| Monday, 21st November 2016, 11:41 pm

2000 രൂപ നോട്ടില്‍ ദേശീയ മൃഗമായ ബംഗാള്‍ കടുവയെ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് മമതാ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുറത്തിറങ്ങിയ പുതിയ നോട്ടില്‍ ദേശീയ മൃഗമായ ബംഗാള്‍ കടുവയെ ഉള്‍ക്കൊള്ളിക്കാത്തതില്‍ ഗൂഡ ലക്ഷ്യമുണ്ടെന്ന് മമത ആരോപിച്ചു. 


കൊല്‍ക്കത്ത: നോട്ട് നിരോധനത്തിനു ശേഷം പുറത്തിറക്കിയ 2000 രൂപ നോട്ടില്‍ ദേശീയ മൃഗമായ ബംഗാള്‍ കടുവയുടെ ചിത്രം ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി.

പുറത്തിറങ്ങിയ പുതിയ നോട്ടില്‍ ദേശീയ മൃഗമായ ബംഗാള്‍ കടുവയെ ഉള്‍ക്കൊള്ളിക്കാത്തതില്‍ ഗൂഡ ലക്ഷ്യമുണ്ടെന്ന് മമത ആരോപിച്ചു. സുന്ദര്‍ബനെ കുറിച്ചും ബംഗാള്‍ കടുവകളെ കുറിച്ചും രാജ്യത്തെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ദേശീയ മൃഗം കൂടിയായ ബംഗാള്‍ കടുവ പുതിയ 2000 രൂപ നോട്ടിലില്ല. അതേസമയം ദേശീയ പൈതൃകത്തിന്റെ പേരില്‍ ആനയെ നോട്ടില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊല്‍ക്കത്തയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. പിങ്ക് നിറത്തിലുള്ള പുതിയ രണ്ടായിരം നോട്ടിന്റെ ഒരു ഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രമാണുള്ളത്. എതിര്‍ ഭാഗത്ത് ഇന്ത്യയുടെ സാറ്റലൈറ്റായ മംഗള്‍യാനെയും ചിത്രീകരിച്ചിട്ടുണ്ട്.

ദേശീയ മൃഗത്തെ ഒഴിവാക്കിയും ബ്രിക്‌സ് ചിഹ്നത്തിന് പകരം താമര ഉള്‍പ്പെടുത്തിയും സര്‍ക്കാര്‍ കാര്യങ്ങള്‍ അവര്‍ക്ക് തോന്നുന്നപോലെയാണ് ചെയ്യുന്നതെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി. നിലവിലുളള 10 രൂപയുടെ നോട്ടില്‍ വരെ ബംഗാള്‍ കടുവയുടെ ചിത്രമുണ്ട്. എന്നാല്‍ 2000ന്റെ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല മമത പറഞ്ഞു.

നോട്ടിന്റെ താഴെയുള്ള കള്ളികളില്‍ ആനക്കു പുറമെ മയിലും താമരയും കുറേ തവണകളായി ഉള്‍ക്കൊള്ളിച്ചു. കൂടാതെ കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോയും നോട്ടില്‍ ചിത്രീകരിച്ചിട്ടുണ്ട്, മമത ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more