൊരു സമയമാണ് ഇത്.

എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ എന്നെ സ്വയം പരിമിതപ്പെടുത്താറില്ല. എന്തെല്ലാം ചെറിയ ചെറിയ കാര്യങ്ങള്‍ക്കാണ് ഇവിടെ വലിയ ഇഷ്യൂകള്‍ ഉണ്ടാക്കുന്നത്.

ഒരു യൂണിഫൈഡ് പ്ലാറ്റ് ഫോം ഉണ്ടാകണം. ഡെമോക്രാറ്റിക് ആയിട്ടുള്ള ഒരു എക്‌സ്പ്രഷന്‍ പ്ലാറ്റ്‌ഫോം ഉണ്ടാകണം. വലിയ കൂട്ടായ്മ ഉണ്ടാകേണ്ട ആവശ്യമുണ്ട്. ആരും അതിനെ കുറിച്ച് ബോധവാന്മാരല്ല.

നമ്മള്‍ ജീവിക്കുന്ന സമയം അതാണ്. പണ്ടത്തെ സിനിമയില്‍ കാണുന്ന പോലെ ഒരു വള്ളം ഒഴുകിപ്പോയി ഒടുവില്‍ ഒരു വെള്ളച്ചാട്ടത്തില്‍പ്പെട്ടുപോകുന്നത് കാണിക്കുന്നുണ്ട്.

ഒന്നും വര്‍ക്കാവുന്നില്ല. ഒരു മരക്കൊമ്പില്‍ പിടിക്കുമ്പോള്‍ പോലും അത് പൊട്ടുക. ഇത് എന്താണെന്നോ എവിടെ പോയി അവസാനിക്കുമെന്നോ പറയാന്‍ പറ്റില്ല.

ആര്‍ടിസ്റ്റ് എന്ന നിലയില്‍, ക്രിയേറ്റര്‍ എന്ന നിലയില്‍ ചെയ്യാനുള്ളത് ചെയ്യുക. പറയാനുള്ളത് പറയുക. അതിന് എത്രത്തോളം സ്വീകാര്യത കിട്ടും എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല, അതാണ് അവസ്ഥ,’ മുരളി ഗോപി പറഞ്ഞു.

Content Highlight: Why no post on social media Writer Murali Gopi responds

Video Stories