ന്യൂദല്‍ഹി: സ്‌കാനിയ ബസ് കൈക്കൂലിക്കേസില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദങ്ങള്‍ തെറ്റെന്ന് റിപ്പോര്‍ട്ട്. താന്‍ ആരുടേയും കൈയില്‍ നിന്ന് ബസ് വാങ്ങിയിട്ടില്ലെന്ന ഗഡ്കരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് എസ്.വി.ടി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗഡ്കരിയുമായി ബന്ധപ്പെട്ട സ്ഥലത്ത് നിന്ന് ബസ് കണ്ടെത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഗഡ്കരിയുടെ മക്കളായ സാരംഗിന്റേയും നിഖിലിന്റേയും ബിസിനസ് പങ്കാളികള്‍ക്ക് ബസുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കാനിയ ഡീലര്‍ വഴി ഗഡ്കരി കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിക്ക് ബസ് വിറ്റതായാണ് സ്വീഡിഷ് ന്യൂസ് ചാനലായ എസ്.വി.ടി റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയും റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
2016 ല്‍ ബെംഗളൂരു ആസ്ഥാനമായുള്ള ട്രാന്‍സ്‌പ്രോ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് മെട്രോലിങ്ക് എച്ച്.ഡി ബസ് വിറ്റതായി സ്‌കാനിയയുടെ പ്രസ് മാനേജരും മുതിര്‍ന്ന ഉപദേശകനുമായ ഹാന്‍സ്-എകെ ഡാനിയല്‍സണ്‍ പറയുന്നു. സ്‌കാനിയയുടെ തന്നെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പ്രോ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ സുദര്‍ശന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് ബസ് വാടകയ്ക്ക് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
പുര്‍ത്തി സോളാര്‍ കോംപ്ലക്‌സ് കോമ്പൗണ്ടിലുള്ള ബസിന്റെ ചിത്രങ്ങളും രേഖകളും സ്‌കാനിയ ഗഡ്കരിക്ക് സമ്മാനിച്ച ബസിന്റേത് തന്നെയാണെന്നാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഗഡ്കരിയ്ക്ക് ബസ് സമ്മാനമായി നല്‍കിയെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് സ്‌കാനിയ പ്രെസ് മാനേജര്‍ ഡാനിയേല്‍സന്‍ പറയുന്നത്. ബസ് കൈമാറിയതില്‍ വേണ്ടത്ര രേഖകള്‍ ഇല്ലാത്തതിനാല്‍ ഇത് കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ സുദര്‍ശന്‍ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയ്ക്ക് ഗഡ്കരിയുടെ മക്കളായ സാരംഗിന്റേയും നിഖിലിന്റേയും ഉടമസ്ഥതയിലുള്ള മനസ് അഗ്രോ ഇന്‍ഡസ്ട്രീസ്& ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുമായും സിയാന്‍ അഗ്രോ ഇന്‍ഡസ്ട്രീസ്& ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുമായും അഭേദ്യമായ ബന്ധമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മനസ് അഗ്രോയുടെ ഡയറക്ടറാണ് സാംരംഗ്. നിഖില്‍ സിയാന്‍ അഗ്രോയുടെ ഡയറക്ടറുമാണ്. ഈ മൂന്ന് കമ്പനികളെയും ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയ്ക്ക് പുറമേ, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സാരംഗ് ഗഡ്കരിയുടെ മനസ് അഗ്രോ സുദര്‍ശന്‍ ഹോസ്പിറ്റാലിറ്റിക്ക് 35 ലക്ഷം രൂപയുടെ സുരക്ഷിതമല്ലാത്ത വായ്പ പോലും വിതരണം ചെയ്തിട്ടുണ്ടെന്ന് എം.സി.എ രേഖകള്‍ പറയുന്നു.
ആരോപണവിധേയമായ ഈ ഇടപാട്, സ്‌കാനിയ നടത്തിയ ഒരു ആഭ്യന്തര കമ്പനി അന്വേഷണത്തിലാണ് ആദ്യം പുറത്തുവരുന്നത്.
2017 അവസാനത്തോടെ, സ്‌കാനിയ ഇന്ത്യയുടെ ഗതാഗത മന്ത്രിക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത” ആഢംബര ബസ് ”സമ്മാനമായി നല്‍കിയതിന്റെ തെളിവുകള്‍ സ്‌കാനിയയുടെ ഓഡിറ്റര്‍മാര്‍ക്ക് ലഭിച്ചു. ഇന്ത്യയില്‍ ഒരു അസൈന്‍മെന്റ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് ഒരു ഇന്ത്യന്‍ മന്ത്രിക്ക് സമ്മാനമായി നല്‍കിയതെന്ന് സ്‌കാനിയയുടെ ഉടമസ്ഥതയിലുള്ള ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ ഉറവിടങ്ങള്‍ വിവരം നല്‍കിയതായി സ്വീഡിഷ് ന്യൂസ് ചാനല്‍ എസ്.വി.ടി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ബസ് മന്ത്രിയുടെ മകളുടെ വിവാഹത്തില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ”മാധ്യമങ്ങളുടെ ഭാവന” എന്നാണ് ഗഡ്കരിയുടെ ഓഫീസ് പറഞ്ഞത്. കല്യാണത്തിന് അതിഥികളെ എത്തിക്കാന്‍ ’50 ചാര്‍ട്ടേഡ് ഫ്ളൈറ്റുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ ചെലവ് വഹിച്ചത് ഫോക്സ്‌വാഗന്റെ ധനകാര്യ കമ്പനിയാണ് എന്നാണ് എസ്.വി.ടി റിപ്പോര്‍ട്ട് പറയുന്നത്.
ഗഡ്കരി-ലിങ്ക്ഡ് കമ്പനി പണം നല്‍കാത്തതിന്റെ ഭാഗമായി കമ്പനി (സ്‌കാനിയ) ഫോക്സ്‌വാഗണിന് ചെലവായ പണം തിരിച്ചടച്ചതായി സ്‌കാനിയ സി.ഇ.ഒ സ്ഥിരീകരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക