ഇന്ത്യയിലെ കുപ്രസിദ്ധ വ്യവസായികളുടെ കഥ പറയുന്ന ബാഡ് ബോയ് മില്യണേഴ്‌സ് എന്ന സീരീസിന്റെ ട്രെയിലര്‍ നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും നീക്കി. സെപ്തംബര്‍ രണ്ടിന് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യാനിരുന്ന സീരീസിന്റെ പ്രക്ഷേപണം താത്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ട്രെയിലറും പിന്‍വലിച്ചത്.
സഹാറ തലവനും വ്യവസായിയുമായ സുബ്രതാ റോയിയുടെ പരാതിയില്‍ ബിഹാറിലെ ജില്ലാ കോടതിയാണ് സീരീസിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇതിനെതിരെ നെറ്റ്ഫ്‌ളിക്‌സ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബാഡ് ബോയ് ബില്യണേഴ്‌സിന്റെ ട്രെയിലര്‍ ഇതുവരെയും യൂടൂബില്‍ ലഭ്യമല്ല.
ബാഡ് ബോയ് ബില്യണേഴ്‌സിനെതിരെ നേരത്തെ മെഹുല്‍ ചോക്‌സിയും രംഗത്തെത്തിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതിക്കേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സി സീരിസ് റിലീസ് ചെയ്യുന്നതിന് മുമ്പ് പ്രിവ്യൂ കാണണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.
രണ്ടു മണിക്കൂര്‍ നീളുന്ന സീരീസില്‍ രണ്ട് മിനുട്ടോളം മെഹുല്‍ ചോക്സിയെ സംബന്ധിച്ച കഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നെറ്റ്ഫ്ളിക്സ് കോടതിയെ അറിയിച്ചിരുന്നത്. ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ചോക്‌സിയുടെ ആവശ്യം തള്ളുകയായിരുന്നു.
ചതി, വഞ്ചന, അഴിമതി എന്നിവയിലൂടെ ഇന്ത്യയില്‍ വളര്‍ന്നു വന്ന കുപ്രസിദ്ധ വ്യവസായികളുടെ കഥയാണ് ബാഡ് ബോയ് ബില്യണിറിലൂടെ നെറ്റ് ഫ്ളിക്സ് അവതരിപ്പിക്കുന്നത്. വിജയ്മല്യ, മെഹുല്‍ ചോക്സി, അദ്ദേഹത്തിന്റെ അനന്തരവന്‍ നീരവ് മോദി, സുബ്രതാ റോയ്, രാമലിംഗ രാജു തുടങ്ങി തട്ടിപ്പ് നടത്തിയ വ്യവസായികളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും ഡോക്യൂ സീരിസില്‍ പ്രതിപാദിക്കുന്നുണ്ട്.
ഈ വ്യവസായികള്‍ എങ്ങനെയാണ് ഇന്ത്യയില്‍ വളര്‍ന്ന് വന്നതെന്നും തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുടുങ്ങുന്നതും അവരുടെ വീഴ്ചയുമൊക്കെയാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,5000 കോടി രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ് മെഹുല്‍ ചോക്സിയും നീരവ് മോദിയും.
ആന്റിഗ്വയില്‍ നിന്നും മെഹുല്‍ചോക്സിയെ വിട്ടു കിട്ടാനുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്നുണ്ട്.
നീരവ് മോദി 6,498.20 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് സിബിഐ മെയ് മാസത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. 7,080.86 കോടി രൂപ കൂടി മെഹുല്‍ ചോക്‌സി തട്ടിയെടുത്തതായും അതില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Why netflix removes the trailer of Bad boy Billionaires