| Sunday, 18th December 2016, 4:16 pm

നോട്ടുകള്‍ നിരോധിച്ച മോദി എന്തുകൊണ്ട് രാജ്യത്തെ തോട്ടിപ്പണി അവസാനിപ്പിക്കുന്നില്ല: ബെസ്‌വാദ വില്‍സണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


1993 മുതല്‍ തോട്ടിപ്പണിക്കെതിരെ നിയമമുണ്ട്. പക്ഷെ 650 ജില്ലകളുള്ള ഇന്ത്യയില്‍ 23 വര്‍ഷത്തിനിടെ ഒരു കേസു പോലും തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് അധികാരികള്‍ എടുത്തിട്ടില്ലെന്നും ബെസ്‌വാദ വില്‍സണ്‍ പറഞ്ഞു


ബംഗളൂരു:  മണിക്കൂറുകള്‍ കൊണ്ട് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച അതേ ഉത്സാഹത്തില്‍ എന്തുകൊണ്ട് ഇന്ത്യയിലെ തോട്ടിപ്പണി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നില്ലെന്ന് സാമൂഹിക പ്രവര്‍ത്തകനായ ബെസ്‌വാദ വില്‍സണ്‍.

ജാതിവ്യവസ്ഥ നമ്മുടെ സമൂഹത്തില്‍ ഇന്റേണലൈസ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും തോട്ടിപ്പണി അവസാനിപ്പിക്കാനുള്ള ഒരു സാമൂഹിക സമ്മര്‍ദ്ദവും നമ്മുടെ രാജ്യത്തിനകത്ത് ഉയര്‍ന്നു വരുന്നില്ലെന്നും ബെസ്‌വാദ വില്‍സണ്‍ പറഞ്ഞു.

ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ “ഔട്ട് ഓഫ് ദ പിറ്റ്: ദ കഴ്‌സ് ഓഫ് മാന്വല്‍ സ്‌കാവഞ്ചിംഗ് ഇന്‍ ഇന്ത്യ”  എന്ന വിഷയത്തില്‍ സംസാാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സഫായ് കര്‍മാചാരി അന്തോളന്റെ നാഷണല്‍ കണ്‍വീനറും, സംഘടനയുടെ സ്ഥാപകരില്‍ ഒരാളുമാണ് ബെസ് വാദ വില്‍സണ്‍.

രാജ്യത്ത് 1.6 ലക്ഷം ദളിത് സ്ത്രീകള്‍ തോട്ടിപ്പണി ചെയ്യുന്നവരുണ്ട്. രാഷ്ട്രീയ ഇഛാശക്തി ഇല്ലാത്തത് കൊണ്ടാണ് റെയില്‍വേയിലടക്കം തോട്ടിപ്പണി അനുവദിക്കുന്നത്.

1993 മുതല്‍ തോട്ടിപ്പണിക്കെതിരെ നിയമമുണ്ട്. പക്ഷെ 650 ജില്ലകളുള്ള ഇന്ത്യയില്‍ 23 വര്‍ഷത്തിനിടെ ഒരു കേസു പോലും തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് അധികാരികള്‍ എടുത്തിട്ടില്ലെന്നും ബെസ്‌വാദ വില്‍സണ്‍ പറഞ്ഞു.

പരിഹരിക്കാനാകാത്ത പ്രശ്‌നമല്ല തോട്ടിപ്പണിയെന്നും ശരിയായ ഡ്രൈനേജ് സംവിധാനം ഉള്‍പ്പടെ സജ്ജീകരിച്ചാല്‍ അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ ഡ്രൈനേജ് സംവിധാനം പോലുമില്ലാതെയാണ് സ്മാര്‍ട്ട് സിറ്റികള്‍ക്ക് വേണ്ടിയുള്ള നമ്മുടെ പരക്കം പാച്ചിലുകളെന്നും ബെസ്‌വാദ വില്‍സണ്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more