| Tuesday, 27th October 2020, 12:51 pm

മുക്കുത്തി അമ്മന്‍ നയന്‍താരയ്ക്ക് എങ്ങനെ നിര്‍ണായകമാവുന്നു ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായെത്തുന്ന തമിഴ് ചിത്രം മുക്കുത്തി അമ്മന്റെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍ 33 ലക്ഷം പേരാണ് യൂട്യൂബില്‍ മുക്കുത്തി അമ്മന്‍ ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്.

ബിഗില്‍, ദര്‍ബാര്‍, മലയാള ചിത്രം ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പുറത്തിറങ്ങുന്ന ചിത്രം നയന്‍താരയെ സംബന്ധിച്ചടത്തോളം പ്രധാനപ്പെട്ടതാണ്. കാരണം ദര്‍ബാര്‍ എന്ന രജനീകാന്ത് ചിത്രത്തിലും ബിഗില്‍ എന്ന വിജയ് ചിത്രത്തിലും താരതമ്യേന പ്രധാന്യമില്ലാത്ത റോളുകയായിരുന്നു നയന്‍താര അവതരിപ്പിച്ചത്. നയന്‍താര തന്നെ ചുമലിലേറ്റേണ്ട ഒരു ചിത്രമെന്ന തരത്തില്‍ മുക്കുത്തി അമ്മന്‍ നടിക്ക് നല്‍കുന്ന ഉത്തരവാദിത്തവും വലുതാണ്.

കഴിഞ്ഞ നയന്‍താര ചിത്രങ്ങളുടെ ബോക്‌സ് ഓഫീസിലെ പ്രകടനമെങ്ങനെ?

2019 പുറത്തിറങ്ങിയ ഐറ എന്ന ചിത്രമായിരുന്നു ഒടുവിലായി നയന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു വന്നത്. നടി ഇരട്ടവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ചിത്രം റേറ്റിംഗിലും പിന്നിലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും 13.65 കോടിയും വേള്‍ഡ് വൈഡ് റിലീസിലൂടെ 15.58 കോടി രൂപയും മാത്രമാണ് ചിത്രത്തിന് നേടാനായത്.

കൊലൈയുതിര്‍ കാലത്തിനു സംഭവിച്ചത്

റിലീസിനു മുമ്പ് വിവാദത്തിലായ കൊലൈയുതിര്‍ കാലം 2019 ആഗസ്റ്റ് രണ്ടിനാണ് റിലീസായത്. നയന്‍താര, ഭൂമിക ചൗള, പ്രതാപ് പോത്തന്‍, രോഹിണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള അവതരിപ്പിച്ച ചിത്രം തിയ്യേറ്ററില്‍ തീരെ ശ്രദ്ധിക്കെപ്പെടാതെ പോയി. ചിത്രത്തിന്റെ ഓഡിയോ റിലീസിന് നയന്‍താരയെക്കുറിച്ച് നടന്‍ രാധാരവി പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു. പ്രേതമായി അഭിനയിക്കുന്ന നയന്‍താര തന്നെ സീതയായും സ്‌ക്രീനിലെത്തുന്നു എന്നും മുമ്പായിരുന്നെങ്കില്‍ കെ. ആര്‍ വിജയയെ പോലെയുള്ള നടിമാരെ മാത്രമായിരുന്നു നിര്‍മാതാക്കള്‍ പരിഗണിക്കുകയുള്ളൂ എന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം. കൊലൈയുതിര്‍ കാലത്തിനു പുറമെ മിസ്റ്റര്‍ ലോക്കല്‍ എന്ന ശിവകാര്‍ത്തികേയനൊപ്പമുള്ള ചിത്രവും വന്‍പരാജയമായിരുന്നു.

ബോക്‌സ് ഓഫീസില്‍ തകര്‍ത്താടിയ കോകില

2018 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രം കൊലമാവു കോകില എന്ന സിനിമ ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. വെറും ഒമ്പത് ദിവസം കൊണ്ട് 30 കോടി രൂപയാണ് ചിത്രം നേടിയത്. തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സ്ത്രീ കേന്ദ്രീകൃത ചിത്രമെന്ന നേട്ടവും കൊലമാവു കോകില സ്വന്തമാക്കി. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 3.47 കോടി രൂപയാണ് ചിത്രം നേടിയത്. അന്ന് ഒപ്പം റിലീസ് ചെയ്ത കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം 2 വിനെ കടത്തിവെട്ടിയാണ് ചിത്രം വന്‍വിജയം നേടിയത്.

2017 ല്‍ പുറത്തിറങ്ങിയ അരം എന്ന ചിത്രവും ഭേദപ്പെട്ട പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ച വെച്ചത്. ഏഴ് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 13.7 കോടിയിലേറെ നേടി.

അനുരാഗ് കശ്യപിനൊപ്പമെത്തിയ ഇമ്മൈക്ക നൊഡിഗള്‍

2018 ല്‍ പുറത്തിറങ്ങിയ ഇമ്മൈക്ക നൊഡികള്‍ എന്ന സൈക്കോളജിക്കല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. അനുരാഗ് കശ്യപിനൊപ്പം എത്തിയ നയന്‍സ് ചിത്രത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്തു . റീലീസ് ചെയ്ത് പത്ത് ദിവസത്തുനള്ളില്‍ ചിത്രം 20 കോടി രൂപ നേടി.

തിയ്യറ്ററില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ഡോറ എന്ന ഹൊറര്‍ ചിത്രം ആദ്യ ദിനം 6 കോടിയിലേറെ നേടി എന്നാണ് ബിഹൈന്റ് വുഡ്‌സ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രം പിന്നീട് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് മുക്കുത്തി അമ്മന്‍ റിലീസ് ചെയ്യുന്നത്. ദീപാവലിക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആര്‍.ജെ ബാലാജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം ഒരു കേന്ദ്ര കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു ദേവിയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why Mookkuthi Amman important to Nayanthara

We use cookies to give you the best possible experience. Learn more