ബെംഗുളുരു: എന്തുകൊണ്ട് കഴിവ് ഉണ്ടായിട്ടും താന്‍ അടക്കമുള്ള ദളിത് നേതാക്കളില്‍ പലര്‍ക്കും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നില്ലെന്ന ചോദ്യവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി ഡോ.ജി പരമേശ്വര. അംബേദ്കര്‍ പുരോഗതിയിലേക്കുള്ള ഏറ്റവും പ്രധാനമാര്‍ഗം അധികാരമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ദളിത് നേതാക്കളായ ബി. ബസവ ലിംഗപ്പ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ താനടക്കമുള്ള നേതാക്കള്‍ക്ക് അതിനുള്ള അവസരം നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ജനാധിപത്യ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നേതാക്കളായ ബി. ബസവലിംഗപ്പ, മല്ലികാര്‍ജുന്‍ സ്വാമി, കെ.എച്ച്. രംഗനാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ ഞാന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ബസ് മിസ്സായി. ഡോ.ബി.ആര്‍ അംബേദ്കര്‍ രാഷ്ട്രീയ അധികാരമാണ് വികസനത്തിലേക്കുള്ള ഏറ്റവും വലിയ താക്കോല്‍ എന്ന് പറഞ്ഞിരുന്നു.
അതിനാല്‍ ദളിത് സമൂഹത്തിലെ കൂടുതല്‍ ആള്‍ക്കാര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് ഭരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ഞാന്‍ എനിക്ക് നല്‍കിയ എല്ലാ സ്ഥാനങ്ങളും നന്നായി തന്നെയാണ് കൈകാര്യം ചെയ്തത്. അതിനാല്‍ എന്റെ സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല,’ പരമേശ്വര കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തനിക്ക് മുഖ്യമന്ത്രിയാകുനുള്ള അവസരം നഷ്ടമായി എന്ന് പരമേശ്വരയുടെ പ്രസ്താവന് തെറ്റാണെന്ന് സദസ്സ് ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിന് ഇനിയും മുഖ്യമന്ത്രിയാവാനുള്ള അവസരമുണ്ടെന്ന് വേദിയിലിരിക്കുന്നവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോട്ട് ചെയ്തു.
അതേസമയം സിദ്ധരാമയ്യക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കാന്‍ സാധ്യയുള്ള പേരുകളില്‍ മുന്‍പന്തിയിലുള്ള നേതാവാണ് ജി.പരമേശ്വര. അടുത്തിടെ മുഡ വിവാദത്തില്‍പ്പെട്ട് സിദ്ധരാമയ്യ രാജിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായപ്പോള്‍ പരമേശ്വരയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു.
അതിനായി പരമേശ്വര തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നതായും ഡല്‍ഹിയില്‍വെച്ച് രാഹുല്‍ ഗാന്ധിയുമായും മറ്റ് ഹൈക്കമാന്‍ഡ് നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നതായും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോട്ട് ചെയ്തിരുന്നു.
എട്ട് വര്‍ഷക്കാലം കെ.പി.സി.സി അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന പരമേശ്വര 2013ല്‍ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടതോടെ അതിന് സാധിച്ചിരുന്നില്ല. എന്നാല്‍ അന്ന് സിദ്ധരാമയ്യയുടെ അനുയായികള്‍ പരമേശ്വരയുടെ എതിരാളികളുമായി കൈകോര്‍ത്തതാണ് പരമേശ്വരയ്യയുടെ പരാജയത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സിദ്ധരാമയ്യയുടെ വിശ്വസ്തരില്‍ ഒരാളാണ് പരമേശ്വര.
അടുത്തിടെ പരമേശ്വരയുടെ ജന്മദിനത്തില്‍ പരമേശ്വരയാണ് അടുത്ത മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാമകൃഷ്ണനും സംഘടനാ ഭാരവാഹി പുരുഷോത്തമന്‍ എന്നിവര്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: why no Dalit leader became CM of Karnataka asks Karnataka HM